കിരീടങ്ങൾ സ്വന്തമാക്കാനുറപ്പിച്ച് ഹാരി കേൻ, വമ്പൻ ക്ലബുമായി കരാർ ധാരണയിലെത്തി

നിരവധി വർഷങ്ങളായി പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ഹാരി കേൻ. നിരവധി ക്ലബുകൾ താരത്തിനായി ശ്രമം നടത്തിയിരുന്നെങ്കിലും ടോട്ടനത്തിൽ തന്നെ തുടരാനും അവർക്കൊപ്പം കിരീടങ്ങൾ സ്വന്തമാക്കാനുമാണ് താരം ആഗ്രഹിച്ചത്. എന്നാൽ ഈ സമ്മർ ട്രാൻസ്‌ഫർ ജാലകത്തോടെ അതിൽ മാറ്റമുണ്ടാകുമെന്നാണ് സൂചനകൾ.

ടോട്ടനവുമായി ഒരു വർഷത്തെ കരാർ മാത്രമാണ് ഹാരി കേനിനു ബാക്കിയുള്ളത്. ക്ലബിനൊപ്പം നിരവധി വർഷങ്ങൾ തുടർന്നിട്ടും ഒരു കിരീടം പോലും സ്വന്തമാക്കാൻ കഴിയാതിരുന്ന താരം മറ്റുള്ള ക്ലബുകളെ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ ഇരുപത്തിയൊമ്പത് വയസുള്ള താരം മറ്റൊരു ക്ലബുമായി ധാരണയിൽ എത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

റിപ്പോർട്ടുകൾ പ്രകാരം ജർമൻ ക്ലബായ ബയേൺ മ്യൂണിക്കും ഹാരി കേനുമായി കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ ടോട്ടനത്തിന്റെ നിലപാട് വളരെ നിർണായകമാണ്. താരത്തിനായി ബയേൺ മ്യൂണിക്ക് ആദ്യം നൽകിയ എഴുപതു മില്യൺ യൂറോയുടെ ഓഫർ ടോട്ടനം തഴഞ്ഞിരുന്നു. ഇപ്പോൾ കൂടുതൽ തുക ഓഫർ ചെയ്‌ത്‌ മറ്റൊരു ഓഫർ കൂടി നൽകാനുള്ള ശ്രമത്തിലാണ് ബയേൺ മ്യൂണിക്ക്.

ഹാരി കേനിനെ വിൽക്കാൻ ടോട്ടനത്തിനു ആഗ്രഹമില്ലെങ്കിലും നിലവിലെ സാഹചര്യത്തിൽ അതല്ലാതെ വേറെ വഴിയില്ല. ഒരു വർഷം മാത്രം കരാറിൽ ബാക്കിയുള്ള താരത്തിനായി പരമാവധി തുക നേടിയെടുക്കാനുള്ള ശ്രമമാണ് ടോട്ടനം നടത്തുന്നത്. അതിനു വേണ്ടിയാണ് അവർ ബയേണിന്റെ നിലവിലെ ഓഫർ തഴഞ്ഞതും.

ബയേൺ മ്യൂണിക്കിനെ സംബന്ധിച്ച് റോബർട്ട് ലെവൻഡോസ്‌കി ക്ലബ് വിട്ടതിനു ചേരുന്ന പകരക്കാരൻ തന്നെയാണ് ഹാരി കേൻ. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ മുപ്പതു ഗോളുകളാണ് ഇംഗ്ലണ്ട് താരം അടിച്ചു കൂട്ടിയത്. ബയേൺ മ്യൂണിക്കിനൊപ്പം ചേർന്നാൽ കിരീടങ്ങൾ നേടാനുള്ള സാധ്യതയും വർധിക്കും.

You Might Also Like