ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ അവനാണ്, തുറന്ന് പറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിനെ ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്ന വിശേഷിപ്പിച്ച് ഇംഗ്ലണ്ട് ടീമിന്റെ നായകന്‍ ബെന്‍ സ്റ്റോക്‌സ്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമായ മിററിനോട് സംസാരിക്കുകയായിരുന്നു ബെന്‍ സ്‌റ്റോക്‌സ്.

ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള ലോര്‍ഡ്സില്‍ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഫോക്‌സ് മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയും വിക്കറ്റിന് പിന്നില്‍ മികച്ച ക്യാച്ചുകള്‍ എടുത്തതിനും പിന്നാലെയാണ് താരത്തെ പ്രശംസിച്ച് ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്‌സ് തന്നെ രംഗത്ത് വന്നിരിക്കുന്നത്. മത്സരത്തില്‍ ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചതില്‍ ബെന്‍ ഫോക്‌സിന്റെ പങ്ക് ചെറുതല്ല. അഞ്ച് വിക്കറ്റിന് മത്സരം ഇംഗ്ലണ്ട് ജയിച്ച മത്സരത്തില്‍ ജോറൂട്ടിനൊപ്പം നിര്‍ണ്ണായക കൂട്ടുകെട്ടാണ് ഫോക്‌സ് ഉയര്‍ത്തിയത്.

”ഇപ്പോള്‍ ലോകോത്തര കളിക്കാരെ തിരഞ്ഞെടുക്കേണ്ട അവസ്ഥയിലല്ല ഞങ്ങള്‍. ബെന്‍ (ഫോക്‌സ്) ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറാണ്. ഇത് എന്റെ മാത്രം അഭിപ്രായമല്ല, പലരുടെയും അഭിപ്രായമാണ്. ഇംഗ്ലണ്ടിനായി ഏഴാം സ്ഥാനത്താണ് അദ്ദേഹം ബാറ്റേന്തുന്നത്. സറേയ്ക്കായി മറ്റൊരു റോളിലാണ് അവന്‍ കളിയ്ക്കുന്നത്. ഏത് റോളിലും ഫോക്‌സ് മികച്ച രീതിയില്‍ കളിയ്ക്കും’ സ്‌റ്റോക്‌സ് പറഞ്ഞു.

ബാറ്റിംഗില്‍ മാത്രമല്ല വിക്കറ്റിന് പിന്നിലും ഫോക്‌സ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെക്കുന്നതെന്ന് ബെന്‍ സ്റ്റോക്‌സ് നിരീക്ഷിക്കുന്നു. ഫോക്‌സ് വിക്കറ്റിന് പിന്നിലുളളത് തനിയ്ക്ക് ഏറെ ആത്മവിശ്വാസം നല്‍കുന്നതാണെന്നും ബൗളര്‍മാര്‍ക്കും ധൈര്യത്തോടെ പന്തെറിയാന്‍ അവസരം നല്‍കുമെന്നും സ്റ്റോക്‌സ് കൂട്ടിച്ചേര്‍ത്തു.

29 കാരനായ ബെന്‍ ഫോക്‌സ് ഇതുവരെ 12 ടെസ്റ്റ് മത്സരങ്ങളാണ് കളിച്ചത്. ഒരു സെഞ്ച്വറി ഉള്‍പ്പെടെ 545 റണ്‍സ് ഇതിനോടകം ഫോക്‌സ് നേടിക്കഴിഞ്ഞു.

You Might Also Like