ഒരു കളിയ്ക്ക് 60000 രൂപ, അഭ്യന്തര താരങ്ങളുടെ മാച്ച് ഫീ കൂട്ടി ബിസിസിഐ

ആഭ്യന്തര മത്സരങ്ങളില്‍ കളിക്കുന്ന താരങ്ങളുടെ മാച്ച് ഫീ കുത്തനെ കൂട്ടി ബിസിസിഐ. 40ലേറെ കളികളില്‍ മത്സരിച്ച താരങ്ങള്‍ക്ക് ഒരു കളിക്ക് ലഭിക്കുന്ന പ്രതിഫലം 60,000 രൂപയായാണ് ഉയര്‍ത്തിയിരിക്കുന്നത്.

ബിസിസിഐ സെക്രട്ടറി ജയ് ഷാ ആണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ്മൂലം ആഭ്യന്തരമത്സരങ്ങള്‍ മുടങ്ങിയ പശ്ചാത്തലത്തില്‍ നഷ്ടപരിഹാരവും ബിസിസിഐയുടെ പ്രഖ്യാപിച്ചിട്ടുണ്ട്.

അണ്ടര്‍-23 താരങ്ങള്‍ക്ക് 25,000 രൂപയാണ് മാച്ച് ഫി, അണ്ടര്‍-19 താരങ്ങള്‍ക്ക് 20,000 രൂപയും പ്രതിഫലമായി ലഭിയ്ക്കും. ഇന്ന് ചേര്‍ന്ന ബിസിസിഐ ഉന്നതാധികാര കൗണ്‍സില്‍ യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

2019-20 സീസണ്‍ കളിച്ച താരങ്ങള്‍ക്ക് 50 ശതമാനം അധിക മാച്ച് ഫീയും ലഭിക്കും. കോവിഡ്മൂലം മത്സരങ്ങള്‍ മുടങ്ങിയതിനു നഷ്ടപരിഹാരമായാണ് ഈ തുക നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം രഞ്ജി ട്രോഫി റദ്ദാക്കിയിരുന്നു. പരിമിത ഓവര്‍ ടൂര്‍ണമെന്റുകള്‍ തീരെ നടന്നതുമില്ല.

നിലവില്‍ രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫികളില്‍ കളിക്കുന്ന മുതിര്‍ന്ന ആഭ്യന്തര താരങ്ങള്‍ക്ക് 35,000 രൂപയാണ് ഒരു മത്സരത്തിന് ലഭിക്കുന്നത്. സയ്യിദ് മുഷ്ത്താഖലി ട്രോഫിയില്‍ ഒരു കളിക്ക് 17,500 രൂപയും ലഭിക്കുന്നുണ്ട്.

You Might Also Like