വിരമിച്ചു, ഞെട്ടിച്ച് ബെന്‍ സ്റ്റോക്‌സ്, ക്രിക്കറ്റ് ലോകത്തിന് അഘാതം

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ഏകദിന ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. ചൊവ്വാഴ്ച ചെസ്റ്റര്‍-ലെ-സ്ട്രീറ്റില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് ശേഷമാണ് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റില്‍ നിന്നു സ്റ്റോക്‌സ് വിരമിക്കുന്നത്. എല്ലാ ഫോര്‍മാറ്റിലും കളിയ്ക്കുന്നതിലെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് സ്‌റ്റോക്‌സിന്റെ കടുത്ത തീരുമാനം.

എല്ലാ ഫോര്മാറ്റുകളിലും മികച്ച പ്രകടനം നടത്താനാണ് ആഗ്രഹമെങ്കിലും തുടര്‍ച്ചയായ മത്സരങ്ങള്‍ തന്നെ തളര്‍ത്തുന്നതായി സ്‌റ്റോക്‌സ് വിരമിക്കല്‍ അറിയിച്ച് കൊണ്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ടെസ്റ്റ് ക്രിക്കറ്റിലും ടി20യിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സ്റ്റോക്‌സ് ഏകിദനത്തില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിച്ചത്.

‘മൂന്നു ഫോര്‍മാറ്റിലും ഒരുപോലെ കളിക്കാന്‍ തനിക്ക് സാധിക്കുന്നില്ല. തിരക്കേറിയ ഷെഡ്യൂളുകള്‍ ശരീരത്തിന് താങ്ങാനാകുന്നില്ല. മറ്റൊരു കളിക്കാരന്റെ അവസരമാണ് താനെടുക്കുന്നത് എന്ന തോന്നലുണ്ടാകുന്നു. മറ്റൊരു കളിക്കാരന്‍ വളര്‍ന്നുവരാനുള്ള സമയമാണിത്. കഴിഞ്ഞ 11 വര്‍ഷത്തെ ഗംഭീരമായ ഓര്‍മകള്‍ തനിക്കൊപ്പമുണ്ടാകും. ടെസ്റ്റിലും ഏകദിനത്തിലും തന്നാലാകുന്ന രീതിയില്‍ മികവുകാട്ടും’ സ്റ്റോക്സ് പറഞ്ഞു.

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര അവസാനിച്ചതിന് തൊട്ടു പിന്നാലെയാണ് സ്റ്റോക്സിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. പരമ്പരയില്‍ മോശം പ്രകടനമാണ് സ്‌റ്റോക്‌സ് പുറത്തെടുത്തത്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീം ക്യാപ്റ്റനായ താരം മറ്റു ഫോര്‍മാറ്റുകളില്‍ തുടര്‍ന്നും കളിക്കും.

ഇംഗ്ലണ്ടിനായി 104 ഏകദിന മത്സരങ്ങളാണ് താരം ഇതുവരെ കളിച്ചത്. 2019ലെ ഏകദിന ലോകകപ്പ് ഇംഗ്ലണ്ടിന് നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച താരം കൂടിയാണ് ബെന്‍ സ്‌റ്റോക്‌സ്. യുവ കളിക്കാര്‍ക്ക് ടീമില്‍ അവസരം നല്‍കുന്നതിനും മറ്റു ഫോര്‍മാറ്റുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുമാണ് വിരമിക്കലെന്നാണ് സൂചന.

ഏകദിനത്തില്‍ പ്രതീക്ഷിച്ച രീതിയില്‍ തനിക്ക് കളിക്കാനാകുന്നില്ലെന്നും ടീമിനായി നൂറുശതമാനവും വിനിയോഗിക്കാന്‍ സാധിക്കുന്നില്ലെന്നും സ്റ്റോക്സ് പറഞ്ഞു. കടുത്ത തീരുമാനമാണിത്. എന്നാല്‍, ആ തീരുമാനം അറിയിക്കേണ്ട സമയമായെന്ന് തോന്നുന്നു. ഇംഗ്ലണ്ടിനായി കളിച്ച ഓരോ നിമിഷവും മനോഹരമായിരുന്നെന്നും സുന്ദരമായ ഒരു യാത്രയായിരുന്നു ഇതെന്നും സ്റ്റോക്സ് പറഞ്ഞു.

2019ലെ ലോകകപ്പ് ഫൈനലിലെ മികച്ച കളിക്കാരനായത് സ്റ്റോക്സ് ആണ്. പുറത്താകാതെ താരം നേടിയ 84 റണ്‍സാണ് കളി സൂപ്പര്‍ ഓവറിലെത്തിച്ചതും കിരീടം ഇംഗ്ലണ്ടിന് സമ്മാനിച്ചതും. മുപ്പത്തിയൊന്നുകാരനായ സ്റ്റോക്സ് 2011ല്‍ അയര്‍ലന്‍ഡിനെതിരെയാണ് ഏകദിനത്തില്‍ അരങ്ങേറ്റം നടത്തിയത്. ഇതുവരെയായി 2919 റണ്‍സ് നേടിയിട്ടുണ്ട്. മൂന്നു സെഞ്ച്വറിയും 74 വിക്കറ്റുമാണ് ഈ ഓള്‍റൗണ്ടറുടെ സമ്പാദ്യം. റോയല്‍ ലണ്ടന്‍ സീരീസില്‍ പാകിസ്ഥാനെതിരെ ടീം 3-0ത്തിന് ജയം നേടിയപ്പോള്‍ സ്റ്റോക്സ് ആയിരുന്നു ക്യാപ്റ്റനായുണ്ടായിരുന്നത്.

 

You Might Also Like