ചിക്കന്‍ ജോര്‍ജ്, അവിശ്വസനീയ ഹാട്രിക്കെടുത്ത് അമ്പരപ്പിച്ച സിംബാബ് വെ താരം

ധനേഷ് ദാമോധരന്‍
ഏകദിന ക്രിക്കറ്റിലെ ഹാട്രിക്കുകളുടെ കണക്കെടുത്താല്‍ അത് അപുര്‍വങ്ങളായി മാത്രം സംഭവിക്കുന്ന കാഴ്ചകളാണെന്ന് മനസ്സിലാകും. ക്രിക്കറ്റ് വിദഗ്ധര്‍ പറയുന്നത് ഒരു മത്സരത്തില്‍ ഹാട്രിക്ക് സംഭവിക്കാനുള്ള സാധ്യത 0.1 % മാത്രമാണെന്നാണ്. അതില്‍ തന്നെ 95% സാധ്യതയും പരാമര്‍ശിക്കുന്നത് വാലറ്റക്കാരെ പുറത്താക്കി നേടുന്ന ഹാട്രിക്കുകളെയാണ് .
ചരിത്രം പരിശോധിച്ചാല്‍ ആകെ സംഭവിച്ചതില്‍ വെറും 6 എണ്ണത്തില്‍ മാത്രമാണ് ആദ്യ 3 പേര്‍ പുറത്തായ ഹാട്രിക്കുകള്‍ കാണാന്‍ പറ്റുന്നത് .
1997 ല്‍ ഹരാരെയില്‍ നടന്ന ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിന്റെ ആദ്യ 3 ബാറ്റ്‌സ്മാന്‍മാര്‍ നിക്ക് നൈറ്റ് , ജോണ്‍ ക്രോളി ,നാസര്‍ ഹുസൈന്‍ എന്നിവരെ പുറത്താക്കി ആദ്യമായി ഈ നേട്ടം കൈവരിച്ചത് അക്കാലഘട്ടത്തില്‍ അവസാനമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലേക്ക് കാലെടുത്തു വച്ച ഒരു സിംബാബ്‌വെ ബൗളര്‍ ആണെന്നതായിരുന്നു എറ്റവും രസകരം. ഒരു സിംബാബ് വെക്കാരന്റെ ആദ്യ ഹാട്രിക് എന്ന നേട്ടവും ആ തകര്‍പ്പന്‍ പ്രകടനത്തിനുണ്ട് .
ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ ഏഴ് വിക്കറ്റിന് 249 റണ്‍ നേടിയപ്പോള്‍ അത് ഇംഗ്ലണ്ടിന് വലിയ ഭീഷണിയൊന്നും സൃഷ്ടിക്കില്ലെന്ന് കരുതിയെങ്കിലും സിംബാബ് വെക്ക് വേണ്ടി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും ആദ്യ ഹാട്രിക് നേടിയ എഡോ ബ്രാന്‍ഡസ് എന്ന ബൗളര്‍ എറിയാനെത്തിയതോടെ കളിയുടെ ഗതി മാറി .ഓപ്പണര്‍ നിക്ക് നൈറ്റിനെ വിക്കറ്റ് കീപ്പര്‍ ആന്‍ഡി ഫ്‌ളവറിന്റെ കൈകളിലെത്തിച്ച ബ്രാന്‍ഡസ് തൊട്ടടുത്ത പന്തില്‍ ജോണ്‍ ക്രോളിയെ LBWല്‍ കുരുക്കി. പിന്നാലെ നാസര്‍ ഹുസൈനെ വീണ്ടും ആന്‍ഡി ഫ്‌ളവറ്റന്റെ കൈകളിലെത്തിച്ചതോടെ ബ്രാന്‍ഡസ് സൃഷ്ടിച്ചത് ചരിത്രം. അതോടെ ഇംഗ്ലണ്ട് 3/13 എന്ന നിലയില്‍ തകര്‍ന്നു .
പിന്നാലെ സ്റ്റുവര്‍ട്ട് , ആര്‍തര്‍ടണ്‍ എന്നിവരെ കൂടി പുറത്താക്കിയ ബ്രാന്‍ഡസ് ഇംഗ്ലണ്ടിനെ 5/54 എന്ന നിലയില്ലാക്കയത്തിലെത്തിച്ചു . ആദ്യ 5 വിക്കറ്റുകളും നേടി ബ്രാന്‍ഡസ് ബൗളിങ്ങ് അവസാനിപ്പിച്ചത് 10-0-28-5 എന്ന നിലയിലായിരുന്നു. ഇംഗ്ലണ്ട് വെറും 118 റണ്‍സിന് തകര്‍ന്ന മത്സരത്തില്‍ സിംബാബ് വേ 131 റണ്‍സിന് ജയിച്ചപ്പോള്‍ കളിയിലെ കേമന്‍ മറ്റാരുമായിരുന്നില്ല. പിന്നീട് ഇത് പോലെ ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കി ഒരു പ്രകടനം നടത്തിയത് 2003 ല്‍ ചമിന്ദ വാസ് ആയിരുന്നു .
