വേണ്ടത് പിഎസ്‌ജി വിടാൻ തയ്യാറാണെന്ന വാക്കു മാത്രം, നെയ്‌മറെ റാഞ്ചാൻ തയ്യാറെടുത്ത് പ്രീമിയർ ലീഗ് ക്ലബ്

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ ക്ലബ് വിടാൻ സാധ്യതയുള്ള പ്രധാന താരങ്ങളിൽ ഒരാളാണ് നെയ്‌മർ. 2017 മുതൽ പിഎസ്‌ജി താരാമാണെങ്കിലും ക്ലബുമായി അത്ര സുഖത്തിലല്ലായിരുന്നു നെയ്‌മർ. കഴിഞ്ഞ സീസണിൽ ആരാധകർ വീടിനു മുന്നിൽ പ്രകടനം നടത്തിയതോടെ പിഎസ്‌ജി വിടാനുള്ള പദ്ധതിയിലാണ് നെയ്‌മർ. ബ്രസീലിയൻ താരത്തെ ഒഴിവാക്കാൻ തന്നെയാണ് പിഎസ്‌ജിക്കും താൽപര്യം.

എന്നാൽ പിഎസ്‌ജി പരിശീലകനായി മുൻ ബാഴ്‌സലോണ മാനേജർ ലൂയിസ് എൻറിക് എത്തിയതും എംബാപ്പെ കരാർ പുതുക്കാതെ ഈ സമ്മറിൽ തന്നെ ക്ലബ് വിടാൻ സാധ്യതയുള്ളതും നെയ്‌മറുടെ പിഎസ്‌ജിയിലെ നാളുകൾ നീട്ടാൻ സഹായിച്ചേക്കും. എന്നാൽ ഇക്കാര്യത്തിൽ ബ്രസീലിയൻ താരമോ ക്ലബോ തീരുമാനമൊന്നും എടുത്തിട്ടില്ല. ട്രെയിനിങ് ആരംഭിച്ചതിനു ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുക.

അതിനിടയിൽ നെയ്‌മറെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി സജീവമാക്കിയിട്ടുണ്ട്. താരം പിഎസ്‌ജി വിടുകയാണെങ്കിൽ ഉടനെ തന്നെ ചെൽസിയിലേക്ക് എത്തിക്കാനല്ല നീക്കങ്ങൾ നടത്താമെന്നാണ് അവർ കരുതുന്നത്. പിഎസ്‌ജിയിൽ തുടരണോ വേണ്ടയോ എന്ന കാര്യത്തിൽ നെയ്‌മർ തീരുമാനമെടുത്താൽ താരത്തിനായുള്ള നീക്കങ്ങളും ചെൽസി ആരംഭിക്കും.

ചെൽസിയുടെ പുതിയ പരിശീലകനായ മൗറീസിയോ പോച്ചട്ടിനോ പിഎസ്‌ജിയിൽ നെയ്‌മറെ പരിശീലിപ്പിച്ചിട്ടുണ്ട്. ആ പരിചയത്തിന്റെ പുറത്ത് താരത്തെ ടീമിലെത്തിക്കാമെന്നാണ് അവർ കണക്കു കൂട്ടുന്നത്. എന്നാൽ വരുന്ന സീസണിൽ ചെൽസിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യതയില്ലെന്നത് ട്രാൻസ്‌ഫർ നീക്കങ്ങളിൽ തിരിച്ചടിയായി മാറാനുള്ള സാധ്യതയുണ്ട്.

You Might Also Like