മെസിയും ഏഞ്ചൽ ഡി മരിയയും ക്ലബ് തലത്തിലും ഒരുമിക്കാനുള്ള സാധ്യത വർധിക്കുന്നു

മുപ്പത്തിയഞ്ചു വയസ്സായെങ്കിലും ഇപ്പോഴും മികച്ച പ്രകടനമാണ് അർജന്റീന താരമായ ഏഞ്ചൽ ഡി മരിയ നടത്തുന്നത്. ഖത്തർ ലോകകപ്പിന്റെ ഫൈനലിൽ അഴിഞ്ഞാടിയ താരം അർജന്റീനയുടെ വിജയത്തിൽ നിർണായക പങ്കു വഹിച്ചിരുന്നു. കഴിഞ്ഞ രണ്ടു വർഷം കൊണ്ട് അർജന്റീന നേടിയ മൂന്നു കിരീടങ്ങളുടെയും കലാശപ്പോരാട്ടത്തിൽ ഗോൾ നേടിയ താരം കൂടിയാണ് ഏഞ്ചൽ ഡി മരിയ.

നിലവിൽ യുവന്റസിൽ കളിക്കുന്ന ഏഞ്ചൽ ഡി മരിയയുടെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോവുകയാണ്. താരം അത് പുതുക്കാനുള്ള സാധ്യതകൾ ഉണ്ടായിരുന്നു എങ്കിലും യുവന്റസ് പോയിന്റ് വെട്ടിക്കുറക്കപ്പെട്ട് ഏഴാം സ്ഥാനത്തേക്ക് വീണതോടെ അതിനുള്ള സാധ്യത ഇല്ലാതായി. താരം വരുന്ന സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ ക്ലബ്ബിലേക്ക് ചേക്കേറുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

അതിനിടയിൽ ഏഞ്ചൽ ഡി മരിയയെ സ്വന്തമാക്കാൻ ബാഴ്‌സലോണ ശ്രമം തുടങ്ങിയെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. കഴിഞ്ഞ സമ്മറിൽ തന്നെ താരത്തെ സ്വന്തമാക്കാൻ ബാഴ്‌സ ശ്രമിച്ചെങ്കിലും റാഫിന്യ വന്നതോടെ ആ നീക്കം ഉപേക്ഷിച്ചു. എന്നാൽ ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണ വിൽക്കാൻ ശ്രമിക്കുന്ന താരങ്ങളിലൊരാൾ റാഫിന്യ ആണെന്നിരിക്കെ ഡി മരിയ ട്രാൻസ്‌ഫറിനുള്ള സാധ്യതകൾ വീണ്ടും തുറന്നിട്ടുണ്ട്.

ബാഴ്‌സലോണയ്ക്ക് പുറമെ പോർച്ചുഗീസ് ക്ലബായ ബെൻഫിക്ക, തുർക്കിഷ് ക്ലബായ ഗ്ളാത്സരെ, ജർമൻ ക്ലബായ ബൊറൂസിയ ഡോർട്ട്മുണ്ട് എന്നിവരാണ് ഡി മരിയക്കായി ശ്രമം നടത്തുന്നത്. മിഡിൽ ഈസ്റ്റ് ക്ളബുകൾക്കും താരത്തിൽ താൽപര്യമുണ്ടെങ്കിലും നിലവിൽ യൂറോപ്പിൽ തന്നെ തുടരാൻ താൽപര്യമുള്ള ഏഞ്ചൽ ഡി മരിയ ഓഫർ പരിഗണിക്കുന്നില്ല. അടുത്ത കോപ്പ അമേരിക്കയിൽ കളിക്കുകയാണ് താരത്തിന്റെ ലക്‌ഷ്യം.

You Might Also Like