ധൈര്യമുണ്ടോ ചെന്നൈയ്ക്ക് എന്നെ ആ സ്ഥാനത്ത് കളിപ്പിക്കാന്‍, ആഗ്രഹം വെളിപ്പെടുത്തി ഉത്തപ്പ

ഐപിഎല്ലില്‍ ബാറ്റിംഗ് ഓപ്പണ്‍ ചെയ്യാനാണ് തനിക്ക് ആഗ്രഹമെന്ന് വെളിപ്പെടുത്തി രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ എത്തിയ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. ചില ടീമുകള്‍ മുന്‍പ് തന്നെ മറ്റ് ചില പൊസിഷനുകളില്‍ പരീക്ഷിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് തനിക്ക് നല്ല പ്രകടനം നടത്താന്‍ കഴിയാതെ പോയതെന്നും ഉത്തപ്പ പറയുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനു വേണ്ടി കളിക്കുന്ന ഉത്തപ്പ വിജയ് ഹസാരെ ട്രോഫിയില്‍ ഉജ്ജ്വല ഫോമിലായിരുന്നു. ഇതോടെയാണ് ഓപ്പണാകാനുളള തന്റെ ആഗ്രഹം ഉത്തപ്പ തുറന്ന് പറയുന്നത്.

”തീര്‍ച്ചയായും ഓപ്പണറായി കളിക്കാനാണ് എനിക്ക് ആഗ്രഹം. അവിടെയാണ് ഞാന്‍ സ്വാഭാവികമായി കളിക്കുന്നത്. ടീമിനു മികച്ച തുടക്കം നല്‍കി മത്സരങ്ങള്‍ വിജയിപ്പിക്കുക എന്നതാണ് എനിക്ക് ഏറ്റവും നന്നായി ചെയ്യാന്‍ കഴിയുന്ന കാര്യം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഞാന്‍ അത്ര മികച്ച പ്രകടനം നടത്താത്ത പൊസിഷനുകളില്‍ ചിലര്‍ എന്നെ പരീക്ഷിച്ചിട്ടുണ്ട്. അതുകൊണ്ടാവാം എന്റെ പ്രകടനം മോശമാവുന്നതായി നിങ്ങള്‍ കണ്ടത്. പക്ഷേ, ഓപ്പണ്‍ ചെയ്തപ്പോഴൊക്കെ ഞാന്‍ നന്നായി കളിച്ചിരുന്നു.”- ഉത്തപ്പ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഐപിഎല്‍ മത്സരങ്ങള്‍ ഏപ്രില്‍ 9നാണ് ആരംഭിക്കുക. മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം.

6 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ചെന്നൈയോടൊപ്പം, ബാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ പ്ലേ ഓഫ് മത്സരങ്ങളാണ് കളിക്കുക. മെയ് 30നാണ് ഫൈനല്‍.

You Might Also Like