മെസിയുടെ മാന്ത്രികകിക്കുകൾ ഗോൾ പോസ്റ്റ് തടഞ്ഞു, ഒട്ടമെന്റിയുടെ തകർപ്പൻ വോളി ഗോളിൽ അർജന്റീനക്ക് ജയം

ലോകകപ്പ് യോഗ്യത മത്സരത്തിലെ ആദ്യത്തെ രണ്ടു മത്സരങ്ങളും വിജയം നേടിയ അർജന്റീന മൂന്നാമത്തെ മത്സരത്തിനിറങ്ങുമ്പോൾ ലയണൽ മെസി ആദ്യ ഇലവനിൽ ഉണ്ടായിരുന്നില്ല. പരിക്കിന്റെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന താരത്തെ മുൻകരുതലെന്ന രീതിയിലാണ് സ്‌കലോണി ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കിയത്. നിക്കോളാസ് ഓട്ടമെൻഡി ടീമിനെ നയിച്ചപ്പോൾ നിക്കോ ഗോൺസാലെസ്, ജൂലിയൻ അൽവാരസ്, ലൗറ്റാറോ മാർട്ടിനസ് എന്നിവരാണ് മുന്നേറ്റനിരയിൽ ഇറങ്ങിയത്.

മത്സരത്തിൽ മൂന്നാമത്തെ മിനുട്ടിൽ തന്നെ അർജന്റീന മുന്നിലെത്തിയിരുന്നു. റോഡ്രിഗോ ഡി പോൾ എടുത്ത കോർണർ കിക്ക് ഒരു തകർപ്പൻ വോളിയിലൂടെ നായകനായ നിക്കോളാസ് ഓട്ടമെൻഡി വലയിലേക്ക് എത്തിക്കുകയായിരുന്നു. അർജന്റീന ആധിപത്യം പുലർത്തിയ മത്സരത്തിൽ പരാഗ്വായ്ക്ക് വലിയ അവസരങ്ങളൊന്നും ലഭിച്ചില്ല. അവരെ കൃത്യമായി തടുത്തു നിർത്തുന്നതിൽ അർജന്റീന പ്രതിരോധം വിജയിക്കുകയും ചെയ്‌തു.

അതേസമയം മത്സരത്തിൽ ലയണൽ മെസി പകരക്കാരനായി ഇറങ്ങിയിരുന്നു. രണ്ടാം പകുതിയിലാണ് താരം കളിക്കളത്തിൽ ഇറങ്ങിയത്. മത്സരത്തിൽ മികച്ച പ്രകടനമാണ് താരം നടത്തിയത്. ദൗർഭാഗ്യം കൊണ്ട് രണ്ടു ഗോളുകൾ താരത്തിന് നഷ്‌ടമാവുകയും ചെയ്‌തു. എഴുപത്തിയാറാം മിനുട്ടിൽ മെസി എടുത്ത കോർണർ നേരിട്ട് ഗോളാകേണ്ടതായിരുന്നെങ്കിലും അത് ക്രോസ് ബാറിൽ തട്ടി തെറിച്ചു പോയി. അതിനു ശേഷം ഇഞ്ചുറി ടൈമിൽ ഒരു ഫ്രീകിക്കും പോസ്റ്റിലടിച്ചു പുറത്തു പോയിരുന്നു.

മത്സരത്തിൽ വിജയം നേടിയതോടെ ലോകകപ്പ് യോഗ്യതക്കുള്ള സൗത്ത് അമേരിക്കൻ ടീമുകളുടെ പോരാട്ടത്തിൽ അർജന്റീന ഒന്നാം സ്ഥാനത്താണ്. മൂന്നു മത്സരങ്ങളിൽ നിന്നും മൂന്നു വിജയത്തോടെ ഒൻപത് പോയിന്റും ടീം നേടിയെടുത്തു. അടുത്ത മത്സരത്തിൽ പെറുവാണ് അർജന്റീനയുടെ എതിരാളികൾ. പാരഗ്വായ്‌ക്കെതിരെ ആദ്യ ഇലവനിൽ ഉണ്ടാകാതിരുന്ന ലയണൽ മെസി അടുത്ത മത്സരത്തിൽ കളിക്കുമെന്നാണ് പ്രതീക്ഷ.

You Might Also Like