നിസാരക്കാരനല്ല കോണ്‍വേ, പൊളിച്ചത് 25 തകരാത്ത അവിശ്വസനീയ റെക്കോര്‍ഡ്

Image 3
CricketCricket News

ലോഡ്‌സില്‍ നടക്കുന്ന ഇംഗ്ലണ്ട് – ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റ് മത്സരത്തില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയതോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ മുഴുവന്‍ ഡെവോണ്‍ കോണ്‍വെ എന്ന കിവീസ് ഓപ്പണറുടെ മേലെയാണ്. ക്രിക്കറ്റ് ലോകത്ത് ടി20യിലൂടെയും ഏകദിനത്തിലൂടെയും ഇതിനോകം തന്നെ വരവറിയിച്ച് കഴിഞ്ഞ കോണ്‍വെ ടെസ്റ്റില്‍ കൂടി ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെ തകര്‍പ്പന്‍ റെക്കോര്‍ഡും തന്റെ പേരിലാക്കി.

ലോര്‍ഡ്സില്‍ അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാണ് കോണ്‍വെ. 25 വര്‍ഷം പഴക്കമുള്ള മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കോഡ് തകര്‍ത്തതാണ് അതില്‍ പ്രധാനം. 1996ല്‍ ലോര്‍ഡ്സില്‍ 131 റണ്‍സടിച്ചാണ് ഗാംഗുലി വരവറിയിച്ചത്. ഇതുവരെ ലോര്‍ഡ്സിലെ അരങ്ങേറ്റക്കാരന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡ് ഗാംഗുലിയുടെ പേരിലായിരുന്നു. ഇപ്പോള്‍ അത് കോണ്‍വെ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. പുറത്താകാതെ 136 റണ്‍സാണ് കോണ്‍വെ ഇതുവരെ നേടിയിട്ടുളളത്.

2007ല്‍ ഇംഗ്ലണ്ടിന്റെ മാറ്റ് പ്രിറര്‍ ഗാംഗുലിയുടെ റെക്കോഡ് തകര്‍ക്കുമെന്ന് കരുതിയെങ്കിലും 126 റണ്‍സില്‍ അദ്ദേഹം ഒതുങ്ങി. ഗാംഗുലിയുടെ മാത്രമല്ല ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണിന്റെ റെക്കോഡും കോണ്‍വെ തകര്‍ത്തു.

ന്യൂസീലന്‍ഡിന് പുറത്തുള്ള അരങ്ങേറ്റ ടെസ്റ്റില്‍ ഉയര്‍ന്ന സ്‌കോര്‍ നേടുന്ന കിവീസ് താരമായിരിക്കുകയാണ് അദ്ദേഹം. 131 റണ്‍സ് നേടിയ വില്യംസണിന്റെ പേരിലായിരുന്നു ഈ റെക്കോഡ്. അഹമ്മദാബാദില്‍ ഇന്ത്യക്കെതിരെയായിരുന്നു വില്യംസണിന്റെ പ്രകടനം.11 വര്‍ഷം പഴക്കമുള്ള വില്യംസണിന്റെ റെക്കോഡാണ് അദ്ദേഹത്തിന്റെ കീഴില്‍ കളിച്ച് കോണ്‍വെ തകര്‍ത്തത്.

ലോര്‍ഡ്സില്‍ ടെസ്റ്റ് അരങ്ങേറ്റത്തിന്റെ ആദ്യ ദിനം തന്നെ സെഞ്ച്വറി നേടുന്ന ആദ്യ താരമാണ് കോണ്‍വെ. ആദ്യ ദിനം പുറത്താവാതെ നില്‍ക്കുന്ന താരം രണ്ടാം ദിനം ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുള്ള താരമായി കോണ്‍വെ ഇതോടെ മാറി.

ഇംഗ്ലണ്ടിനെതിരേ ഒന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 246 എന്ന മികച്ച നിലയിലാണ് ന്യൂസീലന്‍ഡ്. ടോം ലാദം (23),കെയ്ന്‍ വില്യംസണ്‍ (13),റോസ് ടെയ്ലര്‍ (14) എന്നിവരുടെ വിക്കറ്റാണ് ന്യൂസീലന്‍ഡിന് നഷ്ടമായത്. ടോം ലാദത്തിനൊപ്പം ഹെന്‍ റി നിക്കോള്‍സാണ് (46) ക്രീസില്‍.