ബ്രസീലിനു വലിയ വീഴ്‌ച സംഭവിച്ചപ്പോൾ അർജന്റീന തന്നെ തലപ്പത്ത്, പോർച്ചുഗലും വീണു

പുതുക്കിയ ഫിഫ റാങ്കിങ് നിലവിൽ വന്നപ്പോൾ ലോകകപ്പിനു മുൻപ് ഒന്നാം സ്ഥാനത്തു നിന്നിരുന്ന ബ്രസീലിനു വമ്പൻ വീഴ്‌ച. കഴിഞ്ഞ ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തു നിന്നിരുന്ന ബ്രസീൽ രണ്ടു സ്ഥാനങ്ങൾ ഇടിഞ്ഞ് അഞ്ചാം സ്ഥാനത്താണ് ഇപ്പോൾ നിൽക്കുന്നത്. കഴിഞ്ഞ നാല് ലോകകപ്പ് യോഗ്യത മത്സരത്തിലും വിജയം നേടാൻ കഴിയാതിരുന്നതാണ് ബ്രസീലിനു തിരിച്ചടി നൽകിയത്. അതിൽ മൂന്നെണ്ണത്തിലും അവർ തോൽവിയും വഴങ്ങി.

ലോകകപ്പിന് ശേഷം ഒന്നാം സ്ഥാനത്തേക്ക് കയറിയ അർജന്റീന തന്നെയാണ് തലപ്പത്തു നിൽക്കുന്നത്. യുറുഗ്വായ്‌ക്കെതിരെ വഴങ്ങിയ തോൽവി അവരെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ല. ഫ്രാൻസ് രണ്ടാം സ്ഥാനത്ത് തന്നെ തുടരുമ്പോൾ ബ്രസീലിന്റെ വീഴ്‌ച ഇംഗ്ലണ്ട്, ബെൽജിയം എന്നീ ടീമുകൾക്കാണ് ഗുണം ചെയ്‌തത്‌. രണ്ടു ടീമുകളും ഒരു സ്ഥാനം മുകളിലേക്ക് കയറി ബ്രസീലിനു മുന്നിലായി മൂന്നും നാലും സ്ഥാനങ്ങളിൽ നിൽക്കുകയാണ്.

ടോപ് ടെന്നിൽ പോർച്ചുഗൽ ഒരു സ്ഥാനം പുറകോട്ടു പോയി ഏഴാം സ്ഥാനത്ത് എത്തിയതാണ് അവിശ്വസനീയമായ കാര്യം. ലോകകപ്പിലെ തോൽവിക്ക് ശേഷം നടന്ന എല്ലാ മത്സരങ്ങളിലും വിജയിച്ച അവർ യൂറോ യോഗ്യത റൗണ്ടിൽ മിന്നുന്ന പ്രകടനമാണ് നടത്തിയത്. ദുർബലരായ എതിരാളികൾക്കെതിരെയാണ് മത്സരം എന്നതാവാം അവർ പുറകോട്ടു പോവാൻ കാരണമായത്. ഹോളണ്ട് ആറാം സ്ഥാനത്തു നിൽക്കുന്ന ലിസ്റ്റിൽ സ്പെയിൻ, ഇറ്റലി ക്രൊയേഷ്യ എന്നിവർ എട്ടു മുതൽ പത്ത് വരെയുള്ള സ്ഥാനങ്ങളിൽ നിൽക്കുന്നു.

അതേസമയം കുവൈറ്റിനെതിരായ മത്സരത്തിൽ വിജയം നേടുകയും ഖത്തറിനെതിരെ തോൽക്കുകയും ചെയ്‌ത ഇന്ത്യയുടെ റാങ്കിങ്ങിൽ മാറ്റമൊന്നും ഉണ്ടായിട്ടില്ല. നിലവിൽ 102ആം സ്ഥാനത്താണ് ഇന്ത്യ നിൽക്കുന്നത്. ഏഷ്യൻ റാങ്കിങ്ങിൽ കരുത്തരായ ജപ്പാൻ ഒന്നാം സ്ഥാനത്തു നിൽക്കുന്നു. ലോകറാങ്കിങ്ങിൽ അവർ പതിനേഴാം സ്ഥാനത്താണുള്ളത്. ഇറാൻ, സൗത്ത് കൊറിയ, ഓസ്‌ട്രേലിയ, സൗദി അറേബ്യ എന്നിവരാണ് ഏഷ്യൻ റാങ്കിങ്ങിൽ രണ്ടു മുതൽ അഞ്ചു വരെയുള്ള സ്ഥാനങ്ങളിൽ.

You Might Also Like