ഉമ്രാന്‍ മാലിക്കിനെ കണ്ടെത്തിയതിന് ഇര്‍ഫാനോട് നന്ദി പറഞ്ഞ് ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ആനന്ദത്തില്‍ ആറാടിച്ചുകൊണ്ടാണ്് ഒരോ മത്സരവും സണ്‍റൈസസ് ഹൈദരാബാദിന്റെ യുവപേസര്‍ ഉമ്രാന്‍ മാലിക്ക് പന്തെറിഞ്ഞത്. അതിവേഗ പന്തുകള്‍ക്കൊപ്പം വിക്കറ്റ് വേട്ടയിലും മുന്നില്‍ നിന്നതോടെ ഇന്ത്യ കണ്ടെത്തുന്ന നെക്‌സ്റ്റ് ബിഗ് തിംഗ് ആയി ഉമ്രാന്‍ മാലിക്ക് മാറി. ഐപിഎല്ലിന്റെ 15-ാം സീസണില്‍ മാലിക് 22 വിക്കറ്റുകള്‍ ആണ് എറിഞ്ഞ് വീഴ്ത്തിയത്.

ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്കും ഉമ്രാന്‍ മാലിക്കിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഉമ്രാന് ലഭിക്കുന്ന ഏറ്റവും വലിയ അവസരമായാണ് ഇത് മാറുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഉമ്രാന്‍ എങ്ങനെ പന്തെറിയും എന്ന് ഉറ്റുനോക്കുകയാണ് ക്രിക്കറ്റ് ലോകം.

മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താന്‍ ഉമ്രാന്റെ കരിയറില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ജമ്മു കശ്മീരിന്റെ രഞ്ജി ട്രോഫി ടീമുമായി സഹകരിച്ചപ്പോഴാണ് ഇര്‍ഫാന്‍ 22 കാരനായ പേസറെ കണ്ടെത്തിയത്.

ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ ഉമ്രാനെ ഇര്‍ഫാന്‍ ഏറെ സഹായിച്ചിട്ടുണ്ട്. യുവ ബൗളര്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടിയപ്പോള്‍ തന്റെ സന്തോഷം അദ്ദേഹം ട്വിറ്ററില്‍ അറിയിച്ചു.

”ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ഉമ്രാന്‍ മാലിക്കിന് അഭിനന്ദനങ്ങള്‍. ഈ യുവാവിന് വലിയ നിമിഷം,” അദ്ദേഹം എഴുതി.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ പുതിയ അനുഭവമായി മാറിയ ഉമ്രാന്‍ മാലിക്കിനെ കണ്ടെത്തിയ ഇര്‍ഫാന്‍ പത്താനെ അഭിനന്ദിച്ച് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയും രംഗത്ത് വന്നു. ട്വിറ്ററിലൂടെയാണ് രാജിവ് ശുക്ല ഇര്‍ഫാനെ അഭിനന്ദിച്ചത്.

‘ഇര്‍ഫാന്‍ പത്താന്‍, നിങ്ങള്‍ക്കും അഭിനന്ദനങ്ങള്‍, കാരണം നിങ്ങള്‍ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷനില്‍ ജോലി ചെയ്യുമ്പോള്‍ ആണ് ഉമ്രാനെ കണ്ടെത്തിയത്’ ശുക്ല ട്വീറ്റ് ചെയ്തു.

You Might Also Like