താൽക്കാലിക പരിശീലകനെയും പുറത്താക്കി ബ്രസീൽ, പുതിയ പരിശീലകന്റെ പ്രഖ്യാപനം ഉടനെയുണ്ടാകും

ബ്രസീൽ ഫുട്ബോൾ ടീം വലിയ പ്രതിസന്ധികളിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. 2002നു ശേഷം ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ലെന്നതിനാൽ തന്നെ ഖത്തർ ലോകകപ്പിന് ശേഷം ആരാധകരുടെ പ്രതിഷേധം ശക്തമായിരുന്നു. അതിനെത്തുടർന്നാണ് കാർലോ ആൻസലോട്ടിയെ എത്തിച്ച് ടീമിന് പുതിയൊരു കരുത്ത് നൽകാനുള്ള ശ്രമം ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ നടത്തിയത്.

എന്നാൽ കാർലോ ആൻസലോട്ടി റയൽ മാഡ്രിഡുമായി പുതിയ കരാർ ഒപ്പിട്ടതോടെ ബ്രസീലിന്റെ പ്രതീക്ഷകൾ എല്ലാം അവസാനിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ പുതിയ പരിശീലകനു ചുമതല നൽകാൻ അവർ ഒരുങ്ങുന്നു. അതിനു മുന്നോടിയായി ബ്രസീൽ ഫുട്ബോൾ ടീമിന്റെ താൽക്കാലിക പരിശീലകനായിരുന്ന ഫെർണാണ്ടോ ഡിനിസിനെ കഴിഞ്ഞ ദിവസം അവർ പുറത്താക്കിയിരുന്നു.

ഖത്തർ ലോകകപ്പിന് ശേഷം ബ്രസീലിന്റെ ചുമതല ഏറ്റെടുത്ത രണ്ടാമത്തെ താൽക്കാലിക പരിശീലകനായിരുന്നു ഫെർണാണ്ടോ ഡിനിസ്. ബ്രസീലിയൻ ക്ലബായ ഫ്ലുമിനൻസിനെയും ദേശീയ ടീമിനെയും അദ്ദേഹം ഒരുമിച്ചാണ് പരിശീലിപ്പിച്ചിരുന്നത്. ഫ്ലുമിനൻസ് കോപ്പ ലിബർട്ടഡോഡ് കിരീടം നേടുകയും ക്ലബ് ലോകകപ്പ് ഫൈനൽ കളിക്കുകയും ചെയ്‌തെങ്കിലും ബ്രസീൽ ടീമിന്റെ പ്രകടനം വളരെ മോശമായിരുന്നു.

ആറു മത്സരങ്ങളിൽ ബ്രസീലിനെ നയിച്ച അദ്ദേഹത്തിന് കീഴിൽ രണ്ടു മത്സരങ്ങളിൽ മാത്രമാണ് ടീം വിജയം നേടിയത്. മൂന്നു മത്സരങ്ങളിൽ തോറ്റ ടീം ഒരെണ്ണത്തിൽ സമനില വഴങ്ങി. നിലവിൽ ലോകകപ്പ് യോഗ്യത റൗണ്ടിൽ ആറാം സ്ഥാനത്താണ് ബ്രസീൽ. അതാണ് കോപ്പ അമേരിക്ക വരാനിരിക്കെ അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചത്.

റിപ്പോർട്ടുകൾ പ്രകാരം പുതിയ പരിശീലകനെ ബ്രസീൽ കണ്ടെത്തിയിട്ടുണ്ട്. സാവോ പോളോ പരിശീലകനായ ഡോറിവാൽ ജൂനിയറാണ് അടുത്ത പരിശീലകനാവുകയെന്നാണ് റിപ്പോർട്ടുകൾ. അറുപത്തിയൊന്നു വയസുള്ള അദ്ദേഹം നിരവധി ബ്രസീലിയൻ ക്ലബുകൾക്കൊപ്പം ഒരുപാട് നേട്ടങ്ങൾ സ്വന്തമാക്കിയ പരിശീലകനാണ്.

You Might Also Like