അടുത്ത ലോകകപ്പ് ലക്ഷ്യമിട്ട് അർജന്റീന നാളെ കളിക്കളത്തിൽ, സ്‌കലോണിക്ക് മുന്നിൽ വലിയൊരു പ്രതിസന്ധി

ഖത്തർ ലോകകപ്പിൽ കിരീടം സ്വന്തമാക്കിയ അർജന്റീന അതിനു ശേഷമുള്ള ആദ്യത്തെ പ്രധാന പോരാട്ടത്തിനായി നാളെ കളിക്കളത്തിൽ. സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇക്വഡോറിനെയാണ് അർജന്റീന നാളെ നേരിടുന്നത്. കഴിഞ്ഞ ലോകകപ്പിന് ഒരു മത്സരം പോലും തോൽക്കാതെ യോഗ്യത നേടിയ അർജന്റീന ഇത്തവണയും അതു തന്നെയാണ് ലക്ഷ്യമിടുന്നത്. സ്‌കലോണിയുടെ തന്ത്രങ്ങൾക്ക് കീഴിൽ അതിനു കഴിയുമെന്ന ഉറച്ച പ്രതീക്ഷ ആരാധകർക്കുമുണ്ട്.

അതേസമയം മത്സരത്തിനായി ഒരുങ്ങുമ്പോൾ ലയണൽ സ്‌കലോണിക്ക് മുന്നിൽ ചെറിയൊരു പ്രതിസന്ധി ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മത്സരത്തിന്റെ ആദ്യ ഇലവനിൽ സ്‌ട്രൈക്കറായി ആരെ ഇറക്കുമെന്നതാണ് അർജന്റീന പരിശീലകൻ അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളി. ലൗടാരോ മാർട്ടിനസ്, ജൂലിയൻ അൽവാരസ് എന്നിവർ ടീമിന്റെ പ്രധാന സ്‌ട്രൈക്കർമാരായി ഉണ്ടെങ്കിലും ഇവരിൽ ആരെ കളത്തിലിറക്കണമെന്ന് സ്‌കലോണി ഇതുവരെ തീരുമാനം എടുത്തിട്ടില്ല.

ഖത്തർ ലോകകപ്പിൽ ലൗടാരോ മാർട്ടിനസ് നിറം മങ്ങിയപ്പോൾ മികച്ച പ്രകടനം നടത്തി കിരീടം സ്വന്തമാക്കാൻ ടീമിനെ സഹായിക്കാൻ അൽവാരസിനു കഴിഞ്ഞിരുന്നു. ഈ സീസണിലും താരം മിന്നുന്ന പ്രകടനം നടത്തുന്നു. അതേസമയം ലോകകപ്പിനു ശേഷം ലൗറ്റാരോ മാർട്ടിനസിന്റെ ഫോം അതിശയിപ്പിക്കുന്ന രീതിയിലാണ്. ഇന്റർ മിലാനെ ചാമ്പ്യൻസ് ലീഗ് ഫൈനൽ വരെയെത്തിക്കാൻ ലൗടാരോക്ക് കഴിഞ്ഞിരുന്നു. മെസി കഴിഞ്ഞാൽ സ്‌കലോണിയുടെ അർജന്റീന ടീമിൽ ഏറ്റവുമധികം ഗോൾ നേടിയ താരം കൂടിയാണ് ലൗടാരോ.

ലൗടാരോ മാർട്ടിനസിനോടാണ് സ്‌കലോണിക്ക് കൂടുതൽ ആഭിമുഖ്യമെന്നതിനാൽ താരത്തെ അദ്ദേഹം പരിഗണിക്കുമെന്നാണ് സൂചനകൾ. സെപ്‌തംബർ എട്ട്, വെള്ളിയാഴ്‌ച പുലർച്ചെ അഞ്ചരക്കാണ് ഇന്ത്യയിൽ മത്സരം നടക്കുക. മത്സരത്തിന്റെ ടെലികാസ്റ്റ് ലഭ്യമാകില്ല. അർജന്റീന മികച്ച ഫോമിലാണെങ്കിലും നിരവധി മികച്ച താരങ്ങളുള്ള ഇക്വഡോർ അവർക്ക് വെല്ലുവിളി ഉയർത്താനുള്ള സാധ്യത കൂടുതലാണ്.

You Might Also Like