ലോകകപ്പ് യോഗ്യത മത്സരത്തിൽ ഗോളടിച്ചു കൂട്ടി ബ്രസീൽ, ബൊളീവിയയെ തകർത്തത് അഞ്ചു ഗോളുകൾക്ക്

ബൊളീവിയക്കെതിരെ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ വമ്പൻ വിജയവുമായി ബ്രസീൽ. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യത്തെ മത്സരത്തിൽ ബ്രസീൽ വിജയം നേടിയത്. നെയ്‌മർ വമ്പൻ പ്രകടനം നടത്തിയ മത്സരത്തിൽ രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയപ്പോൾ റോഡ്രിഗോയും രണ്ടു ഗോളുകൾ നേടി. ബാഴ്‌സലോണ താരം റാഫിന്യയാണ് ബ്രസീലിന്റെ അഞ്ചാമത്തെ ഗോൾ നേടിയത്.

മത്സരത്തിൽ പതിനേഴാം മിനുട്ടിൽ ലഭിച്ച പെനാൽട്ടി നെയ്‌മർക്ക് ലക്ഷ്യത്തിലെത്തിക്കാനായില്ല. താരത്തിന്റെ കിക്ക് ഗോൾകീപ്പർ തടഞ്ഞിടുകയായിരുന്നു. എന്നാൽ സ്വന്തം മൈതാനത്ത് ആധിപത്യം പുലർത്തിയ ബ്രസീൽ ഇരുപത്തിനാലാം മിനുട്ടിൽ തന്നെ റോഡ്രിഗോയുടെ ഗോളിലൂടെ മുന്നിലെത്തി. ആ ഗോളിന്റെ ലീഡിൽ അവസാനിച്ച ആദ്യപകുതിക്ക് ശേഷം പിന്നീട് അഞ്ചു ഗോളുകളും പിറന്നത് രണ്ടാം പകുതിയിലായിരുന്നു.

രണ്ടാം പകുതി ആരംഭിച്ച് രണ്ടാം മിനുട്ടിൽ തന്നെ നെയ്‌മറുടെ അസിസ്റ്റിൽ റാഫിന്യ ഗോൾ നേടി. അതിനു പിന്നാലെ തന്നെ റോഡ്രിഗോ തന്റെ രണ്ടാമത്തെ ഗോൾ നേടി ടീമിന്റെ ലീഡുയർത്തി. നെയ്‌മറുടെ ഗോളുകൾ അതിനു ശേഷമാണ് വരുന്നത്. അറുപത്തിയൊന്നാം മിനുട്ടിൽ ആദ്യത്തെ ഗോൾ നേടിയ താരം അതിനു ശേഷം ഇഞ്ചുറി ടൈമിലാണ് രണ്ടാമത്തെ ഗോൾ നേടുന്നത്. അതിനിടയിൽ ബൊളീവിയക്ക് വേദി പകരക്കാരനായി ഇറങ്ങിയ അബ്രീഗോയും വല കുലുക്കി.

മത്സരത്തിൽ വിജയം നേടിയതോടെ ലോകകപ്പ് യോഗ്യത ക്യാംപെയ്ൻ മികച്ച രീതിയിൽ തുടങ്ങാൻ ബ്രസീലിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒരു മത്സരത്തിൽ പോലും തോൽക്കാതെയാണ് ബ്രസീൽ യോഗ്യത നേടിയത്. വമ്പൻ പ്രകടനത്തോടെ വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് സാധ്യത വർധിപ്പിക്കാനും ബ്രസീലിനു കഴിഞ്ഞിട്ടുണ്ട്.

You Might Also Like