ഇത്തവണ നഷ്‌ടമായ പ്രീമിയർ ലീഗ് അടുത്ത സീസണിൽ നേടണം, ക്ലബ് റെക്കോർഡ് ട്രാൻസ്‌ഫറിനൊരുങ്ങി ആഴ്‌സണൽ

നിരവധി വർഷങ്ങൾക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്‌സണൽ ആധിപത്യം പുലർത്തിയ ഒരു സീസണായിരുന്നു ഇത്തവണത്തേത്. കിരീടം നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും അവസാന ലാപ്പിൽ കാലിടറിയ അവർക്ക് മാഞ്ചസ്റ്റർ സിറ്റിക്ക് മുന്നിൽ പ്രീമിയർ ലീഗ് കിരീടം അടിയറവ് വെക്കേണ്ടി വന്നു. സീസണിൽ ഒരു കിരീടം പോലും നേടാൻ കഴിയാതെയാണ് ആഴ്‌സണൽ സീസൺ അവസാനിപ്പിച്ചത്.

ഈ സീസണിൽ നഷ്‌ടമായ കിരീടം അടുത്ത തവണ സ്വന്തമാക്കാൻ ഉറപ്പിച്ചു തന്നെയാണ് ആഴ്‌സണൽ മുന്നോട്ടു പോകുന്നത്. സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ഒരുങ്ങുന്ന ടീം ക്ലബ് റെക്കോർഡ് തുകയുടെ ഓഫർ നൽകിയെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. വെസ്റ്റ്ഹാം യുണൈറ്റഡ് താരമായ ഡെക്ലൻ റൈസിന് വേണ്ടിയാണ് ആഴ്‌സണൽ വലിയ തുകയുടെ ഓഫർ നൽകിയിരിക്കുന്നത്.

നേരത്തെ നിക്കോളാസ് പെപ്പയെ സ്വന്തമാക്കാൻ വേണ്ടിയാണ് ആഴ്‌സണൽ ക്ലബ് റെക്കോർഡ് ട്രാൻസ്‌ഫർ നടത്തിയത്. എഴുപത്തിരണ്ട് മില്യൺ യൂറോയാണ് താരത്തിനായി 2019ൽ ആഴ്‌സണൽ മുടക്കിയത്. എന്നാൽ ഇപ്പോൾ റൈസിനായി ആഴ്‌സണൽ നൽകിയ അവസാനത്തെ ബിഡ് 90 മില്യൺ യൂറോ വരെ എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇതുവരെയും താരത്തിന്റെ കാര്യത്തിൽ വെസ്റ്റ്ഹാം തീരുമാനമൊന്നും എടുത്തിട്ടില്ല.

ഡിഫെൻസിവ് മിഡ്‌ഫീൽഡ് പൊസിഷനിൽ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി കരുതപ്പെടുന്ന കളിക്കാരനാണ് റൈസ്. എന്നാൽ താരത്തെ സ്വന്തമാക്കുക ആഴ്‌സനലിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. നിലവിൽ മറ്റു ക്ലബുകൾ താരത്തിനായി സജീവമായ ശ്രമങ്ങൾ നടത്തുന്നില്ലെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്ക് റൈസിൽ താൽപര്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

You Might Also Like