റയൽ മാഡ്രിഡിന്റെ അതിഗംഭീര തിരിച്ചു വരവ്, പ്രശംസയുമായി കാർലോ ആൻസലോട്ടി

തിരിച്ചുവരവിന്റെ കാര്യത്തിൽ തങ്ങൾ രാജാക്കന്മാരാണെന്ന് റയൽ മാഡ്രിഡ് ഒരിക്കൽക്കൂടി തെളിയിച്ച മത്സരമായിരുന്നു കഴിഞ്ഞ ദിവസം കോപ്പ ഡെൽ റേയിൽ നടന്നത്. ആദ്യപകുതിയിൽ രണ്ടു ഗോളിന് പിന്നിലായിരുന്നു റയൽ മാഡ്രിഡ് രണ്ടാം പകുതിയിൽ മൂന്നു ഗോളുകൾ തിരിച്ചടിച്ചാണ് ക്വാർട്ടർ ഫൈനലിൽ ഇടം നേടിയത്. വിയ്യാറയലിനെതിരെ നടന്ന മത്സരത്തിൽ ഒരു ഗോളും അസിസ്റ്റും സ്വന്തമാക്കിയ പകരക്കാരൻ താരം ഡാനി സെബയോസാണ് റയൽ മാഡ്രിഡിന്റെ തിരിച്ചു വരവിൽ പ്രധാനിയായത്.

മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ഏറ്റിയെന്നെ കാപ്പൂവിലൂടെ വിയ്യാറയൽ മുന്നിലെത്തി. ആദ്യപകുതി അവസാനിക്കുന്നതിനു തൊട്ടു മുൻപ് സാമുവൽ ചുക്വൂസെ ഒരു ഗോൾ കൂടി നേടിയതോടെ റയൽ മാഡ്രിഡ് തോൽവി നേരിടുമെന്ന് ഏവരും ഉറപ്പിച്ചു. എന്നാൽ രണ്ടാം പകുതിയാരംഭിച്ച് പത്ത് മിനുട്ട് കഴിഞ്ഞപ്പോൾ പകരക്കാരനായി ഇറങ്ങിയ സെബയോസ് അടുത്ത മിനുട്ടിൽ തന്നെ ആദ്യ ഗോളിന് വഴിയൊരുക്കി. അതിനു ശേഷം എഡർ മിലിറ്റാവോ റയലിനെ ഒപ്പമെത്തിച്ചു. എൺപത്തിയാറാം മിനുട്ടിൽ സെബയോസ് വീണ്ടും വല കുലുക്കിയതോടെ വിജയം റയൽ മാഡ്രിഡിന് സ്വന്തമായി.

“ഞങ്ങൾ അവസാന സമയങ്ങളിൽ മികച്ചതായിരുന്നു എന്നത് ശരി തന്നെയാണ്, എന്നാൽ ആദ്യപകുതിയിൽ ടീം എങ്ങിനെയായിരിന്നു എന്ന കാര്യം മറക്കരുത്, നിരവധി കാര്യങ്ങൾ ശരിയാക്കാനുണ്ട്. ഞങ്ങൾ തിരിച്ചു വന്നുവെന്നത് സത്യം തന്നെയാണ്. ആദ്യപകുതിക്ക് ശേഷം ടീം തങ്ങളുടെ സ്വഭാവം കൃത്യമായി കാണിച്ചു. ആദ്യപകുതി മറക്കാനുള്ളതായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല, പക്ഷെ അതിനെ ഞങ്ങൾ മറികടന്നു.” മത്സരത്തിന് ശേഷം ആൻസലോട്ടി പറഞ്ഞു.

റയൽ മാഡ്രിഡിനെ സംബന്ധിച്ച് ഈ വിജയം വലിയ ആത്മവിശ്വാസം നൽകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സ്‌പാനിഷ്‌ സൂപ്പർകപ്പിന്റെ ഫൈനലിൽ ബാഴ്‌സലോണയോട് ദയനീയമായി തോൽവി വഴങ്ങിയതിനു പിന്നാലെയാണ് ഇതുപോലെയൊരു വിജയം ടീമിന് ലഭിച്ചത്. ലീഗിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ടീമിന് കൂടുതൽ മികച്ച പ്രകടനം നടത്തി ബാഴ്‌സയെ മറികടക്കാൻ ഇത് സഹായിക്കും. അത്‌ലറ്റിക് ക്ലബ്, റയൽ സോസിഡാഡ്, വലൻസിയ എന്നീ ടീമുകളുമായാണ് റയൽ മാഡ്രിഡിന്റെ അടുത്ത മത്സരങ്ങൾ.

You Might Also Like