സിംബാബ് വെയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രാന്‍ഡസ് സിംബാബ് വെ എന്ന കുഞ്ഞന്‍ ടീമിന്റെ ആദ്യ കാലങ്ങളില്‍ ബൗളിങ് ഒറ്റക്ക് ചുമലിലേറ്റിയ കരുത്തനായിരുന്നു .
‘ഞങ്ങള്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുന്ന സമയത്ത് പ്രൊഫഷണല്‍ ക്രിക്കറ്റര്‍മാര്‍ അല്ലാത്തത് കൊണ്ട് തന്നെ മറ്റൊരു ജോലിയില്ലാതെ ജീവിതം മുന്നോട്ട് പോകാന്‍ പ്രയാസമായിരുന്നു. ഭാഗ്യത്തിന് എന്റെ കുടുംബത്തിന് ചിക്കന്‍ ഫാംബിസിനസ് നന്നായി അറിയാമായിരുന്നു. 35ജോലിക്കാര്‍ എന്നോടൊപ്പമുണ്ടായിരുന്നു .വളരെ വിഷമം പിടിച്ച തൊഴിലായിരുന്നു അത്. രാവിലെ മുതല്‍ വൈകുന്നേരം വരെ കഠിനമായി അധ്വാനിക്കണം, ഒരു ടെസ്റ്റ് സീരീസിനേക്കാള്‍ വിഷമകരം. ക്രിക്കറ്റ് കളിക്കുന്ന സമയത്ത് ചിക്കന്‍ ഫാം കൂടി നടത്തുന്നതു കൊണ്ട് എന്നെ സിംബാബ്വെ സുഹൃത്തുക്കള്‍ വിളിച്ചത് ‘ചിക്കന്‍ജോര്‍ജ് ‘ എന്നായിരുന്നു. തക്കാളി കൃഷിയും അതേ പോലെ തന്നെ. വിരമിച്ച ശേഷം ആസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍, സിഡ്‌നി, മെല്‍ബണ്‍ മാര്‍ക്കറ്റുകളില്‍ 40-50 ടണ്‍ തക്കാളി ആഴ്ചയില്‍ വിതരണം ചെയ്തു വരുന്നുണ്ട്. ഏതായാലും കുറെയേറെ ഇന്റര്‍നാഷണല്‍ മത്സരങ്ങളില്‍ പങ്കെടുക്കാനും അതോടൊപ്പം വിജയകരമായ ബിസിനസ് നടത്താനും നല്ലൊരു കുടുംബ ജീവിതം നയിക്കാനും പറ്റിയതിലും ഞാന്‍ സന്തുഷ്ടനാണ്’
ഈ പറയുന്ന ആള്‍ ചില്ലറക്കാരനല്ല. സ്ലെഡ്ജിങ്ങിന്റെ ആശാനായ മക്ഗ്രാത്ത് ഇദ്ദേഹത്തിനെതിരെ പന്തെറിഞ്ഞ് പുറത്താക്കാന്‍ പറ്റാതായപ്പോള്‍ സഹി കെട്ട് ‘താന്‍ എങ്ങനെയാടോ ഇത്രയും തടി വെച്ചത് ‘ എന്നു ചോദിച്ചപ്പോ ‘ നിന്റെ ഭാര്യയ്ക്ക് എന്നോടുള്ള സ്‌നേഹം കൂടുമ്പോള്‍ തരുന്ന ചോക്കളേറ്റ് ബിസ്‌ക്കറ്റുകള്‍ കഴിച്ചിട്ടാ ‘ എന്നായിരുന്നു ഈ ആജാനുബാഹുവിന്റെ മറുപടി .(ശരിക്കും പറഞ്ഞത് ഇതിനേക്കാള്‍ മോശമായിട്ടായിരുന്നു??)
