തുടർച്ചയായ മൂന്നാം തോൽവി, താളം കണ്ടെത്താൻ കഴിയാതെ ബ്രസീൽ

ഖത്തർ ലോകകപ്പിൽ ഏറ്റവുമധികം കിരീടസാധ്യത കല്പിക്കപ്പെട്ടിരുന്ന ടീമായിരുന്ന ബ്രസീൽ പക്ഷെ ആ പ്രതീക്ഷകളെ നിറവേറ്റിയില്ല. ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് തോൽവി വഴങ്ങി പുറത്തായ ബ്രസീലിനെതിരെ ആരാധകരുടെ പ്രതിഷേധം ശക്തമായിരുന്നു. സൗത്ത് അമേരിക്കൻ യോഗ്യത റൗണ്ടിൽ ഒരു മത്സരം പോലും തോൽക്കാതെ വന്ന ടീമാണ് ലോകകപ്പിന്റെ ക്വാർട്ടറിൽ പുറത്തായത്. ടീമിൽ വലിയൊരു മാറ്റം വേണമെന്ന് ഭൂരിഭാഗം ആരാധകരും വാദിച്ചു.

ലോകകപ്പിനു ശേഷം ബ്രസീൽ ടീമിൽ ഒരു ഉടച്ചു വാർക്കൽ ഏവരും പ്രതീക്ഷിച്ചെങ്കിലും ബ്രസീലിന്റെ മോശം ഫോം തുടരുന്നത് ആരാധകർക്ക് വലിയ നിരാശയാണ്. ലോകകപ്പിനു ശേഷം മൂന്നു സൗഹൃദ മത്സരങ്ങൾ അടക്കം ഒൻപത് മത്സരങ്ങൾ കളിച്ച ബ്രസീൽ അതിൽ ആകെ വിജയം നേടിയിരിക്കുന്നത് മൂന്നെണ്ണത്തിൽ മാത്രമാണ്. ഒരു മത്സരത്തിൽ സമനില വഴങ്ങിയപ്പോൾ അഞ്ചെണ്ണത്തിലും ടീം തോൽവി വഴങ്ങി. ബ്രസീലിന്റെ വിജയങ്ങൾ മുഴുവൻ ദുർബലരായ ടീമുകൾക്കെതിരെയുമായിരുന്നു.

ഇന്ന് രാവിലെ നടന്ന മത്സരത്തിൽ സ്വന്തം മൈതാനത്ത് അർജന്റീനയോടും ബ്രസീലിനു തോൽവി വഴങ്ങേണ്ടി വന്നു. തുടർച്ചയായ മൂന്നാമത്തെ മത്സരത്തിലാണ് ബ്രസീൽ തോൽവി വഴങ്ങുന്നത്. ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ ആറാം സ്ഥാനത്തേക്ക് വീണ ബ്രസീൽ ആദ്യമായാണ് സ്വന്തം മൈതാനത്ത് ഒരു ലോകകപ്പ് യോഗ്യത മത്സരം തോൽക്കുന്നത്. പല താരങ്ങളും പരിക്കിന്റെ പിടിയിലാണെങ്കിലും ടീമിന്റെ നിലവിലെ ഫോം പ്രതീക്ഷിച്ചതിലും മോശമാണെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

അടുത്ത വർഷം കോപ്പ അമേരിക്ക നടക്കാനിരിക്കെ ഈ മോശം പ്രകടനം ആരാധകർക്ക് വളരെ നിരാശ ഉണ്ടാക്കുന്നതാണ്. അർജന്റീന ചരിത്രത്തിലെ ഏറ്റവും മികച്ച ഫോമിൽ കളിക്കുകയും യുറുഗ്വായ്, കൊളംബിയ തുടങ്ങിയ ടീമുകൾ കരുത്ത് വീണ്ടെടുക്കുകയും ചെയ്യുന്ന സമയത്താണ് ഏറ്റവുമധികം പ്രതിഭകളെ ഉത്പാദിപ്പിക്കുന്ന ബ്രസീൽ മോശം ഫോമിലേക്ക് വീഴുന്നത്. കോപ്പ അമേരിക്കക്കു മുൻപ് ആൻസലോട്ടി വരുമോ എന്നത് മാത്രമാണ് ബ്രസീലിന് പ്രതീക്ഷ നൽകുന്ന കാര്യം.

You Might Also Like