34 മത്സരങ്ങൾ തോൽവിയറിയാതെ റെക്കോർഡിട്ട് ഇറ്റലി; യൂറോയിൽ പിറന്നത് പുതുചരിത്രം

യൂറോഫൈനലിൽ ഇംഗ്ലണ്ടിനെ വെംബ്ലിയിൽ മുട്ടുകുത്തിച്ച് കപ്പുയർത്തിയ മാൻസീനിയുടെ ഇറ്റലിയുടെ വിജയത്തിന് തിളക്കമേറെ. ദേശീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപരാചിത കുതിപ്പുമായാണ് ഇറ്റലി വെംബ്ലിയിൽ ചാമ്പ്യന്മാരായത്. തുടർച്ചയായ 34 മത്സരങ്ങളിൽ ഇതുവരെ ഇറ്റലിയെ ആരും തോൽപ്പിച്ചിട്ടില്ല. യൂറോയിൽ ഇതുവരെ പതിമൂന്നു ഗോളുകൾ എതിർവലയിൽ കയറ്റിയ ഇറ്റലി ആകെ വഴങ്ങിയത് നാലെണ്ണം മാത്രമാണ്.

2018 ൽ യുവേഫ നാഷൻസ് ലീഗിൽ പോർചുഗലിനോടേറ്റ തോൽവിക്ക് ശേഷം ആരും അസൂറികളെ തോൽപ്പിച്ചിട്ടില്ല. ഇതിനു മുൻപ് ഇറ്റലി ഏറ്റവുമധികം മത്സരങ്ങൾ തോൽവിയറിയാതെ പോയത് 1930കളിലാണ്. 30 മത്സരങ്ങൾ തോൽക്കാതെ അന്ന് സൃഷ്ടിക്കപ്പെട്ട ദേശീയ റെക്കോർഡ് മാൻസീനിയുടെ യൂറോ തേരോട്ടത്തിൽ നിഷ്പ്രഭമായി.

ഏറ്റവുമധികം മത്സരങ്ങൾ തോൽവിയറിയാതെ പിന്നിട്ട കണക്കിൽ അർജന്റീനയെ പിന്തള്ളി മൂന്നാമതാണ് ഇറ്റലി ഇപ്പോൾ. 1991 മുതൽ 1993 വരെ 31 മത്സരങ്ങൾ തോൽവിയറിയാതെ മുന്നേറിയ അർജന്റീനയെയാണ് ഇറ്റലി പിന്നിലാക്കിയത്. 35 മത്സരങ്ങൾ വീതം തോൽവിയറിയാതെ മുന്നേറിയ സ്പെയിനും, ബ്രസീലും മാത്രമാണ് ഇനി മാൻസീനിക്ക് മുന്നിലുള്ളത്.

യൂറോ ചാമ്പ്യന്മാരായ ഇറ്റലി അടുത്ത മത്സരം കൂടി ജയിച്ചാൽ സ്വപ്നക്കുതിപ്പിൽ റെക്കോർഡ് ഇറ്റലിക്ക് സ്വന്തമാവും. ഒന്നര മാസത്തെ വിശ്രമത്തിന് ശേഷം സെപ്തംബർ മൂന്നിന് ബൾഗേറിയയുമായുള്ള ലോകകപ്പ് യോഗ്യതാ മത്സരമാണ് ഇറ്റലിയുടെ അടുത്ത മത്സരം. നിലവിലെ ഫോമിൽ ബൾഗേറിയ അസൂറികൾക്ക് വെല്ലുവിളിയാവാനുള്ള സാധ്യത കുറവാണ്.

35 മത്സരങ്ങളിൽ അപരാജിത മുന്നേറ്റവുമായി ബ്രസീൽ (1993-1996), 35 മത്സരങ്ങളുമായി സ്‌പെയിൻ (2007-2009), 34 മത്സരങ്ങളുമായി ഇറ്റലി (2018 മുതൽ ഇതുവരെ), 31 മത്സരങ്ങളുമായി അർജന്റീന (1991-1993), 30 മത്സരങ്ങളുമായി ഇറ്റലി (1935-1939), 30 മത്സരങ്ങളുമായി ഫ്രാൻസ് (1994-1996), 27 മത്സരങ്ങളുമായി അൾജീരിയ (2018 മുതൽ ഇതുവരെ),23 മത്സരങ്ങളുമായി വെസ്റ്റ് ജർമ്മനി (1978-1981), 23 മത്സരങ്ങളുമായി ഫ്രാൻസ് (2010-2012) എന്നിങ്ങനെയാണ് ഈ ലിസ്റ്റിൽ ആദ്യ പത്ത് സ്ഥാനക്കാരുടെ കണക്കുകൾ.

You Might Also Like