നാല് വർഷത്തിൽ ഒരു തോൽവി മാത്രം, അത്ഭുതപ്പെടുത്തുന്ന പ്രകടനവുമായി സ്‌കലോണിയുടെ അർജന്റീന

ലയണൽ സ്‌കലോണി പരിശീലകനായതിനു ശേഷം അർജന്റീന ടീമിനുണ്ടായ മാറ്റങ്ങൾ ചെറുതല്ല. വിവിധ ലീഗുകളിലും ക്ലബുകളിലും കളിക്കുന്ന നിരവധി താരങ്ങളെ ദേശീയ ടീമിൽ പരീക്ഷിച്ച് സാവധാനത്തിൽ തുടങ്ങിയ അദ്ദേഹം ടീമിനെ മെല്ലെ മെല്ലെ പടുത്തുയർത്തുകയായിരുന്നു. മികച്ചൊരു ടീമിനെ തയ്യാറാക്കി എടുത്ത സ്‌കലോണി കഴിഞ്ഞ രണ്ടര വർഷത്തിൽ സാധ്യമായ മൂന്നു കിരീടങ്ങളും അർജന്റീനക്ക് നേടിക്കൊടുത്തു. കോപ്പ അമേരിക്ക, ഫൈനലിസമോ, ലോകകപ്പ് എന്നിവയാണ് മൂന്നു കിരീടങ്ങൾ.

ലയണൽ സ്‌കലോണിയുടെ കീഴിൽ അത്ഭുതകരമായ പ്രകടനമാണ് അർജന്റീന നടത്തുന്നത് എന്നതിൽ സംശയമില്ല. 2018 ലോകകപ്പിന് ശേഷം ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയ ടീമാണ് അർജന്റീന. എന്നാലിപ്പോൾ ലോകഫുട്ബോളിലെ ഏതൊരു വമ്പൻ ടീമും അർജന്റീനക്കെതിരെ കളിക്കുമ്പോൾ ഒന്ന് പതറും. ആരെയും കീഴടക്കാൻ കഴിയുമെന്ന പൂർണമായ ആത്മവിശ്വാസത്തോടെ ഇറങ്ങാനും അത് കളിക്കളത്തിൽ പ്രാവർത്തികമാക്കാനും അർജന്റീനക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല.

സ്‌കലോണിയുടെ കീഴിൽ അർജന്റീനക്ക് സംഭവിച്ച മാറ്റത്തിന്റെ യഥാർത്ഥ രൂപം അറിയണമെങ്കിൽ കഴിഞ്ഞ നാല് വർഷത്തെ പ്രകടനം എടുത്തു നോക്കിയാൽ മതി. 2019 ജൂലൈയിൽ നടന്ന കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോട് തോൽവി വഴങ്ങിയ അർജന്റീന അതിനു ശേഷം അൻപത് മത്സരങ്ങളാണ് കളിച്ചത്. ഈ അൻപത് മത്സരങ്ങളിൽ കഴിഞ്ഞ ലോകകപ്പിൽ സൗദിയോട് മാത്രമാണ് അർജന്റീന തോൽവി വഴങ്ങിയത്. ഒരു മത്സരം പോലും തോൽക്കാതെ അർജന്റീന മൂന്നു വർഷത്തിലധികം കളിച്ചുവെന്നതും ശ്രദ്ധേയമാണ്.

ഖത്തർ ലോകകപ്പിന് ശേഷം കൂടുതൽ ആത്മവിശ്വാസം അർജന്റീനക്ക് വന്നിട്ടുണ്ടെന്ന് ഇപ്പോഴത്തെ അവരുടെ പ്രകടനവും തെളിയിക്കുന്നു. ഖത്തർ ലോകകപ്പിന് ശേഷം അർജന്റീന ഏഴു മത്സരങ്ങളാണ് കളിച്ചത്. ഇതിൽ ഏഴെണ്ണത്തിലും വിജയിച്ചു എന്നതിന് പുറമെ ഒരു ഗോൾ പോലും സ്‌കലോണിപ്പട വഴങ്ങിയിട്ടില്ല. അർജന്റീന ടീം ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കുതിപ്പാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാണ്. ഇതേ ഫോമിൽ കളിച്ചാൽ വരുന്ന കോപ്പ അമേരിക്കയും അർജന്റീനക്ക് സ്വന്തമാക്കാൻ കഴിയും.

You Might Also Like