ഹാലാൻഡിന്റെ നിഴലിൽ നിന്നും യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറാവാൻ അൽവാരസിനു വമ്പൻ ഓഫർ

ഖത്തർ ലോകകപ്പിനു ശേഷമാണ് അർജന്റീന ആരാധകരുടെ കണ്ണിലുണ്ണിയായി ജൂലിയൻ അൽവാരസ് മാറുന്നത്. അതുവരെ ടീമിന്റെ പ്രധാന സ്‌ട്രൈക്കറായിരുന്ന ലൗടാരോ മാർട്ടിനസ് മോശം ഫോമിലേക്ക് വീണ ടൂർണമെന്റിൽ ലയണൽ മെസിക്കൊപ്പം മുന്നേറ്റനിരയിൽ മികച്ച പ്രകടനം നടത്തിയ താരം നാല് ഗോളുകൾ നേടി അർജന്റീനയുടെ കിരീടവിജയത്തിൽ നിർണായക പങ്കു വഹിക്കുകയുണ്ടായി.

അതിനു മുൻപ് കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റാൻ അൽവാരസിനു കഴിയാതിരുന്നത് മാഞ്ചസ്റ്റർ സിറ്റിയിൽ ഹാലാൻഡിന്റെ ബാക്കപ്പ് സ്‌ട്രൈക്കറായി പോയതു കൊണ്ടാണെന്നതിൽ തർക്കമില്ല. എന്നാൽ ലഭിച്ച അവസരങ്ങളിലെല്ലാം മികച്ച പ്രകടനം നടത്തിയ താരം ഒരു ബാക്കപ്പ് സ്‌ട്രൈക്കറായി മാത്രം നിൽക്കേണ്ടതല്ലെന്ന് വ്യക്തമായ കാര്യമാണ്. ഇപ്പോൾ അതിനുള്ള അവസരം അൽവാരസിനു ലഭിച്ചിട്ടുമുണ്ട്.

ബിൽഡിന്റെ റിപ്പോർട്ടുകൾ പ്രകാരം ബയേൺ മ്യൂണിക്കിന് അൽവാരസിൽ വളരെയധികം താൽപര്യമുണ്ട്. കഴിഞ്ഞ സമ്മറിൽ ക്ലബ് വിട്ടുപോയ റോബർട്ട് ലെവൻഡോസ്‌കിക്ക് പകരുമെന്ന നിലയിലാണ് ബയേൺ അർജന്റീന താരത്തെ നോട്ടമിടുന്നത്. ഹാരി കേൻ, കൊളോ മുവാനി എന്നിവരിലും ബയേണിന് താൽപര്യമുണ്ടെങ്കിലും ജോഷുവ കിമ്മിച്ചിനെ നൽകി അൽവാരസിനെ സ്വന്തമാക്കാൻ കഴിയുമെന്നത് അവർ കൂടുതൽ പരിഗണിക്കുന്നു.

പകരക്കാരനായാണ് ഇറങ്ങിയിട്ടുള്ളതെങ്കിലും ഈ സീസണിൽ ഹാലാൻഡിനു പിന്നിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ടോപ് സ്കോററായ താരം കൂടുതൽ അവസരങ്ങൾ ലഭിക്കുന്ന ഒരു ക്ലബ്ബിനെ അർഹിക്കുന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എന്നാൽ 2028 വരെ കരാറുള്ള താരത്തെ മാഞ്ചസ്റ്റർ സിറ്റി വിട്ടുകൊടുക്കുമോയെന്ന കാര്യം സംശയമാണ്. നിർണായക മത്സരങ്ങളിൽ ഗോൾ നേടാൻ കഴിയുന്ന താരം കൂടിയാണ് അൽവാരസ്.

You Might Also Like