ഒളിമ്പിക്‌സ് ടീമിനൊപ്പം മെസിയും ഡി മരിയയും വേണം, പ്രത്യേക നിയമം അർജന്റീന ഉപയോഗിച്ചേക്കും

ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും ചേർന്ന് അർജന്റീനക്കായി ആദ്യത്തെ നേട്ടം സ്വന്തമാക്കുന്നത് 2008ലാണ്. ഒളിമ്പിക്‌സിൽ സ്വർണ്ണമെഡലാണ് രണ്ടു താരങ്ങളും ചേർന്ന് നേടിയത്. അതിനുശേഷം അർജന്റീന ടീമിന്റെ ഉയർച്ചകളിലും താഴ്‌ചകളിലുമെല്ലാം ഒരുമിച്ചു നിന്ന ഈ താരങ്ങൾ കരിയറിന്റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ ഇനി നേടാനൊന്നും ബാക്കിയില്ല. ഫുട്ബോളിലെ തന്നെ ഏറ്റവും മികച്ചൊരു കൂട്ടുകെട്ടായി അവർ മാറിയിട്ടുണ്ട്.

ഒരു ഒളിമ്പിക്‌സ് നേട്ടത്തിലൂടെ ഒരുമിച്ച് തുടക്കം കുറിച്ച ഇരുവർക്കും ഒരു ഒളിമ്പിക്‌സ് നേട്ടത്തിലൂടെ തന്നെ അതിനു അവസാനം കുറിക്കാനുള്ള അവസരമാണ് ഇപ്പോൾ വന്നിരിക്കുന്നത്. 2024 ഒളിമ്പിക്‌സിൽ അർജന്റീന ടീമിനു വേണ്ടി രണ്ടു താരങ്ങളും കളിക്കണമെന്നാണ് അർജന്റീന യൂത്ത് ടീമിന്റെ പരിശീലകനായ ഹാവിയർ മഷറാനോ ആഗ്രഹിക്കുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്‌തു.

ഒളിമ്പിക്‌സിന് അർജന്റീന യോഗ്യത നേടുകയാണെങ്കിൽ മെസി, ഡി മരിയ തുടങ്ങിയ താരങ്ങളും ടീമിനൊപ്പമുണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് മഷറാനോ പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ അവസാനത്തെ തീരുമാനം എടുക്കേണ്ടത് ഈ താരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇരുവരെയും അതിനു സമ്മതിപ്പിക്കാൻ നിരവധി വർഷങ്ങൾ അവർക്കൊപ്പം കളിച്ച മഷറാനോക്ക് കഴിയുമെന്നതിൽ സംശയമില്ല.

അടുത്ത വർഷം നടക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിന് ശേഷം ഈ രണ്ടു താരങ്ങളും ദേശീയ ടീമിൽ നിന്നും വിടപറയാനുള്ള സാധ്യത നിലനിൽക്കെയാണ് അവരെ ഒളിമ്പിക്‌സിൽ പങ്കെടുപ്പിക്കാൻ നീക്കം നടക്കുന്നത്. അണ്ടർ 23 താരങ്ങളാണ് ഒളിമ്പിക്‌സ് കളിക്കുകയെങ്കിലും അതിനേക്കാൾ പ്രായം കൂടിയ മൂന്നു താരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ കഴിയുമെന്ന നിയമം ഉപയോഗിക്കാനാണ് അർജന്റീന ഒരുങ്ങുന്നത്.

അടുത്ത വർഷത്തെ ഒളിമ്പിക്‌സ് ടൂർണമെന്റ് പാരീസിൽ വെച്ചാണ് നടക്കുന്നത്. ഫ്രഞ്ച് ടീമിനൊപ്പം ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ തനിക്ക് താൽപര്യമുണ്ടെന്ന് എംബാപ്പെ അറിയിച്ചിരുന്നു. അങ്ങിനെയാണെങ്കിൽ ഒരിക്കൽക്കൂടി മെസിയും എംബാപ്പയും നേർക്കുനേർ വരാനുള്ള സാധ്യതയുണ്ട്.

You Might Also Like