ഡെംബലെക്ക് പകരക്കാരനെ കണ്ടെത്തി ബാഴ്‌സലോണ, ലോണിൽ ടീമിലെത്തിക്കാൻ ശ്രമം

അപ്രതീക്ഷിതമായാണ് ഒസ്മാനെ ഡെംബലെ ബാഴ്‌സലോണ വിടാനുള്ള തീരുമാനമെടുത്തത്. നെയ്‌മർക്ക് പകരക്കാരൻ എന്ന നിലയിൽ ബാഴ്‌സലോണയിലെത്തിയ താരം നിരന്തരം പരിക്കുകൾ കാരണം ബുദ്ധിമുട്ടിയിരുന്നു. താരത്തെ വിൽക്കാൻ ബാഴ്‌സലോണ ശ്രമം നടത്തിയിരുന്നെങ്കിലും സാവി ടീമിലേക്ക് വന്നതോടെ അതിൽ മാറ്റമുണ്ടായി. സാവിക്ക് കീഴിൽ മികച്ച ഫോമിൽ താരം കളിക്കുകയും ചെയ്‌തു.

പുതിയ സീസണിൽ ബാഴ്‌സലോണയുടെ പ്രധാന താരമായി ഡെംബലെ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച സമയത്താണ് പിഎസ്‌ജിയുടെ ഓഫർ സ്വീകരിച്ച് ഫ്രഞ്ച് താരം ക്ലബ് വിടുന്നത്. ഇതോടെ അടുത്ത സീസണിൽ മികച്ച പ്രകടനം നടത്താൻ മറ്റൊരു താരത്തെ ബാഴ്‌സലോണക്ക് ആവശ്യമാണ്. റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ സിറ്റി താരം ബെർണാഡോ സിൽവയെയാണ് ബാഴ്‌സലോണ സ്വന്തമാക്കാൻ ശ്രമിക്കുന്നത്.

പോർച്ചുഗൽ താരമായ സിൽവ സാവിക്ക് വളരെയധികം പ്രിയപ്പെട്ട താരമാണ്. എന്നാൽ സാമ്പത്തിക പ്രതിസന്ധികൾ കാരണം താരത്തിനായി ഓഫർ നൽകാൻ ബാഴ്‌സലോണക്ക് കഴിഞ്ഞില്ല. ഇപ്പോൾ ഡെംബലെ ക്ലബ് വിട്ടതു വഴി ലഭിക്കുന്ന തുക വെച്ച് ബെർണാഡോ സിൽവയെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ബാഴ്‌സലോണ നടത്തിക്കൊണ്ടിരിക്കുന്നത്.

സിൽവക്ക് ക്ലബ് വിടാനുള്ള താൽപര്യമുണ്ടെങ്കിൽ മാഞ്ചസ്റ്റർ സിറ്റി അതിനിടയിൽ നിൽക്കില്ല. എന്നാൽ എഴുപതു മില്യൺ യൂറോയെങ്കിലും ട്രാൻസ്‌ഫർ ഫീസായി നൽകണമെന്നാണ് അവരുടെ ആവശ്യം. ബാഴ്‌സയെ സംബന്ധിച്ച് ഇത്രയും വലിയൊരു തുക നൽകുക ബുദ്ധിമുട്ടായതിനാൽ പോർച്ചുഗൽ താരത്തെ ലോണിൽ ടീമിലെത്തിക്കാനാണ് അവർ ശ്രമിക്കുന്നത്.

You Might Also Like