വജ്രായുധത്തിന് മൂര്‍ച്ചകൂട്ടാന്‍ കിവീസ്, ഇന്ത്യ ശരിയ്ക്കും വിയര്‍ക്കും

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ന്യൂസിലന്‍ഡ് നിരയില്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് കളിക്കും. ഇംഗ്ലണ്ടിലെ ക്വാറന്റീന്‍ നിയമങ്ങളില്‍ ഇളവ് വന്നതോടെയണ് ബോള്‍ട്ടിന് പന്തെറിയാന്‍ അവസരമൊരുങ്ങുന്നത്. നേരത്തെ ഐ.പി.എല്‍ കഴിഞ്ഞ് ടീമിനൊപ്പം ചേരാന്‍ തമാസിച്ചതിനാല്‍ ആദ്യ ടെസ്റ്റില്‍ ബോള്‍ട്ടിന് കളിക്കാനായില്ല.

പ്രതീക്ഷിച്ചതിലും മൂന്നോ നാലോ ദിവസം മുമ്പ് ബോള്‍ട്ട് ക്വാറന്റനില്‍ നിന്ന് പുറത്ത് കടക്കുമെന്നും അതിനാല്‍ തന്നെ രണ്ടാം ടെസ്റ്റില്‍ ബോള്‍ട്ട് കളിക്കുവാനുള്ള സാധ്യതയുണ്ടെന്നും ന്യൂസിലാണ്ട് മുഖ്യ കോച്ച് ഗാരി സ്റ്റെഡ് പറഞ്ഞു. നേരത്തെ ബോള്‍ട്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേ കളിക്കുകയുള്ളു എന്നായിരുന്നു ഗാരി പറഞ്ഞിരുന്നത്.

ഐ.പി.എല്‍ കളിച്ച ശേഷം ഇന്ത്യയില്‍ നിന്ന് കുടുംബത്തോടൊപ്പം ചെലവഴിക്കുവാന്‍ ന്യൂസിലാണ്ടിലേക്ക് പോയ താരം തിരിച്ച് ടീമിനൊപ്പം ചേര്‍ന്നത് ഒന്നാം ടെസ്റ്റിന് തൊട്ടുമുമ്പായിരുന്നു. അതിനാല്‍ താരത്തിന് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി മത്സരത്തിന് ഇറങ്ങാനാകുമോ എന്നതില്‍ അവ്യക്തതയുണ്ടായിരുന്നു. രണ്ടാം ടെസ്റ്റിലിറങ്ങിയാല്‍ അത് ഫൈനലില്‍ ഇന്ത്യയെ നേരിടുന്നതിന് മുമ്പ് ബോള്‍ട്ടിന് മാച്ച് പ്രാക്ടീസിനുള്ള അവസരം കൂടിയായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയ്ക്കെതിരെ കിവീസിന്റെ തുറുപ്പു ചീട്ടാണ് ബോള്‍ട്ട്. ഇംഗ്ലണ്ടില്‍ മികച്ച ബോളിംഗ് റെക്കോഡാണ് താരത്തിന് ഉള്ളത്. 23 വിക്കറ്റാണ് ഇതുവരെ ബോള്‍ട്ട് ഇംഗ്ലണ്ടില്‍ വീഴ്ത്തിയത്. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.

ന്യൂസിലന്‍ഡിനായി 71 ടെസ്റ്റുകളില്‍ നിന്ന് 281 വിക്കറ്റുകളാണ് ബോള്‍ട്ട് വീഴ്ത്തിയിട്ടുള്ളത്. ഇതില്‍ എട്ട് അഞ്ച് വിക്കറ്റ് പ്രകടനവും ഒരു 10 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. ഇന്ത്യക്കെതിരേ 36 വിക്കറ്റുകള്‍ ബോള്‍ട്ട് നേടിയിട്ടുണ്ട്.

You Might Also Like