1992 വരെ സിംബാബ് വെക്കു വേണ്ടി പ്രൊഫഷണല്‍ ക്രിക്കറ്റ് കളിച്ചിരുന്നത് ഡേവിഡ് ഹൂട്ടണ്‍ മാത്രമായിരുന്നു. തുടര്‍ന്ന് ഫ്‌ലവര്‍ സഹോദരന്‍മാരും അലിസ്റ്റര്‍ കാംപ്‌ബെല്ലും വന്നെങ്കിലും 1987 മുതല്‍ 1999 വരെയുള്ള 4 ലോകകപ്പുകളില്‍ തന്റെ സാന്നിധ്യമറിയിച്ചതോടൊപ്പം തന്നെ സിംബാബ്വെ ക്രിക്കറ്റിന്റെ ചരിത്രത്തിനൊപ്പവും വീഴ്ചയിലും ഉയര്‍ച്ചയിലും ഭാഗഭാക്കായ എഡോബ്രാന്‍ഡസ് തന്റെ പാര്‍ട് ടൈം ക്രിക്കറ്റ് കരിയറില്‍ കുറെക്കൂടി ഫിറ്റ്‌നസ് പ്രാമുഖ്യം നല്‍കിയിരുന്നെങ്കില്‍ 10 ടെസ്റ്റിലും 59 ഏകദിനത്തിലും ഒതുങ്ങാതെ സിംബാബ് വെയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായി മാറേണ്ടതായിരുന്നു .
1983 ല്‍ തങ്ങളുടെ അരങ്ങേറ്റ ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ അട്ടിമറി ജയം നേടിയതിനു ശേഷം തുടര്‍ച്ചയായി 18 മത്സരങ്ങളില്‍ ഒരു ജയം പോലുമില്ലാതിരുന്ന സിംബാബെ വെ പിന്നീട് ലോകകപ്പില്‍ ഒരു പോയിന്റ് നേടിയത് 1992 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു. ആ മത്സരത്തില്‍ സ്വപ്ന വിജയം നേടിയ സിംബാബ് വെയ്ക്കു വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച് കളിയിലെ കേമനായത് സിംബാബ് വെയുടെ ചരിത്രത്തിലെ അറിയപ്പെട്ട ആദ്യ ഫാസ്റ്റ് ബൗളര്‍ എന്ന വിശേഷിപ്പിക്കപെടുന്ന ബ്രാന്‍ഡസ് ആയിരുന്നു.
പേസ് അനുകൂല പിച്ചില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ് വെ പുറത്തായത് വെറും 134 റണ്‍സിനായിരുന്നു.സിംബാബ് വെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ പ്രശസ്ത കമന്ററ്റര്‍ #ജെഫ്‌ബെയ്‌ക്കോട്ട് പരിഹസിച്ച് പറഞ്ഞത് ‘ അമേച്വര്‍ കളിക്കാരുടെ പ്രശ്‌നം ഇതാണ്. സിംഗിളും ഡബിളുകളുമെടുത്ത് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കാനുള്ള ക്രിക്കറ്റ് ബുദ്ധി അവര്‍ക്കില്ല. എങ്ങനെയാണ് പ്രൊഫഷണലുകള്‍ കളി ജയിപ്പിക്കുന്നത് എന്ന് ലഞ്ചിനു ശേഷം ഇംഗ്ലണ്ട് കാണിച്ച് തരും ‘എന്നാണ് .എന്നാല്‍ കളി കഴിഞ്ഞപ്പോള്‍ ബെയ്‌ക്കോട്ടിന് തന്റെ വായ മൂടിക്കെട്ടേണ്ടി വന്നു .
ആദ്യ പന്തില്‍ തന്നെ ബ്രാന്‍ഡസ് ക്യാപ്റ്റന്‍ ഗൂച്ചിനെ LBWല്‍ കുരുക്കി പൂജ്യത്തിന് പറഞ്ഞയച്ച് ആദ്യ വെടി പൊട്ടിച്ചു. പിന്നീട് കണ്ടത് ഒരു ഘോഷയാത്ര ആയിരുന്നു. വൈകാതെ അലന്‍ ലാംബ്, റോബിന്‍ സ്മിത്ത് എന്നിവരെയും സ്‌കൂളില്‍ തന്റെ സഹപാഠിയായ ഗ്രേയിംഹിക്ക് എന്നീ വമ്പന്‍മാരെ പറഞ്ഞയച്ച ബ്രാന്‍ഡസിന്റെ മികവില്‍ ഇംഗ്ലണ്ട് പുറത്തായത് 125 റണ്‍സിന്. സിംബാബ്വെ 9 റണ്‍സിന് ജയിച്ച കളിയില്‍ 10 ഓവറില്‍ 4 മെയ്ഡന്‍ അടക്കം 21 റണ്‍സ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ബ്രാന്‍ഡസ് തന്നെയായിരുന്നു കളിയിലെ ‘Man of the Match ‘.
