നാണംകെടാന്‍ വയ്യ, നാലാം ടെസ്റ്റിനായി മറ്റൊരു തരത്തിലൊരു പിച്ചൊരുക്കാന്‍ ബിസിസിഐ

അഹമ്മദാബാദില്‍ തന്നെ വെച്ച് നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തില്‍ തയ്യാറാക്കുക ബാറ്റിംഗ് പിച്ചെന്ന് സൂചന. മൊട്ടേര നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ മൂന്നാം ദിനം ഒരുക്കിയ പിച്ചിനെ കുറിച്ച് വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ബിസിസിഐ പിച്ച് ഘടന മാറ്റുന്നതിനെ കുറിച്ച് നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുന്നത്.
മൂന്നാം ടെസ്റ്റ് രണ്ട് ദിവസം കൊണ്ട് അവസാനിച്ചത് ഇന്ത്യന്‍ ക്രിക്കറ്റിനെ ലോകത്തിന് മുന്നില്‍ നാണംകെടുത്തിയിരുന്നു. ഇതിന് മത്സരത്തിനു പിന്നാലെയാണ് ആരോപണങ്ങള്‍ കഴുകിക്കളയാന്‍ ബാറ്റിംഗ് പിച്ച് തയ്യാറാക്കാമെന്ന് ബിസിസിഐ തീരുമാനിച്ചത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യക്ക് ഇനി വേണ്ടത് ഒരു സമനില മാത്രമാണ്. നാലാമത്തെ ടെസ്റ്റില്‍ പരാജയപ്പെട്ടാലേ ഇന്ത്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ കാണാതെ പുറത്താവൂ. അതുകൊണ്ട് തന്നെ പിച്ച് ബാറ്റിംഗിന് അനുകൂലമാക്കുമെന്നാണ് സൂചന.
മാര്‍ച്ച് നാലു മുതലാണ് നാലാം ടെസ്റ്റ് ആരംഭിക്കുക. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ മുന്നിട്ടുനില്‍ക്കുകയാണ്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ആതിഥേയര്‍ പിന്നീട് നടന്ന രണ്ട് മത്സരങ്ങളിലും വിജയിച്ചാണ് പരമ്പരയില്‍ 1-2ന് മുന്നിലെത്തിയത്.
മൂന്നാം ടെസ്റ്റ് മത്സരത്തില്‍ 10 വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്. 48 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ വിജയിക്കുകയായിരുന്നു. രോഹിത് ശര്‍മ്മ (25), ശുഭ്മന്‍ ഗില്‍ (15) എന്നിവര്‍ പുറത്താവാതെ നിന്നു. തോല്‍വിയോടെ ഇംഗ്ലണ്ട് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിന്ന് പുറത്തായി. അടുത്ത കളി ഇന്ത്യ ജയിച്ചാലോ സമനില ആയാലോ ഇന്ത്യ തന്നെ ഫൈനല്‍ കളിക്കും. ഇംഗ്ലണ്ട് ജയിച്ചാല്‍ ഓസ്‌ട്രേലിയ ആവും ന്യൂസീലന്‍ഡിന്റെ എതിരാളികള്‍.