ബ്രസീലിന്റെ വിജയം തടഞ്ഞ് വെനസ്വലയുടെ വണ്ടർഗോൾ, കാനറികളെ മറികടന്ന് അർജന്റീന ഒന്നാമത്

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയതോടെ ബ്രസീൽ വളരെയധികം സമ്മർദ്ദത്തിലേക്ക് പോയിരുന്നു. 2002നു ശേഷം ഒരിക്കൽ പോലും ലോകകപ്പ് നേടിയിട്ടില്ലാത്ത ടീം അടുത്ത ലോകകപ്പ് യോഗ്യത നേടാൻ വേണ്ടിയുള്ള പോരാട്ടത്തിലാണ്. എന്നാൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ വെനസ്വലയോട് ബ്രസീൽ സമനില വഴങ്ങുകയാണുണ്ടായത്. എൺപത്തിനാലാം മിനുട്ട് വരെയും ഒരു ഗോളിന് മുന്നിൽ നിന്നതിനു ശേഷമാണ് ബ്രസീൽ വെനസ്വലയോട് സമനില വഴങ്ങിയത്.

മത്സരത്തിന്റെ ആദ്യപകുതിയിൽ ബ്രസീലിനു കാര്യമായി വെനസ്വല പ്രതിരോധത്തെ പരീക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ രണ്ടാം പകുതിയിൽ ആക്രമണം ശക്തമാക്കിയ ബ്രസീൽ ആഴ്‌സണൽ ഡിഫൻഡർ ഗബ്രിയേലിന്റെ ഗോളിലൂടെ മുന്നിലെത്തി. നെയ്‌മർ എടുത്ത ഫ്രീകിക്ക് ഒരു ഹെഡറിലൂടെ താരം വലയിലേക്ക് എത്തിക്കുകയായിരുന്നു. അതിനു ശേഷം റോഡ്രിഗോക്ക് ലീഡുയർത്താൻ അവസരം ഉണ്ടായിരുന്നെങ്കിലും താരത്തിന്റെ ഷോട്ട് പോസ്റ്റിലുരുമ്മി പുറത്തു പോയി.

മത്സരത്തിൽ വെനസ്വല കാര്യമായി അക്രമണങ്ങളൊന്നും സംഘടിപ്പിക്കാതിരുന്നതിനാൽ തന്നെ ബ്രസീൽ വിജയം ഉറപ്പിച്ചാണ് മുന്നോട്ടു പോയിരുന്നത്. എന്നാൽ എൺപത്തിയഞ്ചാം മിനുട്ടിൽ അവരുടെ സകല പ്രതീക്ഷകളും ഇല്ലാതായി. വെനസ്വല നടത്തിയ മികച്ചൊരു മുന്നേറ്റത്തിനൊടുവിൽ വലതു വിങ്ങിൽ നിന്നും വന്ന ക്രോസ് പകരക്കാരനായി ഇറങ്ങിയ എഡ്വേഡ് ബെല്ലോ ഒരു ബൈസിക്കിൾ കിക്കിലൂടെ അത് വലയിലേക്ക് എത്തിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും വിജയം നേടിയ ബ്രസീൽ ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത റൗണ്ടിൽ ഒന്നാം സ്ഥാനത്തായിരുന്നു നിന്നിരുന്നത്. എന്നാൽ ഇന്നത്തെ മത്സരത്തിൽ സമനില വഴങ്ങിയതോടെ അവർ രണ്ടാം സ്ഥാനത്തേക്ക് വീണു. നിലവിൽ മൂന്നു മത്സരങ്ങളിൽ മൂന്നിലും വിജയം നേടിയ അർജന്റീനയാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. ഇതിലൂടെ ലാറ്റിനമേരിക്കയിൽ തങ്ങളുടെ ആധിപത്യം അർജന്റീന ഉറപ്പിക്കുകയാണ്.

You Might Also Like