ആർക്കും തോൽപ്പിക്കാനാവില്ല ആത്മവിശ്വാസത്തിന്റെ പ്രതിരൂപത്തെ, 2023ലെ ടോപ് സ്കോററായി റൊണാൾഡോ

ഖത്തർ ലോകകപ്പിൽ റൊണാൾഡോ നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയപ്പോൾ പോർച്ചുഗൽ ക്വാർട്ടർ ഫൈനലിൽ തന്നെ പുറത്തു പോയിരുന്നു. അതിനു മുൻപ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരമായിരുന്ന റൊണാൾഡോയെ അവിടെ നിന്നുള്ള നിരാശപ്പെടുത്തുന്ന അനുഭവങ്ങൾ ബാധിച്ചുവെന്നതിൽ സംശയമില്ല. അതാണ് താരത്തിന്റെ പ്രകടനത്തെ ബാധിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡിലും ലോകകപ്പിലും മോശം പ്രകടനം നടത്തിയതോടെ റൊണാൾഡോയുടെ കാലം കഴിഞ്ഞുവെന്ന് പലരും വിലയിരുത്തി.

എന്നാൽ ലോകകപ്പിന് പിന്നാലെ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറിയത് റൊണാൾഡോയെ ഫോം വീണ്ടെടുക്കാൻ സഹായിച്ചു. കഴിഞ്ഞ സീസണിന്റെ രണ്ടാം പകുതി അൽ നസ്റിൽ ചിലവഴിച്ച താരം മികച്ച പ്രകടനമാണ് ടീമിനായി നടത്തിയത്. ഈ സീസണിലും മികച്ച പ്രകടനം നടത്തുന്ന താരം ഒരു കിരീടം നേടിയാണ് സീസൺ ആരംഭിച്ചതു തന്നെ. അൽ നസ്റിന് വേണ്ടി മാത്രമല്ല, പോർച്ചുഗൽ ദേശീയ ടീമിന് വേണ്ടിയും റൊണാൾഡോ മിന്നുന്ന ഫോമിലാണ്.

ഇന്നലെ ബോസ്‌നിയക്കെതിരെ നടന്ന മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയതോടെ ഈ വർഷത്തിൽ ഏറ്റവുമധികം ഗോളുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. ഈ വർഷം 43 മത്സരങ്ങളിൽ നിന്നും 40 ഗോളുകളാണ് റൊണാൾഡോ നേടിയിരിക്കുന്നത്. 39 ഗോളുകൾ നേടിയ എർലിങ് ഹാലാൻഡ് രണ്ടാം സ്ഥാനത്തു നിൽക്കുമ്പോൾ എംബാപ്പയുടെ സമ്പാദ്യം 35 ഗോളുകളാണ്.

നിലവിൽ യൂറോപ്യൻ ലീഗിലെ ഏറ്റവും മികച്ച രണ്ടു സ്‌ട്രൈക്കർമാരെ റൊണാൾഡോ തനിക്ക് പിന്നിലാക്കിയത് അവിശ്വസനീയമായ നേട്ടം തന്നെയാണ്. മുപ്പത്തിയെട്ടാം വയസിലാണ് ഇതുപോലെയൊരു മാസ് പ്രകടനം താരം നടത്തുന്നതെന്നാണ് അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം. യൂറോ കപ്പ് യോഗ്യത റൗണ്ടിലും ടോപ് സ്കോറര്മാരില് ഒരാളാണ് റൊണാൾഡോ. ഒന്നാം സ്ഥാനത്തുള്ള റൊണാൾഡോക്കും ലുക്കാക്കുവിനും ഒൻപത് ഗോളുകളാണുള്ളത്.

You Might Also Like