ബ്രസീലിയൻ കടുവ ബാഴ്‌സലോണക്ക് സ്വന്തം, ട്രാൻസ്‌ഫർ പ്രഖ്യാപിച്ച് കാറ്റലൻ ക്ലബ്

സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണെങ്കിലും കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് ബാഴ്‌സലോണ നടത്തിയത്. പ്രധാനതാരങ്ങളിൽ പലർക്കും പരിക്ക് പറ്റിയത് ചാമ്പ്യൻസ് ലീഗിലെ ടീമിന്റെ പ്രകടനത്തെ ബാധിച്ചെങ്കിലും ലീഗും സൂപ്പർകപ്പും സ്വന്തമാക്കാൻ ക്ലബിന് കഴിഞ്ഞു. വരുന്ന സീസണിൽ കൂടുതൽ മികവ് കാട്ടാനുള്ള തയ്യാറെടുപ്പിലാണ് ബാഴ്‌സലോണ.

അടുത്ത സീസണിൽ മികച്ച പ്രകടനം നടത്തുന്നതിനായി പുതിയ താരങ്ങളെ സ്വന്തമാക്കുന്ന ബാഴ്‌സലോണ ബ്രസീലിൽ നിന്നുമൊരു താരത്തെ ടീമിലെത്തിച്ച വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ബ്രസീലിയൻ ക്ലബായ അത്ലറ്റികോ പരാനെന്സിന്റെ താരമായ വിറ്റർ റോക്യൂവിനെയാണ് ബാഴ്‌സലോണ ടീമിന്റെ ഭാഗമാക്കിയിരിക്കുന്നത്. പതിനെട്ടുകാരനായ താരമാണ് റോക്യൂ.

അതേസമയം ഇപ്പോൾ ടീമിലെത്തിച്ചെങ്കിലും അടുത്ത സീസണിലാവും താരം ബാഴ്‌സലോണയിൽ ചേരുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാല്പതു മില്യൺ യൂറോയാണ് ബ്രസീലിയൻ താരത്തിന് ട്രാൻസ്‌ഫർ ഫീസായി നൽകിയിരിക്കുന്നത്. അതിനു പുറമെ ഇരുപത്തിയൊന്ന് മില്യൺ യൂറോ മൂല്യം വരുന്ന ആഡ് ഓണുകളും കരാറിൽ ബാഴ്‌സലോണ ഉൾപ്പെടുത്തിയിട്ടുണ്ട്.

കരിയറിന്റെ അവസാനത്തിൽ എത്തി നിൽക്കുന്ന റോബർട്ട് ലെവൻഡോസ്‌കിക്ക് പകരക്കാരനാകാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്ന താരമാണ് റോക്യൂ. ബ്രസീലിയൻ ക്ലബിനായി 66 മത്സരങ്ങളിൽ നിന്നും 22 ഗോളുകൾ പതിനെട്ടാം വയസിൽ തന്നെ താരം നേടിക്കഴിഞ്ഞു. കഴിഞ്ഞ സീസണിൽ കോപ്പ ലിബർട്ടഡോസ് ഫൈനലിൽ ടീമിലെ എത്തിച്ചതും താരത്തിന്റെ പ്രകടനം തന്നെയാണ്. ബ്രസീലിനു വേണ്ടിയും താരം അരങ്ങേറ്റം നടത്തിയിട്ടുണ്ട്.

You Might Also Like