ഷഹീനെ ദുബൈയ്ക്ക് വിളിച്ച് വരുത്തി ബാബര്‍, ഇന്ത്യയെ നേരിടും മുമ്പ് നിര്‍ണ്ണായ നീക്കം

പരുക്കേറ്റതിനെ തുടര്‍ന്ന് ഏഷ്യ കപ്പില്‍ നിന്നും പുറത്തായെങ്കിലും പാക് ടീമിനൊപ്പം ദുബായിലെത്തിയിരിക്കുകയാണ് പേസര്‍ ഷഹീന്‍ അഫ്രീദി. ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഷഹീന്‍ അഫ്രീദി ടീമിനൊപ്പം സഞ്ചരിക്കുന്നത്. ബദ്ധ വൈരിളായ ഇന്ത്യയെ അടക്കം നേരിടുമ്പോള്‍ ഷഹീന്‍ ഡ്രെസ്സിംഗ് റൂമിലുണ്ടാകുന്നത് ടീമിന് കരുത്താകും എന്നാണ് ബാബര്‍ അസത്തിന്റെ വിലയിരുത്തല്‍.

കാല്‍മുട്ടിനു പരുക്കേറ്റാണ് ഷഹീന്‍ പുറത്തായത്. താരത്തിന് ഡോക്ടര്‍മാര്‍ ആറ് ആഴ്ചത്തെ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഒക്ടോബറില്‍ ന്യൂസീലന്‍ഡിനെതിരായ ടി-20 പരമ്പരയിലൂടെ താരം തിരികെയെത്തിയേക്കും. പൂര്‍ണ്ണ ഫിറ്റ്‌നസ് കൈവരിച്ചാല്‍ ടി20 ലോകകപ്പിലും ഷഹീന് കളിയ്ക്കും.

അതേസമയം, ഏഷ്യാ കപ്പിലെ അവസാന ടീമായി ഹോങ്കോങ് യോഗ്യത നേടി. അവസാന യോഗ്യതാ മത്സരത്തില്‍ യുഎഇയെ മറികടന്നാണ് ഹോങ്കോങ് ഏഷ്യാ കപ്പ് യോഗ്യത നേടിയത്. ഇന്ത്യയും പാകിസ്താനും ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ഹോങ്കോങ് ഉള്‍പ്പെട്ടിരിക്കുന്നത്. ഈ മാസം 31ന് ഇന്ത്യക്കെതിരെയാണ് ഹോങ്കോങിന്റെ ആദ്യ മത്സരം.

ഈ മാസം 27നാണ് ഏഷ്യാ കപ്പ് ആരംഭിക്കുക. ഉദ്ഘാടന മത്സരത്തില്‍ അഫ്ഗാനിസ്താനും ശ്രീലങ്കയും തമ്മില്‍ ഏറ്റുമുട്ടും. ടൂര്‍ണമെന്റില്‍ പാകിസ്താന്‍ ആണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍. ഓഗസ്റ്റ് 28ന് ദുബായില്‍ മത്സരം നടക്കും.

ക്രിക്കറ്റില്‍ നിന്ന് താത്കാലിക ഇടവേള കഴിഞ്ഞെത്തുന്ന കോലിയുടെ തിരിച്ചുവരവ് കൂടിയാണ് ഏഷ്യാ കപ്പ്. വിശ്രമത്തിലായിരുന്ന വിരാട് കോഹ്ലി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തി. ഫോമിലല്ലാത്ത കോലിയ്ക്ക് ടി20 ലോകകപ്പിന് മുന്‍പ് ഫോമിലേക്ക് തിരിച്ച് വരാനുള്ള അവസരം കൂടിയാണ് ഏഷ്യ കപ്പ്.

You Might Also Like