ഒളിമ്പിക്‌സിന് അർജന്റീനയോ ബ്രസീലോ ഉണ്ടാകില്ല, വിധി നിർണയിക്കാനുള്ള പോരാട്ടത്തിൽ ഇരുവരും മുഖാമുഖം

ലാറ്റിനമേരിക്കയിൽ നിന്നും ഒളിമ്പിക്‌സ് യോഗ്യതക്ക് വേണ്ടിയുള്ള മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇനി ഒരു റൌണ്ട് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ ഫോട്ടോഫിനിഷിംഗിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. സൗത്ത് അമേരിക്കയിലെ ഏറ്റവും കരുത്തരായ ടീമുകളായി വിലയിരുത്തപ്പെടുന്ന അർജന്റീന, ബ്രസീൽ എന്നീ ടീമുകളിലൊന്ന് ഒളിമ്പിക്‌സിന് യോഗ്യത നേടില്ലെന്നുറപ്പായിട്ടുണ്ട്.

യോഗ്യതക്ക് വേണ്ടിയുള്ള ഫൈനൽ സ്റ്റേജ് ഗ്രൂപ്പിൽ നാല് ടീമുകൾ രണ്ടു വീതം മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ നാല് പോയിന്റുമായി പാരഗ്വായും മൂന്നു പോയിന്റുമായി ബ്രസീലും ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്നു. രണ്ടു പോയിന്റുള്ള അർജന്റീന മൂന്നാം സ്ഥാനത്തും ഒരു പോയിന്റ് മാത്രം നേടിയ വെനസ്വല നാലാം സ്ഥാനത്തുമാണ്.

അവസാനത്തെ റൗണ്ടിൽ ബ്രസീൽ അർജന്റീനയെയും പാരഗ്വായ് വെനസ്വലയെയും നേരിടും. ബ്രസീലിനോട് തോൽവി വഴങ്ങിയാലും സമനില വഴങ്ങിയാലും അർജന്റീന ഒളിമ്പിക്‌സ് യോഗ്യത നേടാതെ പുറത്താകും. ബ്രസീലിനെ സംബന്ധിച്ച് വിജയവും സമനിലയും യോഗ്യത നേടാനുള്ള അവസരമൊരുക്കും. എന്നാൽ സമനില നേടിയാൽ അതിനു പാരഗ്വായ്-വെനസ്വല മത്സരത്തിന്റെ ഫലവും മുന്നേറുന്നതിൽ നിർണായകമായിരിക്കും.

അടുത്ത മത്സരത്തിൽ സമനില നേടിയാൽ ബ്രസീലിനു നാല് പോയിന്റും അർജന്റീനക്ക് മൂന്നു പോയിന്റുമാകും. പാരഗ്വായ്-വെനസ്വല മത്സരത്തിൽ പാരഗ്വായ് വിജയം നേടുകയോ, മത്സരം സമനിലയിൽ അവസാനിക്കുകയോ ചെയ്‌താൽ പാരഗ്വായ് ഒന്നാം സ്ഥാനക്കാരായും ബ്രസീൽ രണ്ടാം സ്ഥാനക്കാരായും മുന്നേറും. അതേസമയം വെനസ്വല വിജയിച്ചാൽ ബ്രസീലിനും വെനസ്വലക്കും ഒരേ പോയിന്റാകുമെന്നതിനാൽ ഗോൾ വ്യത്യാസം പരിഗണിക്കപ്പെടും.

ബ്രസീലിനു വിജയവും സമനിലയും സാധ്യത നൽകുമ്പോൾ അർജന്റീനക്ക് മുന്നേറാൻ വിജയം കൂടിയേ തീരൂ. അതല്ലെങ്കിൽ അവർ ബ്രസീലിനു പിന്നിലാകും പോയിന്റ് ടേബിളിൽ ഉണ്ടാവുക. അതുകൊണ്ടു തന്നെ മികച്ചൊരു പോരാട്ടം അവസാന മത്സരത്തിൽ പ്രതീക്ഷിക്കാം. എല്ലാ ടീമുകൾക്കും മുന്നേറാൻ അവസരമുണ്ടെന്നതാണ് അവസാന റൗണ്ടിനെ ആവേശകരമാക്കുന്നത്.

You Might Also Like