അർജന്റീന ഗോൾകീപ്പറുടെ ട്രാൻസ്‌ഫർ പൂർത്തിയാകുന്നു, ഇനി പുതിയ ക്ലബിൽ കളിക്കും

ഖത്തർ ലോകകപ്പിനു ശേഷം അർജന്റീന ടീമിലെ നിരവധി താരങ്ങളെ റാഞ്ചാൻ പല ക്ലബുകളും രംഗത്തു വന്നിട്ടുണ്ട്. മധ്യനിര താരങ്ങളായ എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മാക് അലിസ്റ്റർ എന്നിവർക്കാണ് പ്രധാനമായും ക്ലബുകൾ രംഗത്തു വന്നത്. അതിനു പുറമെ എമിലിയാനോ മാർട്ടിനസുമായി ബന്ധപ്പെട്ടും ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ അവരെയെല്ലാം കടത്തിവെട്ടി മറ്റൊരു അർജന്റീന താരം ട്രാൻസ്‌ഫർ പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്.

അർജന്റീനയുടെ ലോകകപ്പ് ടീമിലെ ഗോൾകീപ്പർമാരിൽ ഒരാളായിരുന്ന ജെറോണിമോ റുള്ളിയാണ് പുതിയ ക്ലബ്ബിലേക്ക് ചേക്കേറുന്നതിന്റെ തൊട്ടരികിൽ നിൽക്കുന്നത്. സ്‌പാനിഷ്‌ ക്ലബായ വിയ്യാറയലിന്റെ താരമായിരുന്നു റുള്ളി. സ്പെയിനിൽ നിന്നും ഹോളണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ക്ലബുകളിൽ ഒന്നായ അയാക്‌സിലേക്കാണ് റുള്ളി ചേക്കേറാൻ ഒരുങ്ങുന്നത്. പത്തു മില്യൺ ട്രാൻസ്‌ഫർ ഫീസും ആഡ് ഓണുകളും അടങ്ങുന്നതാണ് കരാറെന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ടു ചെയ്യുന്നു.

എമിലിയാനോ മാർട്ടിനസിന്റെ വരവോടെ അർജന്റീന ടീമിലെ മറ്റു ഗോൾകീപ്പർമാരെല്ലാം നിഷ്പ്രഭരായി പോയതിനാൽ ഖത്തർ ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും റുള്ളി ഇറങ്ങിയിരുന്നില്ല. അർജന്റീനക്കായി നാല് മത്സരങ്ങളിൽ മാത്രമേ ഇതുവരെ വല കാക്കാൻ മുപ്പതുകാരനായ താരത്തിന് കഴിഞ്ഞുള്ളു. എങ്കിലും ഖത്തർ ലോകകപ്പിനുള്ള ടീമിന്റെ ഭാഗമായതിനാൽ കിരീടനേട്ടത്തിൽ പങ്കാളിയാകാൻ താരത്തിന് കഴിഞ്ഞു.

അയാക്‌സിലേക്ക് ചേക്കേറുന്ന കാര്യം കഴിഞ്ഞ ദിവസം റുള്ളി തന്നെ സ്ഥിരീകരിച്ചിരുന്നു. വളരെ പെട്ടന്നു വന്ന ചർച്ചകളുടെ ഭാഗമായാണ് ഈ ട്രാൻസ്‌ഫറെന്നും വിയ്യാറയലിനോട് വളരെയധികം കടപ്പാടുണ്ടെന്നും താരം പറഞ്ഞു. റുള്ളി ടീം വിട്ടതോടെ വെറ്ററൻ താരമായ പെപ്പെ റെയ്‌ന സ്‌പാനിഷ്‌ ടീമിന്റെ വല കാക്കും. ജനുവരിയിൽ അവർ പുതിയ ടീമിനെ സ്വന്തമാക്കാനുള്ള സാധ്യതയുമുണ്ട്.

2020ലാണ് റുള്ളി വിയ്യാറയലിലേക്ക് ചേക്കേറുന്നത്. അതിനു ശേഷം എൺപതിലധികം മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുള്ള താരം 79 ഗോളുകളോളം വഴങ്ങിയിട്ടുമുണ്ട്. വിയ്യാറയലിൻറെ ചരിത്രത്തിലെ പ്രധാന കിരീടമായ യൂറോപ്പ ലീഗ് നേടുമ്പോൾ ഗോൾ വല കാത്തിരുന്ന താരം ഷൂട്ടൗട്ടിൽ ഒരു പെനാൽറ്റി തടയുകയും ചെയ്‌തിരുന്നു. അതുകൊണ്ടു തന്നെ വിയ്യാറയൽ ആരാധകർ എന്നും ഓർമ്മിക്കുന്ന പേരായിരിക്കും റുള്ളിയുടേത്.

You Might Also Like