കോഹ്ലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി തകര്‍ത്ത് ബാബര്‍ അസം

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുടെ മറ്റൊരു ടി20 റെക്കോര്‍ഡ് കൂടി തകര്‍ത്ത് പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം. ടി20 ക്രിക്കറ്റില്‍ അതിവേഗം 2000 റണ്‍സ് തികക്കുന്ന താരമെന്ന നേട്ടമാണ് ബാബര്‍ അസം സ്വന്തം പേരില്‍ കുറിച്ചത്. വിരാട് കോഹ്ലിയുടെ പേരിലുളള റെക്കോര്‍ഡാണ് ബാബര്‍ അസം പഴങ്കഥയാക്കിയത്.

കഴിഞ്ഞ ദിവസം സിംബാബ്വെക്കെതിരെ നടന്ന ടി20 പരമ്പരയിലെ അവസാന മത്സരത്തിലാണ് ബാബര്‍ ഈ തകര്‍പ്പന്‍ നേട്ടം സ്വന്തം പേരില്‍ കുറിച്ചത്.

52 ഇന്നിംഗ്‌സുകളിലാണ് ബാബര്‍ അസം ടി20 ക്രിക്കറ്റില്‍ 2000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ടത്. കോഹ്ലിയാകട്ടെ ടി20യില്‍ 56 ഇന്നിംഗ്‌സുകളില്‍ നിന്നാണ് 2000 പിന്നിട്ടത്. 62 ഇന്നിംഗ്‌സുകളില്‍ 2000 പിന്നിട്ട ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ചാണ് മൂന്നാം സ്ഥാനത്ത്. ബ്രണ്ടന്‍ മക്കല്ലം(66 ഇന്നിംഗ്‌സ്), മാര്‍ട്ടിന്‍ ഗപ്ടില്‍(68) എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളവര്‍.

സിംബാബ്വെക്കെതിരായ അവസാന ടി20 മത്സരത്തില്‍ ബാബര്‍ അസം അര്‍ധസെഞ്ചുറി സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ 24 റണ്‍സിന്റെ വിജയവും പാകിസ്ഥാന്‍ സ്വന്തം പേരില്‍ കുറിച്ചു. 20 ഓവറില്‍ പാകിസ്ഥാന്‍ 165 റണ്‍സടിച്ചപ്പോള്‍ സിംബാബ്വെക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഇതോടെ മൂന്ന് മത്സര പരമ്പര പാക്കിസ്ഥാന്‍ 2-1ന് സ്വന്തമാക്കി.

You Might Also Like