പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ ഇന്ത്യയെ മികച്ചതാക്കാൻ കഴിയും, ഉറപ്പു നൽകി ആഴ്‌സൺ വെങ്ങർ

ഫിഫയുടെ ഗ്ലോബൽ ഫുട്ബോൾ ഡെവലപ്മെന്റ് ചീഫായ ആഴ്‌സൺ വെങ്ങർ കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് എത്തിയിരുന്നു. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചക്ക് ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായിരിക്കുന്നു അദ്ദേഹം അതിന്റെ ഭാഗമായാണ് ഇന്ത്യയിലേക്ക് എത്തിയത്. ഒഡിഷയിലെ ഭുവനേശ്വറിൽ ലോകോത്തര നിലവാരമുള്ള ഒരു അക്കാദമി നിർമിക്കുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കാൻ പോകുന്ന അദ്ദേഹം അതിനു പുറമെ ഇന്ത്യയും ഖത്തറും തമ്മിലുള്ള മത്സരം കാണുകയും ചെയ്യും.

ഇന്ത്യൻ ഫുട്ബോളിൽ മാറ്റങ്ങളുണ്ടാക്കാനുള്ള പദ്ധതികളെക്കുറിച്ച് കഴിഞ്ഞ ദിവസം വെങ്ങർ സംസാരിക്കുകയുണ്ടായി. 140 കോടി ജനങ്ങളുള്ള ഇന്ത്യ ഫുട്ബോളിൽ ഇത്രയും പിന്നിലായി പോകുന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണെന്നും അതിൽ മാറ്റമുണ്ടാക്കാൻ തനിക്ക് വളരെയധികം താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനു അടിസ്ഥാനപരമായി വേണ്ട കാര്യങ്ങളെല്ലാം ഇവിടെയുണ്ടെന്നും വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ ഇന്ത്യൻ ഫുട്ബോളിനെ വളർച്ചയിലേക്ക് നയിക്കാൻ കഴിയുമെന്നും വെങ്ങർ പറയുന്നു.

ഫുട്ബോളിൽ ജപ്പാന്റെ കുതിപ്പിനെയാണ് ഇക്കാര്യത്തിൽ വേങ്ങർ ഉദാഹരണമായി പറഞ്ഞത്. 1995ൽ ജപ്പാൻ ഫുട്ബോൾ വികസിപ്പിക്കാനുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കുമ്പോൾ താനും അതിനൊപ്പം ഉണ്ടായിരുന്നുവെന്നും മൂന്നു വർഷങ്ങൾക്കകം അവർ ലോകകപ്പ് കളിച്ചുവെന്നും അദ്ദേഹം പറയുന്നു. അതുപോലെ ഇന്ത്യയിലും ഫുട്ബോൾ വളർത്താൻ കഴിയുമെന്നും അതിനു അഞ്ചു മുതൽ പതിനഞ്ചു വരെ പ്രായമുള്ള താരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫുട്ബോളിന്റെ സാങ്കേതികതയിൽ ഊന്നി അതിനെ വളർത്താനുള്ള പദ്ധതികൾ നടപ്പിലാക്കുന്നത് ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്ക് ആവേശം നൽകുന്ന ഒന്നാണ്. വെങ്ങറുടെ വാക്കുകൾ വളരെയധികം പ്രതീക്ഷ ഇന്ത്യൻ ഫുട്ബോളിന് നൽകുന്നുമുണ്ട്. ലോകകപ്പ് യോഗ്യതക്കു വേണ്ടിയുള്ള രണ്ടാം റൗണ്ടിലെ ആദ്യത്തെ മത്സരത്തിൽ വിജയം നേടിയ ഇന്ത്യ ഇന്ന് കരുത്തരായ ഖത്തറിനെയാണ് നേരിടുന്നത്. അതിൽ വിജയം നേടിയാൽ കൂടുതൽ ആത്മവിശ്വാസം ഇന്ത്യൻ ടീമിനുണ്ടാകും.

You Might Also Like