മെസിയിലല്ലെങ്കിലും കുഴപ്പമില്ല, ശ്വാസം മുട്ടിക്കുന്ന ലാ പാസിൽ വമ്പൻ വിജയവുമായി അർജന്റീന

ബൊളീവിയയിലെ മൈതാനമായ ലാ പാസിലേക്ക് അർജന്റീന ടീം കളിക്കാനായി പോകുമ്പോൾ ആരാധകർക്കെല്ലാം വലിയ ആശങ്കയായിരുന്നു. സമുദ്രനിരപ്പിൽ നിന്നും ഒരുപാട് ഉയരത്തിലുള്ള സ്റ്റേഡിയത്തിൽ കളിക്കുമ്പോൾ താരങ്ങൾക്ക് ശ്വാസം മുട്ടുന്നതിനാൽ അർജന്റീന പരാജയം ഏറ്റുവാങ്ങേണ്ടി വരുമോയെന്ന ആശങ്ക ആരാധകർക്ക് ഉണ്ടായിരുന്നു. എന്നാൽ അതിനെയെല്ലാം കാറ്റിൽപ്പറത്തി മികച്ച വിജയമാണ് അർജന്റീന ബൊളീവിയക്കെതിരെ സ്വന്തമാക്കിയത്.

എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം ലയണൽ മെസി കളിക്കാതിരുന്ന മത്സരത്തിൽ ടീമിന്റെ നായകനായി ഇറങ്ങിയ ഏഞ്ചൽ ഡി മരിയ രണ്ട് അസിസ്റ്റുമായി തിളങ്ങിയപ്പോൾ എൻസോ ഫെർണാണ്ടസ്, നിക്കോളാസ് ടാഗ്ലൈയാഫിക്കോ, നിക്കോളാസ് ഗോൺസാലസ് എന്നിവരാണ് അർജന്റീന ടീമിനായി ഗോളുകൾ നേടിയത്. ആദ്യപകുതിയിൽ തന്നെ അർജന്റീന രണ്ടു ഗോളിന് മുന്നിലായിരുന്നു.

മത്സരത്തിന്റെ മുപ്പത്തിയൊന്നാം മിനുട്ടിലാണ് ആദ്യത്തെ ഗോൾ പിറക്കുന്നത്. അർജന്റീനയുടെ മികച്ചൊരു മുന്നേറ്റത്തിന് ശേഷം ഏഞ്ചൽ ഡി മരിയ നൽകിയ ക്രോസ് എൻസോ ഫെര്ണാണ്ടസിന് വലയിലെത്തിക്കേണ്ട ഉത്തരവാദിത്വമേ ഉണ്ടായിരുന്നുള്ളൂ. അതിനു ശേഷം ബൊളീവിയൻ താരമായ ഫെർണാണ്ടസ് ചുവപ്പുകാർഡ് നേടി പുറത്തു പോയത് അർജന്റീനയെ ഒന്നുകൂടി അനായാസമായി കളിക്കാൻ സഹായിച്ചു.

ആദ്യപകുതിക്ക് മുൻപ് ഏഞ്ചൽ ഡി മരിയ നൽകിയ ക്രോസിൽ നിന്നും ടാഗ്ലിയാഫിക്കോ ഹെഡറിലൂടെ അർജന്റീനയുടെ ലീഡുയർത്തി. അതിനു ശേഷം മൂന്നാമത്തെ ഗോൾ വരുന്നത് എൺപത്തിമൂന്നാം മിനുട്ടിലാണ്. പലാസിയോസ് നീട്ടിയ പന്ത് മികച്ച രീതിയിൽ വലയിലെത്തിച്ച് നിക്കോ ഗോൺസാലസ് അർജന്റീനയുടെ വിജയമുറപ്പിച്ചു. തുടർച്ചയായ രണ്ടാമത്തെ മത്സരമാണ് അർജന്റീന ലാ പാസിൽ വിജയം നേടുന്നത്.

You Might Also Like