മെസ്സി ഫൈനലിൽ ഇറങ്ങിയത് ആ വേദന കടിച്ചമർത്തി; നിർണായക വെളിപ്പെടുത്തൽ

Image 3
Copa America

കോപ്പ അമേരിക്കയിൽ ചരിത്രവിജയത്തിനായി മെസ്സി ഇറങ്ങിയത് കാലിൽ ഗുരുതരപരിക്കുമായെന്ന് വെളിപ്പെടുത്തി അർജന്റീന പരിശീലകൻ ലയണൽ സ്​കളോനി. ഫൈനലിലും സെമി ഫൈനലിലും മെസ്സി കളത്തിലിറങ്ങിയത് വേദന കടിച്ചമർത്തിയെന്നാണ് സ്കലോണിയുടെ വെളിപ്പെടുത്തൽ.

എത്രമാത്രം വേദന കടിച്ചമർത്തിയാണ് മെസ്സി ഫൈനലിൽ കളിച്ചതെന്ന് നിങ്ങൾക്ക് ഊഹിക്കാനാവില്ല. എന്നാൽ പരിക്കിന്റെ പിടിയിലായാൽ പോലും അദ്ദേഹത്തെ കളിപ്പിക്കാതിരിക്കാൻ ഞങ്ങൾക്ക് കഴിയുമായിരുന്നില്ല. കളിക്കാതിരിക്കാൻ അദ്ദേഹത്തിനും. – സ്കളോനി പറഞ്ഞു.


എന്താണ് മെസിയുടെ പരിക്ക് എന്ന് പരിശീലകൻ വ്യക്തമാക്കിയില്ലെങ്കിലും കാലിന്റെ പിൻതുടയിൽ പേശീവലിവുമായാണ് താരം കളിക്കാൻ ഇറങ്ങിയതെന്നാണ് റിപ്പോർട്ടുകൾ. സെമിഫൈനലിൽ കൊളംബിയൻ താരങ്ങളുടെ ക്രൂരമായ ടാക്ലിങ്ങിന് വിധേയനായ മെസ്സിയുടെ കാലിൽ നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു. ശേഷം ഉപ്പൂറ്റിയിൽ ബാൻഡേജുമായിട്ടാണു മെസ്സി കളി മുഴുമിച്ചത്​.

‘എക്കാലത്തെയും മികച്ച ഫുട്​ബാളറാണ് മെസ്സി.ദേശീയ ടീമിനുവേണ്ടി കിരീടം നേടുകയെന്നത്​ അദ്ദേഹത്തിന്റെ ചിരകാലാഭിലാഷമാണ്. കോച്ചും കളിക്കാരനും എന്നതിലുപരി സുഹൃത് ബന്ധം ഞങ്ങൾ തമ്മിലുണ്ട്. ചരിത്ര വിജയത്തിന് മെസിയോട് എത്ര നന്ദിപറഞ്ഞാലും മതിയാവില്ല – സ്​കളോനി പറഞ്ഞു.


വ്യക്തിഗത നേട്ടങ്ങൾ എല്ലാം സ്വന്തമാക്കുമ്പോഴും അന്താരാഷ്ട്ര തലത്തിൽ കിരീടനേട്ടങ്ങളില്ല എന്ന കുറവ് നികത്താൻ ഇതോടെ മെസ്സിക്കായി. ഒന്നാം പകുതിയിൽ ഡിമരിയ നേടിയ ഒരൊറ്റ ഗോളിനാണ് അർജന്റീന മാരക്കാനയിൽ ചാമ്പ്യന്മാരായി ഉയിർത്തെഴുന്നേറ്റത്. നാലു ഗോളുകളുമായി ടൂർണമെന്റിലെ ഗോൾഡൻ ബൂട്ട് നേട്ടവും മെസ്സി സ്വന്തമാക്കി. നാല് ഗോളുകളും, അഞ്ച് അസിസ്റ്റുകളുമായി ടൂർണമെന്റിന്റെ താരവും മെസ്സി തന്നെയാണ്.

ഇതിനു മുൻപ് 2007, 2015, 2016 വര്‍ഷങ്ങളില്‍ കോപ്പ ഫൈനലില്‍ കളിച്ചെങ്കിലും കിരീടം നേടാൻ മെസ്സിക്കായിരുന്നില്ല. 2014 ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോടും മെസ്സിയും കൂട്ടരും തോറ്റു. 1993ൽ ഡീ​ഗോ സി​മി​​യോ​ണി​യും ഗ​ബ്രി​യേ​ൽ ബാ​റ്റി​സ്​​റ്റ്യൂ​ട്ട​യും അടങ്ങിയ മഹാരഥന്മാരുടെ നിര കോപ്പയിൽ മുത്തമിട്ടതായിരുന്നു ഇതിനു മുൻപ് അർജന്റീന നേടിയ അവസാനത്തെ പ്രധാന കപ്പ് നേട്ടം.