അപ്രതീക്ഷിത നീക്കവുമായി ബയേൺ മ്യൂണിക്ക്, റയലും മാഞ്ചസ്റ്റർ സിറ്റിയും ഭയക്കണം

ഫുട്ബോൾ ലോകം ഇന്റർനാഷണൽ ബ്രേക്കിനു പിന്നാലെ പോയ സമയത്ത് അപ്രതീക്ഷിതമായ തീരുമാനമെടുത്ത് ജർമൻ ക്ലബായ ബയേൺ മ്യൂണിക്ക്. നിലവിലെ പരിശീലകനായ ജൂലിയൻ നാഗേൽസ്‌മാനെ പുറത്താക്കാൻ ബയേൺ മ്യൂണിക്ക് തീരുമാനിച്ചുവെന്നാണ് യൂറോപ്പിലെ എല്ലാ മാധ്യമങ്ങളും സ്ഥിരീകരിക്കുന്നത്. ഇന്ന് തന്നെ ഇക്കാര്യം ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മുപ്പത്തിയഞ്ചു വയസ് മാത്രം പ്രായമുള്ള പരിശീലകനാണ് ജൂലിയൻ നാഗേൽസ്‌മാൻ. ജർമനിയിൽ ഹോഫൻഹൈം, ലീപ്‌സിഗ് എന്നീ ക്ളബുകളെ പരിശീലിപ്പിച്ചിട്ടുള്ള അദ്ദേഹം 2021ലാണ് ബയേൺ മ്യൂണിക്കിലെത്തുന്നത്. കഴിഞ്ഞ സീസണിൽ ജർമൻ ലീഗ് നേടാൻ കഴിഞ്ഞെങ്കിലും ഈ സീസണിൽ ടീമിനെ പ്രകടനം സ്ഥിരതയില്ലാത്തതാണ്.

നിലവിൽ ബൊറൂസിയ ഡോർട്മുണ്ടിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബയേൺ മ്യൂണിക്ക് നിൽക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ബയേർ ലെവർകൂസനോട് ടീം തോൽവി വഴങ്ങുകയും ചെയ്‌തിരുന്നു. ചാമ്പ്യൻസ് ലീഗിൽ ക്വാർട്ടർ ഫൈനലിൽ ടീം എത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിയാണ് എതിരാളികൾ. നാഗേൽസ്‌മാന് ടീമിനെക്കൊണ്ട് മികച്ച പ്രകടനം നടത്താൻ കഴിയാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ പുറത്താക്കിയത്.

റിപ്പോർട്ടുകൾ പ്രകാരം നാഗൽസ്‌മാന്‌ പകരക്കാരനെയും ബയേൺ മ്യൂണിക്ക് കണ്ടെത്തി കഴിഞ്ഞു. ഈ സീസണിന്റെ തുടക്കത്തിൽ ചെൽസി പുറത്താക്കിയ മുൻ ബൊറൂസിയ ഡോർട്മുണ്ട് പരിശീലകൻ തോമസ് ടുഷേലാണ്‌ ഇനി ബയേൺ മ്യൂണിക്കിനെ നയിക്കുകയെന്ന് ഫാബ്രിസിയോ റൊമാനോ അടക്കമുള്ളവർ റിപ്പോർട്ടുചെയ്യുന്നു.

ടീമുകളെക്കൊണ്ട് വളരെ പെട്ടന്ന് കിരീടം നേടാനുള്ള തന്റെ കഴിവ് ഇതിനു മുൻപ് ചെൽസിയിൽ ടുഷെൽ തെളിയിച്ചതാണ്. 2021 ജനുവരിയിൽ എത്തിയ അദ്ദേഹം റയൽ മാഡ്രിഡ്, സിറ്റി എന്നിവരെ മറികടന്ന് മെയ് മാസത്തിൽ ടീമിന് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്തു. സിറ്റി, റയൽ മാഡ്രിഡ് എന്നിവർക്ക് ബയേൺ മ്യൂണിക്ക് എതിരാളികളായി വരുമെന്നിരിക്കെ ടുഷെൽ പരിശീലകനായി എത്തുന്നത് അവർക്ക് ഭീഷണി തന്നെയാണ്.

You Might Also Like