കോപ്പ അമേരിക്കയിൽ ബ്രസീലിനു മരണഗ്രൂപ്പ്, അർജന്റീനക്ക് പകരം വീട്ടാൻ അവസരം

കോപ്പ അമേരിക്ക 2024ലെ ഗ്രൂപ്പ് മത്സരങ്ങളുടെ നറുക്കെടുപ്പ് ഇന്ന് പുലർച്ചെ പൂർത്തിയായപ്പോൾ ബ്രസീൽ മരണഗ്രൂപ്പിലാണ് ഉൾപ്പെട്ടിരിക്കുന്നത്. അതേസമയം നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്ക് രണ്ടു തവണ അവരെ ഫൈനലിൽ കീഴടക്കിയ ചിലിയുടെ വെല്ലുവിളി അതിജീവിക്കേണ്ടി വരും. ജൂൺ ഇരുപതിന്‌ ആരംഭിക്കുന്ന ടൂർണമെന്റിന്റെ ആദ്യത്തെ മത്സരത്തിൽ അർജന്റീനയാണ് ഇറങ്ങുക.

ഗ്രൂപ്പ് എയിൽ അർജന്റീനയുടെ എതിരാളികൾ ഒന്ന് ചിലിയാണ്. നിലവിൽ ചിലി അത്ര മികച്ച ഫോമിലല്ല കളിക്കുന്നത്. ഇവർക്ക് പുറമെ ലോകകപ്പ് യോഗ്യത റൗണ്ടിൽ അവസാന സ്ഥാനങ്ങളിൽ കിടക്കുന്ന പെറുവും ചേരുന്നു. കാനഡ അല്ലെങ്കിൽ ട്രിനിഡാഡ് ആൻഡ് ടൊബാഗോ എന്നീ ടീമുകളിലൊന്ന് ഈ ഗ്രൂപ്പിൽ ചേരും. ഇതിൽ കാനഡ നിരവധി മികച്ച താരങ്ങളടങ്ങിയ ടീമാണ്.

ഗ്രൂപ്പ് ബിയിൽ നിന്നും ആര് വേണമെങ്കിലും മുന്നേറാനുള്ള സാധ്യതയുണ്ട്. കോൺകാഫിലെ കരുത്തരായ ടീമായ മെക്‌സിക്കോക്ക് പുറമെ സൗത്ത് അമേരിക്കയിൽ മികച്ച പ്രകടനം നടത്തുന്ന ഇക്വഡോർ, വെനസ്വല എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിലുണ്ട്. ഇവർക്കൊപ്പം നിരവധി പ്രീമിയർ ലീഗ് താരങ്ങൾ കളിക്കുന്ന ജമൈക്കയും ചേരുന്നത് ഗ്രൂപ്പ് ബിയേയും ഒരു മരണഗ്രൂപ്പാക്കി മാറ്റുന്നു.

ആതിഥേയരായ അമേരിക്കയാണ് ഗ്രൂപ്പ് സിയിലെ ഒരു പ്രധാനികൾ. അവർക്കൊപ്പം കഴിഞ്ഞ രണ്ടു മാസത്തിനിടെ ബ്രസീലിനെയും അർജന്റീനയെയും തോൽപ്പിച്ച് കരുത്ത് കാട്ടിയ യുറുഗ്വായും ചേരുന്നുണ്ട്. ഇവർക്ക് പുറമെ പനാമ, ബൊളീവിയ എന്നീ ടീമുകൾ കൂടി ഗ്രൂപ്പിലുണ്ട്. ഈ ഗ്രൂപ്പിൽ നിന്നും അമേരിക്കയും യുറുഗ്വായും തന്നെയാണ് മുന്നേറാൻ സാധ്യത.

മരണഗ്രൂപ്പായി കരുതപ്പെടുന്ന ഗ്രൂപ്പ് ഡിയിൽ ബ്രസീലിനൊപ്പം കൊളംബിയയുണ്ട്. കഴിഞ്ഞ ലോകകപ്പ് യോഗ്യത റൗണ്ടിൽ ബ്രസീലിനെ കീഴടക്കിയ ടീമാണ് കൊളംബിയ. ഇവർക്കൊപ്പം പ്രീമിയർ ലീഗിലെ മികച്ച താരങ്ങൾ കളിക്കുന്ന പാരഗ്വായ് കൂടി ചേരുന്നതോടെയാണ് ഗ്രൂപ്പ് ഡി മരണഗ്രൂപ്പായി അറിയപ്പെടുന്നത്. ഇവർക്കൊപ്പം ഹോണ്ടുറാസ് അല്ലെങ്കിൽ കോസ്റ്റാറിക്ക കൂടി ചേരുന്നതോടെ ഗ്രൂപ്പ് പൂർണമാകും.

You Might Also Like