നാണക്കേടിനിടെയിലും മായങ്കിനെ തേടി അവിശ്വസനീയ റെക്കോര്‍ഡ്

ടെസ്റ്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്‌കോര്‍ എന്ന നാണക്കേടുപേറി നില്‍ക്കുന്നതിനിടയിലും ഇന്ത്യന്‍ താരത്തെ തേടിയെത്തി റെക്കോഡ്. ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് മായങ്ക് അഗര്‍വാള്‍ സ്വന്തമാക്കി. 19 ഇന്നിംഗ്സുകളില്‍ നിന്നാണ് മായങ്ക് ഈ നേട്ടം കൈവരിച്ചത്.

21 ഇന്നിംഗ്സുകളില്‍ നിന്ന് 1000 റണ്‍സ് പൂര്‍ത്തിയാക്കിയ ഇതിഹാസ താരം സുനില്‍ ഗവാസ്‌കറിനെ പിന്തള്ളിയാണ് മായങ്ക് മൂന്നാമനായത്. അഡ്‌ലെയ്ഡ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ നാലാമത്തെ ബോളില്‍ മിച്ചെല്‍ സ്റ്റാര്‍ക്കിനെതിരേ ബൗണ്ടറി നേടിയതോടെയാണ് മായങ്ക് 1000 റണ്‍സ് ക്ലബ്ബില്‍ ഇടംനേടിയത്. 14 ഇന്നിംഗ്‌സുകളില്‍ നിന്നും 1000 റണ്‍സെടുത്ത മുന്‍ താരം വിനോദ് കാംബ്ലിയുടെ ഈ റെക്കോഡില്‍ ഒന്നാമന്‍.

18 ഇന്നിംഗ്‌സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച ചേതേശ്വര്‍ പുജാരയാണ് രണ്ടാമന്‍. ഓസീസിനെതിരായി അഡ്‌ലെയ്ഡില്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ടെസ്റ്റില്‍ മായങ്കില്‍ നിന്ന് മികച്ച ഇന്നിംഗ്സ് ഒന്നും ഉണ്ടായില്ല. ആദ്യ ഇന്നിംഗ്‌സില്‍ 17 റണ്‍സിന് പുറത്തായ മായങ്ക്, രണ്ടാം ഇന്നിംഗ്‌സില്‍ 9 റണ്‍സ് മാത്രമാണ് നേടിയത്.

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 36 റണ്‍സിന് പുറത്തായി. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 9 ന് ഒന്ന് നിലയില്‍ മൂന്നാം ദിവസത്തെ കളി ആരംഭിച്ച ഇന്ത്യയ്ക്ക് 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ എട്ട് വിക്കറ്റ് നഷ്ടമായി. ഷമി പരിക്കേറ്റ് പുറത്തായതോടെയാണ് ഇന്ത്യന്‍ ഇന്നിംഗ്സ് 36 ല്‍ അവസാനിച്ചത്. ഒരു ഇന്ത്യന്‍ താരത്തിന് പോലും രണ്ടക്കം കടക്കാനില്ല എന്നതാണ് നാണംകെട്ടകാര്യം. റണ്‍സെടുത്ത മായങ്ക് അഗര്‍വാളാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

ആദ്യ ഇന്നിംഗ്സിലെ 53 റണ്‍സ് കൂട്ടി ഇന്ത്യയ്ക്ക് 89 റണ്‍സിന്റെ ലീഡാണ് ഉള്ളത്. രണ്ടര ദിവസം ബാക്കി നില്‍ക്കെ ഓസീസിന് ജയം അനായാസമാണ്.

You Might Also Like