അവനെ ഇന്ത്യ രോഹിത്തിന്റെ പിന്‍ഗാമിയാക്കി ക്യാപ്റ്റനാക്കരുത്, തുറന്നടിച്ച് സൂപ്പര്‍ താരം

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ ഹാര്‍ദ്ദിക് പാണ്ഡ്യയെ ഇന്ത്യന്‍ ക്യാപ്റ്റനാക്കരുതെന്ന് ഓസ്‌ട്രേലിയയുടെ ഇതിഹാസ താരം ആദം ഗില്‍ക്രിസ്റ്റ്. രോഹിത് ശര്‍മക്കുശേഷം ഹാര്‍ദ്ദിക്കിനെ ഇന്ത്യന്‍ ക്യാപ്റ്റനായി തെരഞ്ഞെടുക്കരുതെന്നാണ് ഗില്‍ക്രിസ്റ്റിന്റെ ആവശ്യം.

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നായകനെന്ന നിലയില്‍ ഹാര്‍ദ്ദിക്കിന്റെ പ്രകടനം മതിപ്പുളവാക്കുന്നതല്ലെന്നും ഗില്‍ക്രിസ്റ്റ് പറഞ്ഞു.

‘ഐപിഎല്ലില്‍ തന്ത്രപരമായി ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സി വളരെ മോശമാണ്. ബാറ്റിംഗ് ക്രമത്തില്‍ അദ്ദേഹം വരുത്തുന്ന മാറ്റങ്ങളും ബൗളിംഗ് മാറ്റങ്ങളും തന്ത്രപരമായി എടുക്കുന്ന തീരുമാനങ്ങളായാലുമൊന്നും വലിയ മതിപ്പുളവാക്കുന്നതല്ല. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക്കിന്റെ പ്രകടനം അത്രപോര’ ഗില്‍ക്രിസ്റ്റ് പറഞ്ഞു.

വിജയങ്ങളുടെ വലിയ റെക്കോര്‍ഡുള്ള മുംബൈ പോലൊരു ടീമിനെ നയിക്കുന്നത് അത്ര എളുപ്പമല്ലെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത മുന്‍ ന്യൂസിലന്‍ഡ് പേസര്‍ സൈമണ്‍ ഡൂള്‍ പറഞ്ഞു. എന്നാലും ഗുജറാത്തിനെ മികച്ച രീതിയില്‍ നയിച്ച ഹാര്‍ദ്ദിക്കിന് മുംബൈയെയും നല്ലരീതിയില്‍ നയിക്കാന്‍ കഴിയേണ്ടതായിരുന്നു. പക്ഷെ അദ്ദേഹത്തിന് അതിന് കഴിയുന്നില്ല എന്നത് ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദ്ദിക് ഇനിയും മെച്ചപ്പെടണമെന്നതിന്റെ തെളിവാണിതെന്നും സൈമണ്‍ ഡൂള്‍ പറഞ്ഞു.

അതെസമയം ടി20 ലോകകപ്പിന് ശേഷം രോഹിത് ടി20 ടീമിന്റെ ക്യാപ്റ്റന്‍സി ഒഴിഞ്ഞാലും മുംബൈ ക്യാപ്റ്റനെന്ന നിലയില്‍ മോശം പ്രകടനം കാഴ്ചവെച്ച ഹാര്‍ദ്ദിക്കിനെ പിന്‍ഗാമിയായി പരിഗണിക്കാന്‍ സാധ്യത കുറവാണെന്നാണ് സൂചന.

 

You Might Also Like