അർജന്റീനയോട് വീണ്ടും നാണംകെട്ട് ബ്രസീൽ, നിലവിലെ ചാമ്പ്യന്മാർ ഒളിമ്പിക്‌സ് യോഗ്യത നേടാതെ പുറത്ത്

ഒളിമ്പിക്‌സ് യോഗ്യത നേടാനുള്ള അവസാനത്തെയും നിർണായകവുമായ പോരാട്ടത്തിൽ ബ്രസീലിനെ കീഴടക്കി അർജന്റീന. ഇന്നലെ രാത്രി നടന്ന മത്സരത്തിൽ ഒളിമ്പിക്‌സിന് യോഗ്യത നേടാൻ രണ്ടു ടീമുകൾക്കും വിജയം അനിവാര്യമായിരുന്നു. എന്നാൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന വിജയം നേടിയതോടെ ബ്രസീൽ പുറത്താവുകയും അർജന്റീന യോഗ്യത നേടുകയും ചെയ്‌തു.

ബ്രസീലിനെ സംബന്ധിച്ച് ഒരു സമനില നേടിയിരുന്നെങ്കിൽ ഒളിമ്പിക്‌സിന് യോഗ്യത ലഭിക്കുമായിരുന്നു എന്നിരിക്കെയാണ് അവർ അർജന്റീനയോട് തോൽവി വഴങ്ങി പുറത്തായത്. എഴുപത്തിയേഴാം മിനുട്ടിൽ ബാർക്കോ നൽകിയ ക്രോസിൽ നിന്നും ഹെഡറിലൂടെ ലൂസിയാണോ ഗോണ്ടോയാണ് അർജന്റീനയുടെ വിജയഗോൾ സ്വന്തമാക്കിയത്.

മത്സരത്തിന്റെ ആദ്യപകുതിയിൽ അർജന്റീനക്ക് ആധിപത്യം ഉണ്ടായിരുന്നെങ്കിലും ബ്രസീൽ പ്രതിരോധം അവരെ തടഞ്ഞു നിർത്തി. അൽമാഡയുടെ ഒരു ഷോട്ട് ആദ്യപകുതിയിൽ പോസ്റ്റിലടിച്ച് പുറത്തു പോയിരുന്നു. രണ്ടാം പകുതിയിൽ ബ്രസീലിനു ലഭിച്ച അവസരം അർജന്റീന കീപ്പറും രക്ഷപ്പെടുത്തി. അതിനു പിന്നാലെയാണ് അർജന്റീനയുടെ വിജയഗോൾ ഗോണ്ടോ നേടിയത്.

ബ്രസീലിന്റെ ഭാവിതാരമായ എൻഡ്രിക്ക് മോശം പ്രകടനമാണ് മത്സരത്തിൽ നടത്തിയത്. ഗ്രൂപ്പിൽ ഒന്നാം സ്ഥാനക്കാരായി പാരഗ്വായും രണ്ടാം സ്ഥാനക്കാരായി അർജന്റീനയും യോഗ്യത നേടിയപ്പോൾ ബ്രസീൽ മൂന്നാം സ്ഥാനക്കാരായി പുറത്തായി. ലോകകപ്പ് യോഗ്യത മത്സരം, അണ്ടർ 17 ലോകകപ്പ് എന്നിവയിൽ അർജന്റീനയോട് കീഴടങ്ങിയതിനു പിന്നാലെയാണ് ബ്രസീൽ ഒളിമ്പിക്‌സ് യോഗ്യത മത്സരത്തിലും അർജന്റീനയോട് തോൽവി വഴങ്ങിയത്.

You Might Also Like