യുഎഇയില്‍ പാക് താരത്തെ എത്തിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, പ്രതിഷേധം പേടിച്ച് ഇന്ത്യന്‍ ഉടമകള്‍കള്‍

ഇന്ത്യന്‍ ഉടമകള്‍ പേടിച്ച് നില്‍ക്കുന്നതിനിടെ പുതിയ ക്രിക്കറ്റ് ലീഗായ യുഎഇ ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആദ്യ പാക്കിസ്ഥാന്‍ താരത്തെ എത്തിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ കീഴിലുളള ഡെസര്‍ട്ട് വൈപ്പേഴ്‌സ് ടീം. പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്ന മൊയിന്‍ ഖാന്റെ മകനായ അസം ഖാനെയാണ് ഡെസര്‍ട്ട് വൈപ്പേഴ്‌സ് ടീം സ്വന്തമാക്കിയിരിക്കുന്നത്.

അതേസമയം പാക്കിസ്ഥാന്‍ താരങ്ങളെ യുഎഇ, ദക്ഷിണാഫ്രിക്ക ലീഗുകളില്‍ ടീമിലെടുക്കേണ്ടെന്ന നിലപാടിലാണ് ഇന്ത്യന്‍ ഉടമകള്‍. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മോശമായി തുടരുന്നതിനാല്‍ പാക്ക് താരങ്ങളെ ടീമിലെടുത്താല്‍ ഇന്ത്യന്‍ ആരാധകരുടെ പ്രതിഷേധമുണ്ടാകുമെന്ന ആശങ്കയാണു തീരുമാനത്തിനു പിന്നില്‍.

യുഎഇ ലീഗിലെ അഞ്ച് ടീമുകള്‍ സ്വന്തമാക്കിയിരിക്കുന്നത് ഇന്ത്യക്കാരാണ്. എംഐ എമിറേറ്റ്‌സ്, അബുദബി നൈറ്റ്‌റൈഡേഴ്‌സ്, ഷാര്‍ജ വാരിയേഴ്‌സ്, ഗള്‍ഫ് ജയന്റ്‌സ്, ദുബായ് ക്യാപിറ്റല്‍സ് എന്നീ ടീമുകളാണ് ഇന്ത്യക്കാരുടേതായിട്ടുള്ളത്.

പാക്കിസ്ഥാനു വേണ്ടി മൂന്ന് ട്വന്റി20 മത്സരങ്ങള്‍ മാത്രമാണ് 24 വയസ്സുകാരനായ അസം കളിച്ചിട്ടുള്ളത്. പാക്കിസ്ഥാന്‍ ലീഗില്‍ ക്വെറ്റ ഗ്ലാഡിയേറ്റഴ്‌സിനും ഇസ്‌ലാമബാദ് യുണൈറ്റഡിനും വേണ്ടി കളിച്ചിട്ടുണ്ട്. ലങ്ക പ്രീമിയര്‍ ലീഗിലും കരീബിയന്‍ പ്രീമിയര്‍ ലീഗിലും കളിച്ച പരിചയവുമുണ്ട്.

അസംഖാനെ കൂടാതെ വെസ്റ്റിന്‍ഡീസ് പേസര്‍ ഷെല്‍ഡന്‍ കോട്രല്‍, ഇംഗ്ലിഷ് താരങ്ങളായ ടോം കറന്‍, ബെന്‍ ഡക്കെറ്റ്, അലെക്‌സ് ഹേല്‍സ്, ബെന്നി ഹോവല്‍, ലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗ എന്നിവര്‍ ഡെസര്‍ട്ട് വൈപ്പേഴ്‌സ് ടീമിനു വേണ്ടിയാണു യുഎഇയില്‍ കളിക്കുന്നത്.

You Might Also Like