റയൽ മാഡ്രിഡ് താരം ബാഴ്‌സലോണയിലേക്ക് കൂടു മാറുമോ, നിർണായക വെളിപ്പെടുത്തൽ

ഈ സീസണിൽ പ്രതീക്ഷിച്ചത്ര മികച്ച പ്രകടനമല്ല റയൽ മാഡ്രിഡ് നടത്തുന്നത്. ലീഗിൽ ബാഴ്‌സലോണയെക്കാൾ പന്ത്രണ്ടു പോയിന്റ് പിന്നിലായ ടീം കോപ്പ ഡെൽ റേ സെമി ഫൈനൽ ആദ്യപാദത്തിലും ബാഴ്‌സലോണക്കെതിരെ തോൽവി വഴങ്ങി. ചാമ്പ്യൻസ് ലീഗാണ് ഈ സീസണിൽ റയൽ മാഡ്രിഡിന് കൂടുതൽ പ്രതീക്ഷ പുലർത്താൻ കഴിയുന്ന ഒരു കിരീടം. കോപ്പ ഡെൽ റേയിലും പ്രതീക്ഷകൾ അവശേഷിക്കുന്നുണ്ട്.

അടുത്ത സീസൺ ലക്ഷ്യമിട്ട് റയൽ മാഡ്രിഡ് ടീമിനെ അഴിച്ചു പണിയാൻ ഒരുങ്ങുകയാണ്. ടീമിലുള്ള നിരവധി താരങ്ങളെ ഒഴിവാക്കി പുതിയൊരു തലമുറയെ സൃഷ്‌ടിച്ചെടുക്കാനുള്ള ശ്രമങ്ങൾ റയൽ മാഡ്രിഡ് നടത്തുന്നുണ്ട്. വരുന്ന സമ്മറിൽ ടീമിൽ നിന്നും ഒഴിവാക്കപ്പെടുമെന്നു പ്രതീക്ഷിക്കുന്ന താരങ്ങളിൽ ഒരാളാണ് മാർകോ അസെൻസിയോ.

ഈ സീസണോടെ കരാർ അവസാനിക്കുന്ന താരം ഇതുവരെയും അത് പുതുക്കിയിട്ടില്ല. മെച്ചപ്പെട്ട ഓഫർ നൽകാൻ റയൽ മാഡ്രിഡ് തയ്യാറായിട്ടില്ലെന്ന റിപ്പോർട്ടുകളുമുണ്ട്. അതുകൊണ്ടു തന്നെ ഫ്രീ ഏജന്റാകുന്ന താരത്തെ സ്പെയിനിലെ ചിരവൈരികളായ ബാഴ്‌സലോണ സ്വന്തമാക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. റയൽ മാഡ്രിഡിൽ നിന്നും ബാഴ്‌സയിലേക്ക് താരങ്ങൾ ചേക്കേറുന്നത് അപൂർവമാണെന്നിരിക്കെ ഇത് വാർത്താപ്രാധാന്യം തേടുകയും ചെയ്‌തു.

എന്നാൽ അസെൻസിയോ റയൽ മാഡ്രിഡിൽ നിന്നും ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ യാതൊരു സാധ്യതയുമില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. സ്പെയിനിലെ മാധ്യമമായ കോപ്പിന്റെ റിപ്പോർട്ടുകൾ പ്രകാരം ബാഴ്‌സയിലേക്ക് ചേക്കേറുന്നതിനെ കുറിച്ച് താരം ചിന്തിച്ചിട്ടു പോലുമില്ല. അതേസമയം താരം റയൽ മാഡ്രിഡുമായി കരാർ പുതുക്കാനുള്ള സാധ്യതകളും കുറവാണ്.

ഫ്രീ ഏജന്റായതിനാൽ തന്നെ അസെൻസിയോയെ സ്വന്തമാക്കാൻ ബാഴ്‌സലോണക്ക് താൽപര്യം ഉണ്ടായിരുന്നുവെന്നു വേണം കരുതാൻ. എന്നാൽ നിലവിലെ സാഹചര്യത്തിൽ അസെൻസിയോ ബാഴ്‌സയുടെ ലക്ഷ്യമായിരിക്കില്ല. ലയണൽ മെസിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സ നടത്തുന്നതിനാൽ തന്നെ അതെ പൊസിഷനിൽ കളിക്കുന്ന അസെൻസിയോക്കായി അവർ ശ്രമം നടത്താൻ സാധ്യതയില്ല.

You Might Also Like