മറ്റൊരു താരം കൂടി ബ്ലാസ്റ്റേഴ്‌സ് വിട്ടു, ചേക്കേറുന്നത് ചെന്നൈയിൻ എഫ്‌സിയിൽ

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും കൊഴിഞ്ഞു പോക്കിന്റെ സമയമാണിപ്പോൾ. നിരവധി താരങ്ങളാണ് കഴിഞ്ഞ സീസണിന് ശേഷം ക്ലബ് വിട്ടത്. അതിനൊത്ത പകരക്കാരെ കണ്ടെത്താൻ കഴിയാതെ ബ്ലാസ്റ്റേഴ്‌സ് ബുദ്ധിമുട്ടുന്ന സമയത്ത് പരിക്കിന്റെ പ്രശ്‌നങ്ങളും അവരെ വലക്കുന്നുണ്ട്. ഇപ്പോൾ മറ്റൊരു താരം കൂടി ക്ലബ് വിട്ട് എതിരാളികളുടെ തട്ടകത്തിലേക്ക് ചേക്കേറിയെന്ന വാർത്തയാണ് പുറത്തു വരുന്നത്.

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മധ്യനിര താരമായ ആയുഷ് അധികാരിയാണ് ക്ലബ് വിട്ടത്. താരത്തെ ചെന്നൈയിൻ എഫ്‌സി സ്വന്തമാക്കാൻ എല്ലാ തരത്തിലും ധാരണയിൽ എത്തിയെന്നാണ് റിപ്പോർട്ടുകൾ പുറത്തു വരുന്നത്. ഇതോടെ ഈ ട്രാൻസ്‌ഫർ ജാലകത്തിൽ ചെന്നൈയിൻ എഫ്‌സി നടത്തുന്ന എട്ടാമത്തെ ഇന്ത്യൻ താരത്തിന്റെ സൈനിങായി ആയുഷ് അധികാരി മാറും.

കേരള ബ്ലാസ്റ്റേഴ്‌സ് കരാർ അവസാനിക്കാൻ ഒരു വർഷം ബാക്കി നിൽക്കെയാണ് താരം ചെന്നൈയിൻ എഫ്‌സിയിലേക്ക് ചേക്കേറുന്നത്. ബ്ലാസ്റ്റേഴ്‌സ് ബി ടീമിൽ ഉണ്ടായിരുന്ന താരമാണ് ആയുഷ് അധികാരി. അതിനു ശേഷം ഒരു സീസണിൽ ഐ ലീഗ് ക്ലബായ ഇന്ത്യൻ ആരോസിനു വേണ്ടി കളിച്ചിരുന്നു. 2020 മുതൽ സീനിയർ ടീമിൽ ഉണ്ടായിരുന്ന താരം ഡിഫെൻസിവ് മിഡ്‌ഫീൽഡർ പൊസിഷനിലാണ് കളിച്ചിരുന്നത്.

ബ്ലാസ്റ്റേഴ്‌സിനായി കളിച്ചിട്ടുണ്ടെങ്കിലും ഒരു ഗോളോ അസിസ്റ്റോ സ്വന്തമാക്കാൻ ആയുഷ് അധികാരിക്ക് കഴിഞ്ഞിട്ടില്ല. ഇരുപത്തിരണ്ടുകാരനായ താരം മുപ്പതു മത്സരങ്ങളിലാണ് ക്ലബിനായി ബൂട്ട് കെട്ടിയിരിക്കുന്നത്. വിക്റ്റർ മോങ്കിൽ, കലിയുഷ്‌നി, ജിയാനു, ഖബ്‌റ, ജെസ്സൽ, നിഷു കുമാർ, സഹൽ, ഗിൽ, മുഹീത് ഖാൻ തുടങ്ങിയവർ ക്ലബ് വിട്ടതിനു പിന്നാലെയാണ് ആയുഷും ബ്ലാസ്റ്റേഴ്‌സ് വിടുന്നത്.

You Might Also Like