ടീമിലെത്തിയത് രണ്ടു പോർച്ചുഗൽ സൂപ്പർതാരങ്ങൾ, അവസാനദിവസം ഞെട്ടിച്ച് ബാഴ്‌സലോണ

ട്രാൻസ്‌ഫർ ജാലകത്തിന്റെ അവസാനത്തെ ദിവസം ആരാധകരെ ഞെട്ടിച്ച് ബാഴ്‌സലോണയുടെ മികച്ച നീക്കം. രണ്ടു വമ്പൻ താരങ്ങളെയാണ് ട്രാൻസ്‌ഫർ ഡെഡ്‌ലൈൻ ഡേയിൽ ബാഴ്‌സലോണ സ്വന്തമാക്കിയത്. ഈ സമ്മർ ജാലകത്തിൽ കൂടുതൽ വമ്പൻ സൈനിംഗുകളൊന്നും പൂർത്തിയാക്കാൻ കഴിയാതിരിക്കുകയും ഡെംബലെ അടക്കമുള്ള താരങ്ങൾ ക്ലബ് വിടുകയും ചെയ്‌ത സാഹചര്യത്തിൽ ബാഴ്‌സലോണക്ക് ആശ്വാസമാണ് ഈ സൈനിംഗുകൾ.

മാഞ്ചസ്റ്റർ സിറ്റി റൈറ്റ് ബാക്കായ ജോവോ കാൻസലോ, അത്ലറ്റികോ മാഡ്രിഡിന്റെ മുന്നേറ്റനിര താരമായ ജോവോ ഫെലിക്‌സ് എന്നിവരെയാണ് ബാഴ്‌സലോണ ടീമിലെത്തിച്ചത്. രണ്ടു താരങ്ങളും ലോൺ കരാറിലാണ് ബാഴ്‌സലോണയിലേക്ക് വന്നിരിക്കുന്നത്. അതേസമയം ഇവരെ സ്ഥിരമായി സ്വന്തമാക്കാനുള്ള ഉടമ്പടിയൊന്നും കരാറിലില്ലെന്നത് ബാഴ്‌സലോണയെ സംബന്ധിച്ച് ചെറിയൊരു നിരാശയാണ്.

മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് കഴിഞ്ഞ സീസണിൽ ബയേണിൽ ലോണിൽ കളിച്ച കാൻസലോ ബാഴ്‌സലോണക്ക് ആവശ്യമുള്ള സൈനിങാണ്. കഴിഞ്ഞ സീസണിൽ ഒരു പ്രോപ്പർ റൈറ്റ് ബാക്കില്ലാതെ സെന്റർ ബാക്കുകളായ കൂണ്ടെ, അറോഹോ എന്നിവരെ ആ സ്ഥാനത്ത് ഉപയോഗിച്ച് സാവിക്ക് കൂടുതൽ ഓപ്‌ഷൻസ് ഈ സൈനിങ്‌ നൽകുമെന്നതിൽ സംശയമില്ല.

നിലവിൽ ഫുട്ബോൾ ലോകത്തിലെ മികച്ച റൈറ്റ് ബാക്കുകളിൽ ഒരാളായ കാൻസലോയുടെ സൈനിങ്‌ ബാഴ്‌സലോണക്ക് കരുത്ത് നൽകുമെങ്കിലും ഫെലിക്‌സിന്റെ കാര്യത്തിൽ ആ ഉറപ്പില്ല. ബെൻഫിക്കയിൽ നിന്നും അത്ലറ്റികോ മാഡ്രിഡിലേക്ക് എത്തിയ താരത്തിന് ഇതുവരെ തന്റെ ഫോം തെളിയിക്കാൻ കഴിഞ്ഞിട്ടില്ല. ബാഴ്‌സലോണ ട്രാൻസ്‌ഫർ താരത്തിന് കഴിവ് തെളിയിക്കാനുള്ള ഒരവസരം കൂടിയാണ്.

You Might Also Like