തോറ്റതിന് കാരണം കോൺമെബോൾ; വിചിത്ര വാദവുമായി ബ്രസീൽ പരിശീലകൻ

കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനക്കെതിരെ തോൽവി വഴങ്ങിയതിന് തൊട്ടുപിന്നാലെ ടൂർണമെന്റ് നടത്തിപ്പിൽ ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെ (കോൺമെബോൾ) രൂക്ഷമായി വിമർശിച്ച് ബ്രസീൽ പരിശീലകൻ ടിറ്റെ. നിലവാരമില്ലാത്ത പിച്ചുകൾ ഒരുക്കിയാണ് കോൺമെബോൾ ടൂർണമെന്റ് നടത്തിയതെന്നാണ് ടിറ്റെയുടെ വിമർശനം.


നേരത്തെയും സമാനമായ വിമർശനം ഉയർത്തിയതിന് ബ്രസീൽ പരിശീലകനെതിരെ കോൺമെബോൾ 5000 ഡോളർ പിഴ ചുമത്തിയിരുന്നു. എന്നാൽ ഇത്തവണ വിമർശനം കൂടുതൽ കടുപ്പിച്ച ടിറ്റെ കോൺമെബോൾ പ്രസിഡന്റ് അലെസ്സാൻഡ്രോ ഡൊമിൻഗസിനെ നേരിട്ട് ആക്രമിച്ചാണ് രംഗത്തെത്തിയത്.

മൈതാനം പരിതാപകരമായ അവസ്ഥയിലാണ് ഒരുക്കിയത്. യൂറോപ്പിലെയും മറ്റും മികച്ച പിച്ചുകളിൽ കളിക്കുന്ന താരങ്ങൾക്ക് ഇവിടെ മികച്ച കളി പുറത്തെടുക്കാനാവില്ല. താരങ്ങൾക്ക് പരിക്കുപറ്റാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇങ്ങനെയായിരുന്നു ബ്രസീൽ പരിശീലകന്റെ വാക്കുകൾ.


എന്നാൽ ഒരുപടി കൂടി കടന്ന് വിമർശനം വ്യക്തിപരമാക്കിയാണ് ഫൈനലിന് ശേഷം ടിറ്റെ രംഗത്തെത്തിയത്.

കോൺമെബോൾ പ്രസിഡന്റ് അലെസ്സാൻഡ്രോ ഡൊമിൻഗസിന് തന്നെയാണ് പിഴവുകളുടെ മുഴുവൻ ഉത്തരവാദിത്വവും. ഇത്ര തിടുക്കപ്പെട്ട് ടൂർണമെന്റ് ഏറ്റെടുത്ത് നടത്തിയത് പോലും തെറ്റായിരുന്നു. ഫൈനലിൽ പോലും മികച്ച മൈതാനം ഒരുക്കുവാൻ ഇതുമൂലം സാധിച്ചില്ല. ടിറ്റെ ആഞ്ഞടിച്ചു.


ഫൈനലിൽ അർജന്റീന കളിച്ചത് ‘നെഗറ്റീവ് ഫുട്ബോൾ’ ആണെന്നും ടിറ്റെ ആരോപിക്കുന്നു. ഒരു ഗോൾ നേടിയ ശേഷം അർജന്റീന അനാവശ്യമായി ഫൗളുകൾ ആരോപിച്ചു നിലത്തു വീഴുകയും കളി തടസ്സപ്പെടുത്തുകയും ചെയ്തുവെന്നാണ് ടിറ്റെയുടെ ആരോപണം. കൂടാതെ ഡെഡ്ബോൾ സമയങ്ങളിൽ അർജന്റീന അനാവശ്യമായി സമയം പാഴാക്കിയെന്നും റഫറി ഇത് അനുവദിച്ചുകൊടുത്തെന്നും ടിറ്റെ ആരോപിക്കുന്നു. ഫൈനലിലെ തോൽവിക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് ടിറ്റേയുടെ ആരോപണം.


അർജന്റീനയിലും, കൊളംബിയയിലുമായി ഈവർഷം കോപ്പ അമേരിക്ക നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാൽ അർജന്റീനയിൽ കോവിഡ് പ്രതിസന്ധി മൂലവും, കൊളംബിയയിൽ ആഭ്യന്തരകലഹം മൂലവും ടൂർണമെന്റ് ഉപേക്ഷിക്കേണ്ടി വരുമെന്ന ഘട്ടത്തിൽ നടത്തിപ്പ് ബ്രസീൽ ഏറ്റെടുക്കുകയായിരുന്നു.

You Might Also Like