ദയനീയം, പരിതാപകരം, ഗാബയിലെത്തിയ ടീം ഇന്ത്യ നേരിടുന്നത് കടുത്ത വിവേചനം

സിഡ്‌നിയില്‍ വീരോചിതം പൊരുതി സമനില പിടിച്ച ഇന്ത്യ നാലാം ടെസ്റ്റിനായി ബ്രിസ്‌ബെയിനിലെത്തിയപ്പോള്‍ നേരിടുന്നത് കടുത്ത വിവേചനം. നാലാം ടെസ്റ്റ് നടക്കുന്ന ഗാബയ്ക്ക് നാല് കിലോമീറ്റര്‍ അകലെ മാത്രമാണ് ടീം ഇന്ത്യയ്ക്ക് താമസസ്ഥലം ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ ടീം ഇന്ത്യ താമസിക്കുന്ന ഹോട്ടലില്‍ അസൗകര്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടുകയാണ് താരങ്ങള്‍. മികച്ച ഹോട്ടല്‍ ആണെങ്കില്‍ കോവിഡ് കാരണം ഏര്‍പ്പെടുത്തിയിരിക്കുന്ന കടുത്ത നിയന്ത്രണങ്ങളാണ് ഇന്ത്യന്‍ ടീമിനെ വലക്കുന്നത്.

ഹോട്ടലിനുളളില്‍ സ്വന്തം മുറിയില്‍ മാത്രമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് പ്രവേശനമുളളു. മാത്രമല്ല സ്വയം ബെഡ് ഒരുക്കണം. ടൊയ്ലറ്റ് സ്വയം ശുചിയാക്കണം തുടങ്ങിയ പണികളും താരങ്ങളെ കാത്തിരിക്കുന്നുണ്ട്.

തൊട്ടടുത്ത ഇന്ത്യന്‍ റെസ്റ്റോറന്റില്‍ നിന്നാണ് ഇന്ത്യന്‍ താരങ്ങള്‍ക്കുളള ഭക്ഷണം. ഈ ഭക്ഷണം കളിക്കാരുടെ ഫ്ളോറില്‍ എത്തിക്കും. ഭക്ഷണ സമയത്ത് ആ ഫ്ളോറില്‍ വന്ന് ഭക്ഷണം കഴിക്കാം മറ്റെങ്ങും പോകാന്‍ പാടില്ല. ഹോട്ടലില്‍ വേറെ അതിഥികള്‍ ഇല്ല. എന്നാല്‍ സ്വിമ്മിങ് പൂള്‍, ജിം ഉള്‍പ്പെടെ ഹോട്ടലിലെ ഒരു സൗകര്യവും കളിക്കാര്‍ക്ക് ഉപയോഗിക്കാനാവില്ല.

ഹോട്ടലിലെ എല്ലാ റെസ്റ്റോറന്റുകളും, കഫേയും അടച്ചിട്ടിരിക്കുകയാണെന്നും ഇന്ത്യന്‍ താരങ്ങള്‍ പരാതിപ്പെടുന്നു.

നിലവില്‍ പരിക്കില്‍ വലയുകയാണ് ഇന്ത്യന്‍ ടീം. സ്വിമ്മിങ് പൂള്‍, ജിം എന്നിവയാണ് ഫിറ്റ്നസ് വീണ്ടെടുക്കുന്നതിന് അത്യാവശ്യം വേണ്ടത്. ഹോട്ടലില്‍ മറ്റ് താമസക്കാര്‍ ആരുമില്ല. പിന്നെ എന്തുകൊണ്ട് ഇന്ത്യന്‍ ടീമിന് ഈ സൗകര്യങ്ങള്‍ സ്വീകരിച്ചുകൂടാ എന്നും താരങ്ങള്‍ ചോദിക്കുന്നു.

മാത്രമല്ല കോവിഡ് പരിശോധനയിലും താരങ്ങള്‍ വലയുകയാണ്. നവംബറില്‍ ഇവിടെ എത്തി കഴിഞ്ഞ് 15-20 തവണയെങ്കിലും ഇന്ത്യന്‍ താരങ്ങളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. ഇതോടെ മൂക്ക് ഒരു പരിവമായിരിക്കുകയാണെന്ന് താരങ്ങള്‍ പറയുന്നു.

You Might Also Like