യൂറോപ്പിൽ സാവിയുടെ തന്ത്രങ്ങൾ പിഴക്കുന്നു, ബ്രസീലിയൻ താരങ്ങൾ ബാഴ്‌സയെ പുറത്താക്കി

യുവേഫ യൂറോപ്പ ലീഗിന്റെ പ്ലേ ഓഫിൽ നടന്ന രണ്ടാം പാദ മത്സരത്തിൽ ബാഴ്‌സലോണയെ തകർത്തു വിട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. ആദ്യപാദത്തിൽ രണ്ടു ടീമുകളും രണ്ടു വീതം ഗോളുകൾ നേടി സമനിലയിൽ പിരിഞ്ഞ മത്സരത്തിനു ശേഷം നടന്ന രണ്ടാം പാദത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയം നേടിയത്. റോബർട്ട് ലെവൻഡോസ്‌കി ഒന്നാം പകുതിയിൽ ബാഴ്‌സലോണയെ മുന്നിലെത്തിച്ചെങ്കിലും രണ്ടാം പകുതിയിൽ ബ്രസീലിയൻ താരങ്ങളായ ഫ്രഡും ആന്റണിയും മാഞ്ചസ്റ്റർ യുണൈറ്റഡിനു വിജയം നേടിക്കൊടുത്തു.

ആദ്യപകുതിയിൽ ബാഴ്‌സലോണയാണ് മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചത്. ലെഫ്റ്റ് ബാക്കായി കളിക്കാനിറങ്ങിയ അലസാൻഡ്രോ ബാൾഡെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ തലവേദന സമ്മാനിച്ചിരുന്നു. വേഗതയും ഡ്രിബ്ലിങ്ങും കൊണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധത്തെ കീറിമുറിച്ച താരം തന്നെയാണ് ബാഴ്‌സക്ക് പെനാൽറ്റി നേടിക്കൊടുത്തത്. റോബർട്ട് ലെവൻഡോസ്‌കിയുടെ കിക്ക് ഡി ഗിയയുടെ കയ്യിൽ തട്ടിയാണ് ഗോളായി മാറിയത്. ആദ്യപകുതിയിൽ റോബർട്ടോ ഒരു സുവർണാവസരം തുലക്കുകയും ചെയ്‌തു.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ആന്റണിയെ ഇറക്കിയ ടെൻ ഹാഗിന്റെ തീരുമാനം വിജയം കണ്ടു. ബാൾഡേയുടെ മുന്നേറ്റങ്ങൾ തടുക്കാൻ താരം കൂടി അധ്വാനിച്ചതോടെ ബാഴ്‌സ മുന്നേറ്റങ്ങൾ തളർന്നു. അതിന്റെ കൂടെ പ്രതിരോധനിരയുടെ പിഴവുകൾ കൂടിയായപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡിന് കാര്യങ്ങൾ എളുപ്പമായി. ബാഴ്‌സലോണ പ്രതിരോധത്തിന്റെ പിഴവുകൾ തന്നെയാണ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത്.

മത്സരത്തിൽ തോൽവി നേരിട്ടതോടെ ബാഴ്‌സലോണ പരിശീലകനെന്ന നിലയിൽ സാവി യൂറോപ്പിൽ പരാജയപ്പെടുന്ന കാഴ്‌ചയാണ്‌ കാണുന്നത്. കഴിഞ്ഞ സീസണിൽ സാവി എത്തിയതിനു ശേഷം ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ ബാഴ്‌സലോണ യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ തോൽവി വഴങ്ങിയിരുന്നു. ഈ സീസണിലും ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ബാഴ്‌സലോണക്ക് ഇപ്പോൾ യൂറോപ്പ ലീഗിനും യോഗ്യത നേടാൻ കഴിഞ്ഞില്ല. എന്നാൽ ലീഗിൽ ബാഴ്‌സലോണയാണ് ഒന്നാം സ്ഥാനത്ത്.

You Might Also Like