റയൽ മാഡ്രിഡിൽ തുടരുമെന്ന ഉറപ്പില്ലാതെ അസെൻസിയോ, പ്രീമിയർ ലീഗ് ക്ലബ് നീക്കങ്ങളാരംഭിച്ചു

ഈ സീസൺ പൂർത്തിയാകുന്നതോടെ കരാർ അവസാനിക്കുന്ന മാർകോ അസെൻസിയോക്ക് പുതിയ കരാർ നൽകാൻ റയൽ മാഡ്രിഡ് ഇതുവരെയും തയ്യാറായിട്ടില്ല. സീസൺ അവസാനിക്കാനിരിക്കെ മികച്ച ഫോമിലാണ് താരം കളിക്കുന്നത്. കൂടുതൽ മത്സരങ്ങളിലും പകരക്കാരനായാണ് ഇറങ്ങുന്നതെങ്കിലും നിർണായക ഗോളുകൾ നേടാൻ അസെൻസിയോക്ക് കഴിയുന്നു.

റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് സ്‌പാനിഷ്‌ താരത്തിന് ആഗ്രഹമെങ്കിലും അതിനുള്ള സാധ്യതകളെക്കുറിച്ച് വ്യക്തതയില്ലെന്നാണ് അസെൻസിയോ തന്നെ പറയുന്നത്. ഈ സീസണിന്റെ രണ്ടാം പകുതിയിൽ ഗോളുകളും അസിസ്റ്റുകളുമായി ആൻസലോട്ടിയുടെ ടീമിലെ പ്രധാനിയായി തുടരുമ്പോഴും താരത്തിന്റെ ഭാവി അനിശ്ചിതത്വത്തിൽ തുടരുകയാണ്.

എന്താണ് എന്റെ കാര്യത്തിൽ സംഭവിക്കുകയെന്ന് എനിക്കറിയില്ല.ഞാനതിനെ കുറിച്ച് ചിന്തിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ എന്താണ് അടുത്ത നീക്കമെന്നതിനെക്കുറിച്ച് മറുപടി നൽകാനും എനിക്കിപ്പോൾ കഴിയില്ല.” ബീയിങ് സ്പോർട്ട്സിനോട് സംസാരിക്കുമ്പോൾ മുൻ മയോർക്ക താരം പറഞ്ഞു.

“അഭ്യൂഹങ്ങൾ വളരെ സാധാരണമായി ഉണ്ടാകുന്നതാണ്. ജൂലൈ മുതൽ എനിക്ക് ഏതു ക്ലബുമായി കരാർ ഒപ്പിടാനുമുള്ള സ്വാതന്ത്ര്യമുണ്ട്. അഭ്യൂഹങ്ങൾ ഇനിയും വർധിക്കാനാണ് സാധ്യത. ഒരുപാട് അഭ്യൂഹങ്ങൾ നിറഞ്ഞു നിൽക്കുന്ന ഒരു ലോകത്താണ് ഞാൻ ജീവിച്ചു കൊണ്ടിരിക്കുന്നത്. അതിനെ നിയന്ത്രിക്കാൻ എനിക്ക് കഴിയില്ല.

അതേസമയം താരത്തിനായി ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ആസ്റ്റൺ വില്ല ശ്രമം തുടങ്ങിയെന്നു റിപ്പോർട്ടുകളുണ്ട്. സ്‌പാനിഷ്‌ പരിശീലകനായ ഉനെ എമറി പരിശീലകനായതിനു ശേഷം കുതിപ്പിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന ആസ്റ്റൺ വില്ല ടീമിനെ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. എന്നാൽ റയൽ മാഡ്രിഡിന്റെ ഓഫർ ലഭിച്ചാൽ അസെൻസിയോ അവിടെ തന്നെ തുടരും.

You Might Also Like