ആരാധാകാരോട് ചെയ്‌തതിനു ഇരട്ടിയായി തിരിച്ചു നൽകി അർജന്റീന, മാരക്കാനയിൽ ബ്രസീൽ വീണ്ടും വീണു

കോപ്പ അമേരിക്ക ഫൈനലിനു ശേഷം മാരക്കാന സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് യോഗ്യത മത്സരത്തിൽ ബ്രസീലിനെ വീഴ്ത്തി അർജന്റീന. അൽപ്പസമയം മുൻപ് പൂർത്തിയായ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് അർജന്റീന സ്വന്തമാക്കിയത്. രണ്ടാം പകുതിയിൽ ഒട്ടമെന്റി അർജന്റീനയുടെ ഒരേയൊരു ഗോൾ നേടിയപ്പോൾ തുടർച്ചയായ മൂന്നാമത്തെ ലോകകപ്പ് യോഗ്യത മത്സരത്തിലും ബ്രസീലിനു തോൽവി വഴങ്ങേണ്ടി വന്നു.

ബ്രസീലിയൻ പോലീസ് അർജന്റീന ആരാധകരെ അകാരണമായി ആക്രമിച്ചതിനെ തുടർന്നുണ്ടായ സംഘർഷം കാരണം മത്സരം അനിശ്ചിതത്വത്തിലായിരുന്നു. തങ്ങളുടെ ആരാധകരെ ആക്രമിച്ചതിൽ പ്രതിഷേധവുമായി അർജന്റീന ടീം ലോക്കർ റൂമിലേക്ക് മടങ്ങിയതിനെ തുടർന്ന് മത്സരം റദ്ദാക്കുമെന്ന് സംശയമുണ്ടായിരുന്നു. എന്നാൽ രംഗം ശാന്തമായതോടെ അർജന്റീന ടീം തിരിച്ചു വരികയും അര മണിക്കൂർ വൈകി മത്സരം വീണ്ടും ആരംഭിക്കുകയുമായിരുന്നു.

മത്സരത്തിന്റെ ആദ്യപകുതി തീർത്തും കായികപരമായിരുന്നു. ബ്രസീൽ കടുത്ത ഫൗളുകൾ പുറത്തെടുത്ത് പ്രതിരോധത്തിലേക്ക് വലിഞ്ഞു കളിച്ചതിനാൽ അർജന്റീനക്ക് അവസരങ്ങൾ കുറവായിരുന്നു. റാഫിന്യ ആദ്യപകുതിയിൽ ചുവപ്പുകാർഡ് നേടാതിരുന്നത് ഭാഗ്യം കൊണ്ടു മാത്രമാണ്. മാർട്ടിനെല്ലിയുടെ ഒരു തകർപ്പൻ ഷോട്ട് റോമെറോ രക്ഷപ്പെടുത്തിയത് അർജന്റീനക്കും ആശ്വാസമായി. അർജന്റീനക്ക് അനുകൂലമായി ലഭിക്കേണ്ട ഒരു പെനാൽറ്റിയും നൽകിയില്ല.

രണ്ടാം പകുതിയിൽ മാർട്ടിനെല്ലിക്ക് ബ്രസീലിനെ മുന്നിലെത്തിക്കാൻ അവസരം ഉണ്ടായിരുന്നെങ്കിലും എമിലിയാനോ ടീമിന്റെ രക്ഷകനായി. അതിനു പിന്നാലെ ഓട്ടമെന്റി മികച്ചൊരു ഹെഡറിലൂടെ അർജന്റീനക്കു വേണ്ടി ഗോൾ നേടി. അതിനു പിന്നാലെ പകരക്കാരനായി ഇറങ്ങിയ ജോലിന്റൻ ചുവപ്പുകാർഡ് വാങ്ങി പുറത്തു പോയതോടെ ബ്രസീലിന്റെ പ്രതീക്ഷകൾ തകർന്നു. റോഡ്രിഗോ ഡി പോളിനെ ഫൗൾ ചെയ്‌തതിനാണ് റഫറി ചുവപ്പുകാർഡ് നൽകിയത്.

ഇതോടെ തുടർച്ചയായ നാലാമത്തെ യോഗ്യത മത്സരത്തിലാണ് ബ്രസീൽ വിജയം കൈവിടുന്നത്. അർജന്റീനയോട് തോറ്റതോടെ യോഗ്യത റൗണ്ടിൽ ആറാം സ്ഥാനത്താണ് ബ്രസീൽ നിൽക്കുന്നത്. അർജന്റീന പതിനഞ്ചു പോയിന്റുമായി ഒന്നാമത് നിൽക്കുമ്പോൾ യുറുഗ്വായ് പതിമൂന്നു പോയിന്റുമായി രണ്ടാമത് നിൽക്കുന്നു.

You Might Also Like