5 വര്‍ഷത്തിന് ശേഷം സിംബാബ് വെ തങ്ങളുടെ നാട്ടില്‍ 1997 ല്‍ ഇംഗ്ലണ്ടിനെ വീണ്ടും പരാജയപ്പെടുത്തിയ മത്സരത്തിലാണ് മേല്‍ പരാമര്‍ശിച്ച ഹാട്രിക് പ്രകടനം നടന്നത് . ഹാട്രിക് അടക്കം 5 വിക്കറ്റ് നേടിയ 33 കാരനായ ബ്രാന്‍ഡസ് ആ വിജയത്തിലും നിര്‍ണായക സാന്നിധ്യമാകുക മാത്രമല്ല ഏകദിന ക്രിക്കറ്റില്‍ ഹാട്രിക് നേടിയ ഏറ്റവും പ്രായം കൂടിയ ബൗളറുമായി. 1997 തന്നെ സൗത്ത് ആഫ്രിക്കയില്‍ നടന്ന സ്റ്റാന്റേര്‍ഡ് ബാങ്ക് ക്രിക്കറ്റ് സീരീസില്‍ ടെണ്ടുല്‍ക്കര്‍ നയിച്ച ശക്തരായ ഇന്ത്യയെ ടൈയില്‍ തളച്ച മത്സരത്തില്‍ 41 റണ്‍സ് വഴങ്ങി 5 വിക്കറ്റെടുത്ത് ബ്രാന്‍ഡസ് ടീമിന് വിജയം ഉറപ്പിച്ചതായിരുന്നെങ്കിലും അവസാന ഘട്ടത്തില്‍ 31 പന്തില്‍ 48 അടിച്ച റോബിന്‍സിങ്ങിന്റെ അവിശ്വസനീയ പ്രകടനം കളി ടൈയിലെത്തിച്ചു .അന്ന് റോബിനൊപ്പം ബ്രാന്‍ഡസ് Man of the match പങ്കിടുകയുണ്ടായി .
നാഷണല്‍ ലെവലില്‍ ജാവലിന്‍ ത്രോ റെക്കോര്‍ഡിനുടമയായ ബ്രാന്‍ഡസ് നല്ലൊരു ഓപ്പണിങ് ബൗളര്‍ എന്നതിനു പുറമെ ബിഗ് ഹിറ്റര്‍ കൂടിയായായ നല്ലൊരു ലോവര്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാന്‍ കൂടിയായിരുന്നു. ഏകദിന ക്രിക്കറ്റില്‍ 2 അര്‍ധ സെഞ്ചുറികള്‍ സ്വന്തമായുള്ള ബ്രാന്‍ഡസ് ടീമില്‍ നിന്നും പുറത്താക്കുമെന്ന ഘട്ടത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഒരു മത്സരത്തില്‍ 10 സിക്‌സറും 15 ഫോറുകളുമടക്കം പുറത്താകാതെ 165 റണ്‍സായിരുന്നു. അതേ മത്സരത്തില്‍ ആകെ 9 വിക്കറ്റുകളും നേടിയ ബ്രാന്‍ഡസിന് ഒരു മത്സരത്തില്‍ 100 റണ്‍സ് + 10 വിക്കറ്റ് നേട്ടം എന്ന #അപൂര്‍വ നേട്ടം കൈവരിക്കാന്‍ പറ്റാഞ്ഞത് വലിയ ഒരു നിരാശയായിരുന്നു.
വിരമിച്ച ശേഷം കോച്ചിംഗ് രംഗത്ത് ഉണ്ടായിരുന്നെങ്കിലും എന്നത്തെയും പോലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം തന്റെ ചിക്കന്‍ ഫാം ബിസിനസ് പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ടെന്ന് മനസിലാക്കിയതോടെ ബ്രാന്‍ഡസ് ഓസട്രേലിയക്ക് പറന്നു. അവിടെ ക്രിക്കറ്റും ബിസിനസുമായി കഴിഞ്ഞു .
എത്ര മികച്ചവര്‍ ഇനി വന്നാലും സിംബാബ്വയുടെ ചരിത്രത്തോടൊപ്പം നടന്ന #എഡോബബ്രാന്‍ഡസിന്റെ പേര് സിംബാബ്വെ ക്രിക്കറ്റ് ഉള്ളിടത്തോളം കാലം മാറ്റി നിര്‍ത്താന്‍ പറ്റില്ല എന്ന കാര്യത്തില്‍ സംശയമില്ല .
കടപ്പാട്് : മലയാളി ക്രിക്കറ്റ് സോണ്‍