റൊണാൾഡോയുടെ അസിസ്റ്റിൽ നിന്നും അർജന്റീന താരത്തിന്റെ ഗോൾ, ജയിച്ചിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് ഭീഷണിയിൽ

യുവേഫ യൂറോപ്പ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ റയൽ സോസിഡാഡിനെതിരെ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം മാഞ്ചസ്റ്റർ യുണൈറ്റഡ് നേടിയിരുന്നു. യുവതാരം അലസാൻഡ്രോ ഗർനാച്ചോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയഗോൾ നേടിയത്. സ്‌പാനിഷ്‌ ക്ലബിന്റെ മൈതാനത്തു നടന്ന മത്സരത്തിൽ വിജയം നേടിയെങ്കിലും ഗ്രൂപ്പിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാം സ്ഥാനത്താണ്. റയൽ സോസിഡാഡിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും പതിനഞ്ചു പോയിന്റ് വീതമാണുള്ളതെങ്കിലും ഹെഡ് ടു ഹെഡ് മത്സരങ്ങളിലെ മുൻ‌തൂക്കം സ്‌പാനിഷ്‌ ക്ലബ്ബിനെ ഗ്രൂപ്പ് ജേതാക്കളാക്കി മാറ്റി.

ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്‌തതിനാൽ തന്നെ യൂറോപ്പ ലീഗിന്റെ അടുത്ത നോക്ക്ഔട്ട് ഘട്ടത്തിലേക്ക് മുന്നേറാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ ഭീഷണി നേരിടേണ്ടി വരാൻ സാധ്യതയുണ്ട്. ഗ്രൂപ്പിൽ രണ്ടാമതെത്തിയ ടീമുകൾ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായ ടീമുകൾക്കെതിരെയുള്ള പ്ലേ ഓഫിൽ വിജയിച്ചാൽ മാത്രമേ നോക്ക്ഔട്ടിലേക്ക് എത്താൻ കഴിയുകയുള്ളൂ. ബാഴ്‌സലോണ, യുവന്റസ് പോലെയുള്ള ടീമുകൾ ഇത്തവണ പ്ലേ ഓഫ് കളിക്കുമെന്നതിനാൽ അവർക്കെതിരെ മത്സരം വന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനത് തിരിച്ചടി നൽകുമെന്നുറപ്പാണ്.

മത്സരത്തിലെ വിജയത്തിനൊപ്പം അർജന്റീന താരത്തിന്റെ ഗോൾ ചർച്ചകളിൽ ഇടം പിടിക്കുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി തന്റെ ആദ്യത്തെ ഗോൾ നേടിയ താരത്തിന് അതിനു അസിസ്റ്റ് നൽകിയത് ക്രിസ്റ്റ്യാനോ റൊണാൾഡോയായിരുന്നു. വലതു വിങ്ങിലൂടെ ഓടിക്കയറിയ താരം റൊണാൾഡോയുടെ പാസ് സ്വീകരിച്ച് ഗോൾകീപ്പറെ കീഴടക്കി. അതിനു ശേഷം റൊണാൾഡോയുടെ അനുവാദത്തോടെ താരത്തിന്റെ നെഞ്ചിൽ കൈ വെച്ച് കണ്ണടച്ച് നിൽക്കുന്ന ഗോളാഘോഷം ഗർനാച്ചോ അനുകരിക്കുകയും ചെയ്‌തു.

മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി രണ്ടാമത്തെ മാത്രം മത്സരത്തിൽ ആദ്യ ഇലവനിൽ ഇടം നേടുന്ന ഗർനാച്ചോ ഈ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനമാണ് നടത്തിയത്. നിലവിൽ യൂറോപ്പ ലീഗിലാണ് താരം കളിച്ചതെങ്കിലും ഇനി പ്രീമിയർ ലീഗിലും അർജന്റീന താരത്തിന് ഇടം ലഭിക്കുമെന്നതിൽ സംശയമില്ല. ലോകകപ്പിനു മുൻപ് ബാക്കി നിൽക്കുന്ന മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തിയാൽ ലോകകപ്പ് ടീമിലേക്ക് സ്‌കലോണി താരത്തെ പരിഗണിക്കുമോയെന്നാണ് ആരാധകർ ഇപ്പോൾ ഉറ്റു നോക്കുന്നത്.

You Might Also Like